കാസർകോട്: കേസിൽപ്പെട്ട വാഹനങ്ങൾ സൂക്ഷിക്കാൻ ആറ് മാസത്തേക്ക് പൊലീസിന് വിട്ടുകൊടുത്ത വാഹനശ്മശാനം മൂന്നുവർഷം പിന്നിട്ടപ്പോൾ രണ്ടേക്കറിലേക്ക് വ്യാപിച്ചു. 2014ലാണ് പൊലീസ് വിവിധ കേസുകളുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ ചട്ടഞ്ചാലിലെ റവന്യൂ വകുപ്പിെൻറ സ്ഥലത്ത് കൂട്ടിയിടാൻ തുടങ്ങിയത്. ഇതിനായി 40 സെൻറ് ഭൂമി ആറുമാസത്തേക്ക് താൽക്കാലിക വ്യവസ്ഥയിലാണ് തെക്കിൽ വില്ലേജ് ഒാഫിസിൽനിന്ന് വിട്ടുകൊടുത്തത്. എന്നാൽ, മൂന്ന് വർഷം കഴിഞ്ഞിട്ടും ഭൂമി തിരികെ വിട്ടുകൊടുത്തില്ല. ഇപ്പോൾ രണ്ടേക്കറിലധികം ഭൂമി വാഹനങ്ങളുടെ ശ്മശാനമാക്കി മാറ്റിയിരിക്കുകയാണ് പൊലീസ് അധികൃതർ. ബേക്കൽ, വിദ്യാനഗർ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ട, വാഹനാപകടം, മണൽകടത്ത്, കഞ്ചാവ്, പുകയില, മദ്യം കടത്ത് തുടങ്ങിയ കേസുകളിൽപ്പെട്ട വാഹനങ്ങളും രേഖകളില്ലാതെ പിടിക്കപ്പെട്ടവയും ഇവിടെ കൊണ്ടുവന്ന് തള്ളുകയാണ് ചെയ്യുന്നത്. തുരുെമ്പടുത്ത് ഉപയോഗിക്കാനാവാത്തവിധം നശിച്ച നിലയിലാണിവ. സർക്കാറിലേക്ക് കണ്ടുകെട്ടി ലേലം ചെയ്ത് വിറ്റിരുന്നെങ്കിൽ പൊതുഖജനാവിലേക്ക് കോടികളുടെ വരുമാനം ലഭിക്കുമായിരുന്ന സ്വത്തുക്കളാണ് ആർക്കും ഉപകരിക്കാതെ നശിക്കുന്നത്. കാടുമൂടിയ വാഹനക്കൂട്ടം സാമൂഹിക വിരുദ്ധരുടെയും വിഷപ്പാമ്പുകളുടെയും കുറുക്കൻ, കീരി, മുള്ളൻപന്നി തുടങ്ങിയ മൃഗങ്ങളുടെയും താവളമാണ്. രണ്ട് തവണ ഇവിടെ തീപിടിത്തമുണ്ടായി. നിരവധി വാഹനങ്ങൾ കത്തിനശിച്ചു. വിഷപ്പുകയും കരിയും നാടാകെ മൂടി നാട്ടുകാർ പൊറുതിമുട്ടി. ഇതേത്തുടർന്ന് ആക്ഷൻ കമ്മിറ്റി രംഗത്തിറങ്ങി നാടിന് ശാപമായ വാഹനശ്മശാനം ഇവിടെ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റ് ധർണ ഉൾപ്പെടെ നിരവധി സമരങ്ങൾ നടത്തി. മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി എന്നിവർക്ക് നിരവധി തവണ നിവേദനങ്ങൾ നൽകി. എന്നാൽ, അനുകൂല നടപടിയുണ്ടായില്ല. ഒടുവിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയായി മാറിയിട്ടും അധികൃതർ അനങ്ങാൻ തയാറാവാത്തത് നാട്ടുകാരെ ആശങ്കയിലാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.