കണ്ണൂര്‍ കോര്‍പറേഷന്‍: ഡെപ്യൂട്ടി മേയര്‍ സ്ഥാനം ലക്ഷ്യമിട്ട് പി.കെ. രാഗേഷ്

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായി നിര്‍ണായക വിജയം നേടിയ പി.കെ. രാഗേഷ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കും. ഏപ്രിലില്‍ അവിശ്വാസം കൊണ്ടുവന്നാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുക. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം രാത്രി രാഗേഷിന്‍െറ വീട്ടില്‍ ചേര്‍ന്ന ഐക്യ ജനാധിപത്യ സംരക്ഷണ സമിതി യോഗം തീരുമാനം കൈക്കൊണ്ടു. യോഗത്തില്‍ രാഗേഷിനെ പിന്തുണക്കുന്ന അറുപതോളം പേര്‍ പങ്കെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം രാഗേഷ് ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തെങ്കിലും അര്‍ഹമായ പരിഗണന ലഭിച്ചില്ളെന്ന വികാരമാണ് പുതിയ നീക്കത്തിന് വിത്തുപാകിയത്. 55ാം ഡിവിഷനായ പള്ളിയാന്മൂലയില്‍നിന്നാണ് രാഗേഷ് ജയിച്ചത്. പള്ളിക്കുന്ന് ബാങ്ക് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയി മത്സരിക്കാന്‍ കാരണമായത്. രാഗേഷിനെ ആദ്യം ഒൗദ്യോഗിക സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് അംഗീകരിച്ചെങ്കിലും പിന്നീട് മുസ്ലിം ലീഗിന്‍െറ കെ.പി. റാസിക്കിനെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍, കെ. സുധാകരന്‍െറ ശക്തായ എതിര്‍പ്പുള്‍പ്പെടെ പ്രതിസന്ധികള്‍ തരണം ചെയ്ത് രാഗേഷ് ഉജ്ജ്വല വിജയം നേടി. എല്‍.ഡി.എഫിനും യു.ഡി.എഫിനും 27 വീതം സീറ്റുകള്‍ ലഭിച്ചപ്പോള്‍ രാഗേഷിന്‍െറ നിലപാടുകള്‍ നിര്‍ണായകമായി. കോണ്‍ഗ്രസ് ഒത്തുതീര്‍പ്പിനു വഴങ്ങാതിരുന്നപ്പോള്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ രാഗേഷ് എല്‍.ഡി.എഫിനെ പിന്തുണച്ചു. കോര്‍പറേഷന്‍െറ പ്രഥമ മേയര്‍ എന്ന ചരിത്ര പദവി അങ്ങനെ എല്‍.ഡി.എഫിനു ലഭിച്ചു. പഴയ കണ്ണൂര്‍ നഗരസഭയില്‍ ഒരിക്കല്‍ പോലും ഭരിക്കാനായില്ളെന്ന ഇച്ഛാഭംഗവും എല്‍.ഡി.എഫിനു വിട്ടുമാറി. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് രാഗേഷ് മത്സരിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും തെരഞ്ഞെടുപ്പില്‍നിന്ന് രാഗേഷ് വിട്ടുനിന്നു. തുടര്‍ന്ന് എല്‍.ഡി.എഫില്‍നിന്ന് രാജന്‍ വെള്ളോറയും യു.ഡി.എഫില്‍നിന്ന് സി. സമീറും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചു. ഇരുവര്‍ക്കും തുല്യ വോട്ടുകള്‍ ലഭിച്ചതോടെ നറുക്കെടുപ്പില്‍ സി. സമീര്‍ ജയിച്ചു. സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് രാഗേഷിന്‍െറ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് കെ.പി.സി.സി അറിയിച്ചത്. ഇതിന്‍െറ ഭാഗമായി രാഗേഷിനെയും കൂട്ടരെയും പാര്‍ട്ടിയില്‍ തിരിച്ചെടുക്കുകയും ചെയ്തു. രാഗേഷിന്‍െറ പിന്തുണയില്‍ ഒന്നൊഴികെ എല്ലാ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങളും യു.ഡി.എഫിനു ലഭിക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ തിരിച്ചെടുത്തെങ്കിലും ഡി.സി.സിയില്‍ രാഗേഷിനെ ഉള്‍പ്പെടുത്താനോ പള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തനം പഴയ പടിയാക്കുന്നതിനോ നേതൃത്വം തയാറായില്ല. ഡി.സി.സിക്ക് ജംബോകമ്മിറ്റിയുണ്ടാക്കിയിട്ടും രാഗേഷിനെ ഉള്‍പ്പെടുത്താത്തത് ഇദ്ദേഹത്തെ പിന്തുണക്കുന്നവരില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ജനുവരി ഒന്നിനകം പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും നേതൃത്വം അറിയിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. രാഗേഷ് നല്‍കിയ പതിനൊന്നിന ഡിമാന്‍റുകളും അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനം ലക്ഷ്യമാക്കി നീങ്ങുന്നത്. ഏതുമുന്നണിയുടെ കൂടെനിന്ന് ഈ സ്ഥാനം സ്വന്തമാക്കണമെന്ന് രാഗേഷിനെ അനുകൂലിക്കുന്നവര്‍ വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യങ്ങള്‍ തീരുമാനിക്കാന്‍ എട്ടംഗ കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.