പൊലീസ്​ നടപടി കർശനമാക്കി; പഴയങ്ങാടിയിൽ ഗതാഗതക്കുരുക്കഴിയുന്നു

പഴയങ്ങാടി: പിലാത്തറ-പഴയങ്ങാടി കെ.എസ്.ടി.പി റോഡിൽ എരിപുരത്തെ മാടായി ബോയ്സ് ഹൈസ്കൂൾ മുതൽ പഴയങ്ങാടി ബസ്സ്റ്റാൻഡ് വരെയുള്ള മേഖലയിൽ റോഡിന് ഇരുവശവും പാർക്കിങ് നിരോധിച്ചതോടെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു. 10 മീറ്റർ വീതിയുള്ള റോഡിന് ഇരുവശവും വാഹനങ്ങൾ പാർക്ക് ചെയ്തുതുടങ്ങിയതോടെ മാസങ്ങളായി ഗതാഗതക്കുരുക്ക് അനുഭവിക്കുന്ന മേഖലയാണിത്. സ്വകാര്യസ്ഥാപനങ്ങളുടെ പരസ്യബോർഡുകൾ സ്ഥാപിച്ച മേഖലകളിൽ പൊലീസ് തന്നെയാണ് പാർക്കിങ് ഏർപ്പെടുത്തിയത്. ഇതോടെ ഏഴും എട്ടും മണിക്കൂറുകളാണ് സ്വകാര്യവാഹനങ്ങൾ റോഡിന് വശത്ത് പാർക്ക് ചെയ്യുന്ന സ്ഥിതിയിലായത്. എരിപുരം മുതൽ പഴയങ്ങാടിവരെ റോഡി​െൻറ അഞ്ചു മീറ്ററിലധികം പാർക്കിങ്ങിന് ഉപയോഗപ്പെടുത്തിയിരുന്നു. ഇതുമൂലം ഗതാഗതതടസ്സവും കുരുക്കും അപകടങ്ങളും വർധിച്ചതോടെ ജനരോഷം വ്യാപകമായി. ഇതോടെയാണ് ടി.വി. രാജേഷ് എം.എൽ.എ, പൊലീസ്, മാധ്യമപ്രവർത്തകർ, പഞ്ചായത്ത് അധികൃതർ, രാഷ്ട്രീയ സംഘടന പ്രതിനിധികൾ, വ്യാപാര, തൊഴിൽസംഘടന പ്രതിനിധികൾ എന്നിവരുടെ യോഗം വിളിച്ച് ഗതാഗതക്കുരുക്ക് പരിഹരിക്കാൻ തീരുമാനങ്ങളെടുത്തത്. ഇതുപ്രകാരം പൊലീസ് സ്ഥാപിച്ച മുഴുവൻ പാർക്കിങ് ബോർഡുകളും കഴിഞ്ഞദിവസം എടുത്തുമാറ്റി. റോഡി​െൻറ വശങ്ങളിലെ പാർക്കിങ് നിരോധിക്കുകയും ചെയ്തു. മാടായി, ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എസ്.കെ. ആബിദ, ഡി. വിമല എന്നിവർ പൊലീസിന് സഹായകരമായി ആവശ്യമായ നിർേദശങ്ങൾ നൽകി. ഇനിമുതൽ പഴയങ്ങാടി ബസ്സ്റ്റാൻഡ് പരിസരത്തെ സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ പേ പാർക്കിങ്ങിന് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ബൈക്കുകൾക്ക് അഞ്ചു രൂപയും മറ്റു വാഹനങ്ങൾക്ക് 10 രൂപയുമാണ് നിരക്ക്. ബുധനാഴ്ച മുതൽ റോഡരികിൽ അനധികൃത പാർക്കിങ് നടത്തിയാൽ പൊലീസ് കനത്തപിഴ ഈടാക്കും. മാടായിപ്പള്ളി മുതൽ പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ വരെയുള്ള റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് 10 മീറ്ററായി വീതികൂട്ടി റോഡ് പുനർനിർമിക്കാനാണ് പദ്ധതി. റോഡ് വീതികൂട്ടുന്നതിനാവശ്യമായ രീതിയിൽ സ്ഥലം അളന്നുതിട്ടപ്പെടുത്തുന്നതിന് പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റോഡിലേക്ക് തള്ളിനിൽക്കുന്ന കെട്ടിടങ്ങളുടെ പുനർനിർമാണത്തിനായി കെട്ടിട ഉടമകൾ, വ്യാപാരികൾ, വ്യാപാരി സംഘടനാ പ്രതിനിധികൾ, മാധ്യമപ്രവർത്തകർ എന്നിവരുടെ സംയുക്ത യോഗംചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.