പിണറായിയോട് അപരൻ; നിങ്ങളാണ് ഇത് തുടങ്ങിയത്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടം മണ്ഡലത്തിലുമുണ്ട് ഒരു അപരൻ. വിജയൻ എ.എം, s/o കുഞ്ഞിരാമൻ എന്നാണ് പേര്. ചിഹ്നം ഗ്രാമഫോൺ. കഴിഞ്ഞതവണ അരലക്ഷത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച പിണറായിക്കെതിരെ എന്തിനാണ് മത്സരമെന്ന് ചോദിച്ചാൽ ‘ഈ പണി തുടങ്ങിയത് അവരല്ലേ’ എന്നാണ് അപരന്റെ മറുപടി.

കാര്യങ്ങൾ എല്ലാം അപരൻതന്നെ വിശദീകരിക്കുന്നു: ധർമടത്ത് ടൈറ്റ് മത്സരമൊന്നുമില്ല. പക്ഷേ, സി.പി.എമ്മുകാരാണ് ഈ അപരന്മാരെ എല്ലായിടത്തും മത്സരിപ്പിക്കുന്ന പരിപാടി തുടങ്ങിയത്.

എന്തിനാണ് സ്ഥാനാർഥികളുടെ പേരിന് സമാനമായ ആളുകളെ കണ്ടെത്തി അപരന്മാരെ നിർത്തുന്നത്?. സി.പി.എം തുടങ്ങിവെച്ചത് മറ്റുപാർട്ടികളും തുടരുന്നുവെന്നേയുള്ളൂ. അതിനാലാണ് ധർമടത്ത് പത്രിക നൽകിയത് -ഇരിക്കൂർ സ്വദേശിയായ എ.എം. വിജയൻ ‘മാധ്യമ’ത്തോട് പറഞ്ഞു.

കൃഷിപ്പണിക്കാരനായ എ.എം. വിജയൻ കോൺഗ്രസിന്റെ ഇരിക്കൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് കൂടിയാണ്. പ്രചാരണത്തിനൊന്നും പോകുന്നില്ല. ചീഫ് ഏജന്റായി പി. രാജീവൻ ഉണ്ട്. ബൂത്തിലൊന്നും ഇരിക്കാനും പോകുന്നില്ല. മുന്നണി നേതാക്കൾ ഒന്നിച്ചിരുന്ന് അപരന്മാരെ മത്സരിപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന നിർദേശവും ഇദ്ദേഹത്തിനുണ്ട്.

കെട്ടിവെച്ച 10,000 രൂപ പോകുമെന്ന് ശരിയാണ്. അത് നോക്കിയിട്ട് കാര്യമില്ലെന്നും അപരന്റെ ആത്മഗതം. പിണറായി വിജയൻ (സി.പി.എം), അഡ്വ. വി.പി. അബ്ദുൾ റഷീദ് (കോൺഗ്രസ്), കെ. രഞ്ജിത്ത് (ബി.ജെ.പി), വാടി ഹരീന്ദ്രൻ (സ്വത.), വിജയൻ എ.എം s/o കുഞ്ഞിരാമൻ (സ്വത.) എന്നിങ്ങനെ അഞ്ച് പേരാണ് ധർമടത്തിലെ സ്ഥാനാർഥികൾ. 

Tags:    
News Summary - Irikkur Resident A.M. Vijayan to Contest in Dharmadam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.