പ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുന്നു ; പാപ്പിനിശ്ശേരി റെയില്‍വേഗേറ്റ് തുറക്കുന്നത് നീളും

പാപ്പിനിശ്ശേരി: നിര്‍മാണപ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുന്നത് കാരണം പാപ്പിനിശ്ശേരി റെയില്‍വേഗേറ്റ് താല്‍ക്കാലികമായി തുറന്നുനല്‍കുന്നത് നീളും. ഈമാസം ഒമ്പതിന് പി.കെ. ശ്രീമതി എം.പിയുടെയും കെ.എം. ഷാജി എം.എല്‍.എയുടെയും സാന്നിധ്യത്തില്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുമായി പാപ്പിനിശ്ശേരിയില്‍ ചര്‍ച്ച നടന്നിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ ഗേറ്റ് താല്‍ക്കാലികമായി തുറക്കാനായിരുന്നു തീരുമാനം. ഗേറ്റ് താല്‍ക്കാലികമായി തുറന്നുകൊടുക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കേണ്ട പ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുന്നതാണ് തിരിച്ചടിയായത്. ഇതുമൂലം വന്‍ യാത്രാദുരിതമാണ് ജനം നേരിടുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി റെയില്‍വേഗേറ്റ് അടച്ചിട്ടിരിക്കുകയാണ്. റെയില്‍പ്പാതക്ക് അപ്പുറം കടക്കാന്‍ എട്ടുകിലോമീറ്റര്‍ ചുറ്റി യാത്രചെയ്യേണ്ട ഗതികേടിലാണ് ജനം. ഗുരുതരാവസ്ഥയിലായ രോഗികളെപോലും സമയത്തിന് ആശുപത്രിയിലത്തെിക്കാന്‍പറ്റാത്ത അവസ്ഥയാണ്. ദിവസേന യാത്രചെയ്യുന്ന വിദ്യാര്‍ഥികളും തൊഴിലാളികളും ഉള്‍പ്പെടെയുള്ളവര്‍ കടുത്ത യാത്രാദുരിതമാണ് ഗേറ്റ് തുറക്കാത്തതിനാല്‍ അനുഭവിക്കുന്നത്. വിവിധ സംഘടനകളും സ്ഥാപനങ്ങളും നേരിട്ടും ജനപ്രതിനിധികള്‍ മുഖേനയും സര്‍ക്കാറിനും റെയില്‍വേ അധികൃതര്‍ക്കും നിരവധി പരാതികള്‍ നല്‍കിയെങ്കിലും പരിഹാരനടപടികള്‍ അനന്തമായി നീളുകയാണ്. ഇരുചക്ര വാഹനങ്ങളടക്കമുള്ള ചെറുവാഹനങ്ങള്‍ കടന്നുപോകാനാണ് താല്‍ക്കാലികമായി ഗേറ്റ് തുറക്കാന്‍ ധാരണയായത്. ഈ വാഗ്ദാനം പ്രദേശവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കിയിരുന്നു. ഗേറ്റിനോടുചേര്‍ന്നുള്ള ഓവുചാല്‍ പൊളിച്ചാണ് മേല്‍പാലത്തിന്‍െറ തൂണുകള്‍ നിര്‍മിച്ചത്. ഇത് പുന$സ്ഥാപിക്കാന്‍ വൈകുന്നതാണ് ഗേറ്റ് തുറക്കല്‍ വൈകുന്നതിന് പ്രധാന കാരണം. ഇതിന്‍െറ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ ഏതാനും ദിവസംമുമ്പ് മാത്രമാണ് തുടങ്ങിയത്. ഈ ആഴ്ചയില്‍ ഗേറ്റ് തുറന്നുകൊടുക്കാന്‍ സാധിക്കില്ളെന്ന് റെയില്‍വേ അധികൃതര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. അടുത്ത ആഴ്ചയോടെ തുറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. അടിപ്പാതയുടെ പ്രവൃത്തി തുടങ്ങുന്ന അവസരത്തില്‍ ഗേറ്റ് വീണ്ടും അടക്കും. റെയില്‍വേഗേറ്റ് തുറക്കുന്നതോടെ ഇവിടെ വാഹനനിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഇരുഭാഗത്തുനിന്ന് വാഹനങ്ങള്‍ ഒരുമിച്ചുപോകാന്‍ തുടങ്ങുന്നത് അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും കാരണമാകും. ഇത് പരിഹരിക്കാന്‍ പൊലീസ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് എം.പി അറിയിച്ചിരുന്നു. ഗേറ്റ് തുറക്കാനാവശ്യമായ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താനും വേഗംകൂട്ടാനും പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന് എം.പി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇതും നടപ്പിലായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.