കണ്ണൂര്‍ വിമാനത്താവളം: പരീക്ഷണ പറക്കല്‍: അവ്യക്തത തുടരുന്നു

മട്ടന്നൂര്‍: വ്യോമയാന വകുപ്പിന്‍െറ അനുമതിയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഫെബ്രുവരി എട്ടിന് പരീക്ഷണ പറക്കല്‍ നടക്കുമെന്നും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ബി.സി. ശര്‍മയും ഉന്നത ഉദ്യോഗസ്ഥ സംഘവും മൂര്‍ഖന്‍ പറമ്പില്‍ സന്ദര്‍ശനം നടത്തുമെന്നും അധികൃതര്‍ അറിയിച്ചെങ്കിലും തീയതിയുടെ കാര്യത്തില്‍ അവ്യക്തത തുടരുന്നു. സിവില്‍ ഏവിയേഷന്‍ ഉന്നത ഉദ്യോഗസ്ഥ സംഘം മൂര്‍ഖന്‍ പറമ്പില്‍ സന്ദര്‍ശനം നടത്തുന്നതോടെ പരീക്ഷണ പറക്കലിന്‍െറ തീയതി സര്‍ക്കാര്‍ ഒൗദ്യോഗികമായി പ്രഖ്യാപിക്കുമെന്നായിരുന്നു വിലയിരുത്തലെങ്കിലും ഉദ്യോഗസ്ഥ സംഘം ഇതുവരെയും പദ്ധതി പ്രദേശത്തു സന്ദര്‍ശനം നടത്തിയിട്ടില്ല. ഇതിനിടെ വകുപ്പ് മന്ത്രി കെ. ബാബുവിന്‍െറ രാജി പരീക്ഷണ പറക്കല്‍ പ്രഖ്യാപനത്തിന് തടസ്സമാകുമെന്നും പറയുന്നു. മുമ്പ് പ്രഖ്യാപിക്കപ്പെട്ട ഡിസംബര്‍ 31ന് വിമാനമിറക്കാന്‍ കഴിയാത്തത് സര്‍ക്കാറിന്‍െറ വീഴ്ചയായാണ് യു.ഡി.എഫ് കാണുന്നത്. സിവില്‍ ഏവിയേഷന്‍െറ അനുമതി ലഭിച്ചാല്‍ ജനുവരി 25ന് മുമ്പ് പരീക്ഷണ പറക്കല്‍ നടത്തുമെന്നു മന്ത്രി കെ. ബാബു, പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, ഈ തീയതിയിലും പരീക്ഷണ വിമാനമിറക്കാന്‍ കഴിഞ്ഞില്ളെന്നു മാത്രമല്ല മന്ത്രിക്ക് ബാര്‍ വിഷയത്തില്‍ 23നു രാജി വെക്കേണ്ടിയും വന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് വിമാനമിറക്കുന്നത് ഐക്യമുന്നണിയുടെ വിജയപ്രതീക്ഷക്ക് ആക്കം കൂട്ടുമെന്ന ചിന്തയാല്‍ ഫെബ്രുവരി ആദ്യവാരം പരീക്ഷണ വിമാനം ഇറക്കണമെന്നായിരുന്നു യു.ഡി.എഫ് നിലപാട്. പക്ഷേ വകുപ്പ് മന്ത്രി രാജി വെച്ചതോടെ രണ്ടുതവണ പ്രഖ്യാപിച്ച തീയതിയും പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിമാനത്താവള വിഷയം തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കു കരുത്തുപകരും. ആദ്യവിമാനം പറന്നിറങ്ങുന്നതിനുള്ള നടപടി ക്രമങ്ങള്‍ പദ്ധതി പ്രദേശത്ത് പുരോഗമിക്കുന്നുണ്ട്. 2400 മീറ്റര്‍ റണ്‍വേയില്‍ പരീക്ഷണപ്പറക്കലിനായി 1500 മീറ്റര്‍ റണ്‍വേ അടയാളപ്പെടുത്തിയിട്ടുണ്ട്. പരീക്ഷണ പറക്കലിനായി എല്ലാവിധ സുരക്ഷാക്രമീകരണവും ഒരുക്കാനാണ് അധികൃതരുടെ ശ്രമം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.