സൂനാമി ‘ഭീതിയില്‍’ തീരദേശം; യുദ്ധസന്നാഹവുമായി രക്ഷകര്‍

കണ്ണൂര്‍: 2.5 മീറ്റര്‍ ഉയരത്തില്‍ സൂനാമിത്തിരമാല ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പ് പയ്യാമ്പലം തീരത്തെ ‘ഭീതിയിലാഴ്ത്തി’. വെള്ളിയാഴ്ച ഉച്ച 3.30നും വൈകീട്ട് 6.30നും ഇടയില്‍ സൂനാമിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചത്. രണ്ട് ലക്ഷം കുടുംബങ്ങളെ ബാധിക്കുന്ന ഈ ‘ദുരന്തഭൂമി’യില്‍നിന്ന് ആളുകളെ രക്ഷിക്കാന്‍ ജില്ലാ ഭരണകൂടം സര്‍വസന്നാഹവുമായി രംഗത്തത്തെി. സൂനാമി ദുരന്തം നേരിടുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കടപ്പുറത്ത് ഒരുക്കിയ മോക് ഡ്രില്ലാണ് ഏകോപനത്തിലും കൃത്യനിര്‍വഹണത്തിലും കാര്യക്ഷമതയുടെ നേര്‍ക്കാഴ്ചയായത്. ഹൈദരാബാദിലെ സൂനാമി മുന്നറിയിപ്പ് കേന്ദ്രത്തില്‍നിന്ന് ‘മുന്നറിയിപ്പ്’ സന്ദേശം സംസ്ഥാന എമര്‍ജന്‍സി ഓപറേഷന്‍ സെന്‍ററിലത്തെി. അവിടെനിന്ന് ഉച്ചക്ക് 12.40ന് കലക്ടറേറ്റിലും സന്ദേശം ലഭിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ ജാഗരൂകരായത്. ഉടന്‍ കലക്ടറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. റവന്യൂ, പൊലീസ്, ഫയര്‍ഫോഴ്സ്, ഫിഷറീസ്, ആരോഗ്യം, കെ.എസ്.ഇ.ബി, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ്, കോസ്റ്റല്‍ പൊലീസ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ജാഗ്രതാ സമിതി പ്രവര്‍ത്തകര്‍ കടല്‍വെള്ളത്തിലെ മാറ്റത്തെക്കുറിച്ച് മത്സ്യബന്ധന ബോട്ടുകള്‍ക്ക് വിവരം നല്‍കിയതോടെ രക്ഷാപ്രവര്‍ത്തനത്തിന് മുന്നൊരുക്കമായി. പൊലീസ് കണ്‍ട്രോള്‍ യൂനിറ്റില്‍ വിളിച്ചറിയിച്ച ശേഷം സ്ഥലത്തത്തെിയ കോസ്റ്റല്‍ പൊലീസ് 1.30ന് തീരപ്രദേശങ്ങളില്‍ അനൗണ്‍സ്മെന്‍റ് നടത്തി. ഒപ്പം ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. കടല്‍ തീരത്തിന് 250 മീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളെയാണ് എസ്.എന്‍ പാര്‍ക്കിനടുത്തുള്ള ഗവ. ടൗണ്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് മാറ്റിപാര്‍പ്പിച്ചത്. വൈദ്യുതി ലൈനുകള്‍ വിച്ഛേദിച്ച് കെ.എസ്.ഇ.ബി മുന്‍കരുതലെടുത്തു. കടലില്‍ കുടുങ്ങിയ ആറുപേരെ തീരദേശ പൊലീസും ലൈഫ്ഗാര്‍ഡുകളും ഫയര്‍ഫോഴ്സും ചേര്‍ന്ന് കരക്കത്തെിച്ചു. അവിടെ ഡോ. സുല്‍ഫിക്കര്‍ അലി, ഡോ. എ.ടി. മനോജ്, ഡോ. സന്തോഷ്, ഡോ. ഷിബി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള ട്രോമാകെയര്‍ വളന്‍റിയര്‍മാര്‍ പ്രഥമശുശ്രൂഷ നല്‍കി. പരിക്കേറ്റവരെയും കൊണ്ട് രണ്ട് ആംബുലന്‍സുകള്‍ ജില്ലാ ആശുപത്രിയിലേക്ക് പാഞ്ഞു. ആശുപത്രിയില്‍ എത്തിച്ചവരെ പരിക്കിന്‍െറ സ്വഭാവമനുസരിച്ച് തരംതിരിച്ച് കൃത്യമായ ചികിത്സ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കി. അത്യാസന്ന നിലയിലുള്ളവരെ മനസ്സിലാക്കാന്‍ ചുവപ്പ്, അപകടനില തരണം ചെയ്തവര്‍ക്ക് മഞ്ഞ, പരിക്കേറ്റവര്‍ക്ക് പച്ച, മരിച്ചവര്‍ക്ക് കറുപ്പ് റിബണുകളാണ് നല്‍കിയത്. മറ്റു വാര്‍ത്താവിതരണ സംവിധാനങ്ങള്‍ തകരാറിലായാല്‍ ഹാം റേഡിയോ ഓപറേറ്റര്‍മാരുടെ സഹായം തേടുന്നതിനും സംവിധാനമൊരുക്കി. ഇനിയൊരു സൂനാമി ദുരന്തമുണ്ടായാല്‍ ജനങ്ങളെയും ഉദ്യോഗസ്ഥരെയും എങ്ങനെ സജ്ജമാക്കണമെന്നതിന്‍െറ ഭാഗമായാണ് മോക്ഡ്രില്‍ നടത്തിയത്. ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍, ജില്ലാ പൊലീസ് മേധാവി പി. ഹരിശങ്കര്‍, ഡെപ്യൂട്ടി കലക്ടര്‍ എന്‍. ശശികുമാര്‍, തഹസില്‍ദാര്‍മാരായ കെ.കെ. അനില്‍കുമാര്‍, എ. സുനില്‍കുമാര്‍, എ.ആര്‍ ഡെപ്യൂട്ടി കമാന്‍ഡന്‍റ് ഷാഗുല്‍, ഡിവൈ.എസ്.പി കെ.കെ. മൊയ്തീന്‍കുട്ടി, ഫയര്‍ഫോഴ്സ് ഓഫിസര്‍ രാജീവന്‍, ആര്‍.ആര്‍.എഫ് എസ്.ഐ മുരളീധരന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ.ടി. മനോജ്, ജില്ലാ വനിതാക്ഷേമ ഓഫിസര്‍ പി.എം. സൂര്യ, ഫിഷറീസ് അസി. ഡയറക്ടര്‍ പി. സുരേഷ് ബാബു, കെ.എസ്.ഇ.ബി അസി. എന്‍ജിനീയര്‍ സുധീപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അഞ്ചുമണിയോടെ മോക്ഡ്രില്‍ അവസാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.