തങ്കമണി വധം: പ്രതിയെ കുറ്റമുക്​തനാക്കി

കാസര്‍കോട്: കരിന്തളം മയ്യങ്ങാനത്തെ തങ്കമണി (45) വധക്കേസിൽ ഏകപ്രതിയായ യുവാവിനെ കുറ്റക്കാരനല്ലെന്ന് വിധിച്ച് കോടതി വെറുതെവിട്ടു. കാഞ്ഞങ്ങാട്ടെ ഫര്‍ണിച്ചര്‍ സ്ഥാപനമുടമയും പാപ്പിനിശ്ശേരി സ്വദേശിയുമായ അബ്ദുല്ലാഹി താസി എന്ന പി.ടി.പി. താസിയെയാണ് (34) കാസര്‍കോട് അഡീഷനല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് സാനു പണിക്കര്‍ വെറുതെവിട്ടത്. ക്രൂരമായ കൊലപാതകം ഒരാള്‍മാത്രം ചെയ്തുവെന്ന കാര്യം സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ലെന്നായിരുന്നു പ്രതിഭാഗത്തി​െൻറ വാദം. കേസില്‍ ആകെ 40 സാക്ഷികളെ വിസ്തരിച്ചു. 2016 ഫെബ്രുവരി 19നാണ് കേസി​െൻറ വിചാരണ ആരംഭിച്ചത്. 2010 ആഗസ്റ്റ് 17നാണ് കൊലപാതകം നടന്നത്. എൻ.ജി.ഒ യൂനിയന്‍ സംസ്ഥാനനേതാവായിരുന്ന കിനാനൂര്‍ കരിന്തളം മയ്യങ്ങാനത്തെ കെ.വി. ഭാസ്‌കര​െൻറ ഭാര്യയാണ് കൊല്ലപ്പെട്ട തങ്കമണി. താസിയുടെ കടയില്‍നിന്ന് ഫര്‍ണിച്ചര്‍ വാങ്ങിയതാണ് ഇരുവരും തമ്മിലുള്ള പരിചയത്തിനിടയാക്കിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. തങ്കമണി താസിയില്‍നിന്ന് 2.16 ലക്ഷം രൂപ പലതവണകളിലായി വാങ്ങിയിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ താസി തയാറായില്ല. റെക്കോഡ്ചെയ്ത മൊബൈല്‍ സംഭാഷണം ഉള്‍പ്പെടെ പുറത്തുവിട്ട് കുടുംബജീവിതം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് താസി തങ്കമണിയെ വകവരുത്താന്‍ പദ്ധതി ആസൂത്രണം ചെയ്തതെന്നുമായിരുന്നു പൊലീസ് കണ്ടെത്തൽ. എൽ.െഎ.സി ഏജൻറായ തങ്കമണിയെ പ്രതി ആഗസ്റ്റ് 17ന് ഉച്ചക്ക് ഒന്നരയോടെ മയ്യങ്ങാനത്തെ വീട്ടില്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. കഴുത്തില്‍ തുണിമുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ശരീരം മുഴുക്കെ നാൽപത്തിയഞ്ചോളം തവണ കുത്തിയും വെട്ടിയും മുറിവേൽപിച്ചുവെന്നുമാണ് പ്രോസിക്യൂഷന്‍ വാദം. കൊല്ലപ്പെട്ട തങ്കമണിയുടെ ശരീരത്തില്‍നിന്ന് കവര്‍ന്ന പതിമൂന്നരപവന്‍ സ്വര്‍ണാഭരണങ്ങള്‍ പാപ്പിനിശ്ശേരിയിലും വളപട്ടണത്തുമുള്ള മുത്തൂറ്റ് ധനകാര്യസ്ഥാപനങ്ങളില്‍ പ്രതി പണയപ്പെടുത്തിയതും അന്വേഷണസംഘം കണ്ടെടുത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.