കൂത്തുപറമ്പ്: പടുവിലായിയില്‍ വീണ്ടും അക്രമം. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അക്രമത്തില്‍ സി.പി.എം അനുഭാവിയുടെ വീട് തകര്‍ക്കുകയും ബി.ജെ.പി പ്രവര്‍ത്തകന്‍െറ ഗുഡ്സ് ഓട്ടോറിക്ഷ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. പടുവിലായി ആര്‍.എസ്.എസ് കാര്യാലയത്തിനു സമീപത്തെ സി.പി.എം അനുഭാവി സി. പവിത്രന്‍െറ നിര്‍മാണത്തിലിരിക്കുന്ന വീടാണ് തകര്‍ക്കപ്പെട്ടത്. വീടിന്‍െറ കട്ടില പിഴുതെടുത്ത് കിണറ്റിലിട്ട അക്രമികള്‍ അകത്ത് സൂക്ഷിച്ചിരുന്ന നാല് സിമന്‍റ് കട്ടിലകളും നാല് ജനലുകളും അടിച്ചുപൊട്ടിച്ചു. വയറിങ് ചെയ്യുന്നതിനായി സൂക്ഷിച്ച പൈപ്പുകളും എട്ടു ചാക്കോളം സിമന്‍റും നശിപ്പിച്ചിട്ടുണ്ട്. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. പവിത്രന്‍െറ പരാതിയെ തുടര്‍ന്ന് കൂത്തുപറമ്പ് പൊലീസ് പരിശോധന നടത്തി. കെ.കെ. നാരായണന്‍ എം.എല്‍.എ, സി.പി.എം പിണറായി ഏരിയാ സെക്രട്ടറി പി. ബാലന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. അക്രമത്തിനുപിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം നേതാക്കള്‍ ആരോപിച്ചു.ബുധനാഴ്ച രാത്രി 12 മണിയോടെയാണ് ബി.ജെ.പി പ്രവര്‍ത്തകനായ കരിച്ചാന്‍െറവളപ്പില്‍ കെ.വി. സുമേഷിന്‍െറ ഗുഡ്സ് ഓട്ടോറിക്ഷ തീവെച്ചു നശിപ്പിച്ചത്. വാളാങ്കിച്ചാലിലെ ബന്ധുവിന്‍െറ നിര്‍മാണത്തിലിരിക്കുന്ന വീടിന്‍െറ മുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയാണ് അഗ്നിക്കിരയായത്. നാട്ടുകാര്‍ എത്തി തീ അണക്കുമ്പോഴേക്കും വാഹനം പൂര്‍ണമായും കത്തിനശിച്ചിരുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് പി.കെ. സത്യപ്രകാശ്, നേതാക്കളായ ആര്‍.കെ. ഗിരിധന്‍, പി.കെ. പ്രജില്‍, ഹരീഷ്ബാബു എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തിനുപിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ആര്‍.എസ്.എസ് നേതാക്കള്‍ ആരോപിച്ചു. ഏതാനും ദിവസം മുമ്പ് പടുവിലായിക്കാവിനു സമീപത്തെ സി.പി.എം അനുഭാവി പി.കെ. രാജുവിന്‍െറ ഓട്ടോറിക്ഷയും തീവെച്ച് നശിപ്പിച്ചിരുന്നു. ഓട്ടോറിക്ഷയില്‍നിന്ന് തീപടര്‍ന്ന് രാജുവിന്‍െറ വീടിനും തീപിടിച്ചിരുന്നു. സ്ഥലത്ത് പൊലീസ് പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.