വ്യാജരേഖ ചമച്ച്​ സ്വത്ത്​ തട്ടിയെടുക്കൽ: കേസ് നിർണായക വഴിത്തിരിവിലേക്ക്

പയ്യന്നൂർ: പരേതനായ റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാർ ബാലകൃഷ്ണ​െൻറ സ്വത്ത് വ്യാജ വിവാഹ സർട്ടിഫിക്കറ്റുണ്ടാക്കി തട്ടിയെടുത്ത കേസ് നിർണായക വഴിത്തിരിവിലേക്ക്. ബാലകൃഷ്ണനെ വിവാഹം കഴിച്ചിട്ടില്ലെന്ന് കേസിലെ പ്രധാന പ്രതിയും അഭിഭാഷകയുമായ കെ.വി. ഷൈലജയുടെ സഹോദരി ജാനകി പൊലീസിന് മൊഴി നൽകി. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി.വേണുഗോപാലി​െൻറ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിലാണ് ജാനകി മൊഴി നൽകിയത്. ജാനകിയെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി ക്രിമിനൽ നടപടിചട്ടം 164 പ്രകാരമുള്ള മൊഴി രേഖപ്പെടുത്തും. രാമന്തളിയിൽ മറ്റൊരു സഹോദരൻ രാഘവനൊപ്പമാണ് ജാനകി ഇപ്പോൾ താമസിക്കുന്നത്. ഇവിടെയെത്തിയ ഉദ്യോഗസ്ഥർ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമാണ് ജാനകിയെയും രാഘവനെയും ചോദ്യം ചെയ്തത്. ഇതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഒറിജിനൽ വിവാഹ സർട്ടിഫിക്കറ്റാണ് പ്രതികൾ തട്ടിപ്പിന് ഉപയോഗപ്പെടുത്തിയത്. പയ്യന്നൂരിലെ ഒരു ക്ഷേത്രത്തിലെ മാനേജറെ തെറ്റിദ്ധരിപ്പിച്ചാണ് പെൻഷൻ ആവശ്യത്തിനെന്നു പറഞ്ഞ് ഇത് സംഘടിപ്പിച്ചത്. 1983ന് മുമ്പുള്ള വിവാഹ രജിസ്റ്റർ സൂക്ഷിച്ചിട്ടില്ലാത്തതിനാൽ വിവാഹ സർട്ടിഫിക്കറ്റ് വ്യാജമാണെന്നു തെളിയിക്കാൻ പൊലീസിന് എളുപ്പത്തിൽ സാധിക്കില്ല. വിവാഹം ചെയ്തതായി പ്രതികൾ അവകാശപ്പെടുന്നതിനു പുറമെ ജാനകിയും ഇതിൽ ഉറച്ചുനിന്നാൽ സത്യം തെളിയിക്കുക പ്രയാസകരമാണ്. ബാലകൃഷ്ണൻ ജീവിച്ചിരിപ്പുമില്ല. ഈ സാഹചര്യത്തിലാണ് ജാനകിയുടെ മൊഴി നിർണായക തെളിവായി പൊലീസ് കണക്കുകൂട്ടുന്നത്. ബാലകൃഷ്ണ​െൻറ പെൻഷൻ തുക ലഭിക്കുന്നില്ലെന്നും ജാനകി പറഞ്ഞതായി അറിയുന്നു. ജാനകിയുടെ അക്കൗണ്ടിലെത്തുന്ന പെൻഷൻ, ചെക്ക് നൽകി ഷൈലജയാണ് കൈപ്പറ്റുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ പെൻഷൻ തടഞ്ഞുവെക്കണമെന്ന് ട്രഷറി വകുപ്പിനോട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഈ മാസം പെൻഷൻ തടഞ്ഞതായി വിവരമുണ്ട്. മരണാനന്തര പെൻഷൻ ജാനകിക്ക് ലഭിക്കാനിടയായ സാഹചര്യത്തെക്കുറിച്ചും അന്വേഷിച്ചുവരുന്നു. ഉന്നത ഇടപെടൽ ഷൈലജക്കും ഭർത്താവിനും ലഭിച്ചതായാണ് വിവരം. ഇതും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, ഷൈലജയും ഭർത്താവും ഉടൻ അറസ്റ്റിലാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. വീട് പൂട്ടിയിട്ട നിലയിലാണ്. ഇപ്പോൾ എറണാകുളത്തുള്ളതായും വിവരമുണ്ട്. പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകിയ ഉദ്യോഗസ്ഥരും കേസിലെ പ്രതികളാവും. വില്ലേജ് ഓഫിസിലെ ചില രേഖകൾ പൊലീസ് കണ്ടെത്തി. വ്യാജരേഖകൾ ഉണ്ടാക്കിയ പ്രതികൾ പരിയാരത്തെയും തിരുവനന്തപുരത്തെയും സ്വത്തുക്കൾ കൈക്കലാക്കി. ഇതിനു പുറമെ കനറാ ബാങ്കിലെ അക്കൗണ്ടിൽ നിന്ന് 66000 രൂപ പിൻവലിച്ചതായും പൊലീസ് കണ്ടെത്തി. നോമിനിയെ കാണിക്കാത്ത അക്കൗണ്ടിൽനിന്ന് തുക പിൻവലിക്കാനായതും പ്രതികളുടെ ഉന്നത ബന്ധമാണ് വ്യക്തമാക്കുന്നത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാലകൃഷ്ണനെ പയ്യന്നൂരിലെത്തിച്ച് സ്വത്ത് എഴുതിവാങ്ങാനായിരുന്നു പ്രതികളുടെ തീരുമാനം. യാത്രക്കിടെ 2011 െസപ്റ്റംബർ 11ന് കൊടുങ്ങല്ലൂരിൽവെച്ച് ബാലകൃഷ്ണൻ മരിച്ചു. ഇതോടെയാണ് വ്യാജ വിവാഹം നടത്തി സ്വത്ത് തട്ടിയെടുക്കാൻ പ്രതികൾ തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.