കളിയുടെ പുതുചരിത്രമെഴുതുന്നു ഈ കോളജ് കുട്ടികള്‍

കണ്ണൂര്‍: ജില്ലയിലെ ഫുട്ബാളില്‍ പുതിയ വര്‍ത്തമാനം കുറച്ച് കോളജ് പിള്ളേരെക്കുറിച്ചാണ്. പ്രഗല്ഭരെ മറികടന്ന് തുടര്‍ച്ചയായി ജില്ലാ ഫുട്ബാള്‍ ലീഗ് കിരീടം നേടുന്നത് ഇപ്പോള്‍ രണ്ട് കോളജ് ടീമുകളാണ്. പയ്യന്നൂര്‍ കോളജും എസ്.എന്‍ കോളജും. ഒരു കാലത്ത് കണ്ണൂരിന്‍െറ ഫുട്ബാള്‍ മൈതാനങ്ങളിലുണ്ടായിരുന്ന ചടുലതയും സൗന്ദര്യവും വാശിയും വൈരാഗ്യവുമൊക്കെ ഈ കോളജ് ടീമുകള്‍ മടക്കിക്കൊണ്ടുവന്നിരിക്കുന്നു. കഴിഞ്ഞ ദിവസം സമാപിച്ച ജില്ലാ സീനിയര്‍ ഡിവിഷന്‍ ഫുട്ബാള്‍ ലീഗില്‍ കിരീടം നേടിയത് കണ്ണൂര്‍ എസ്.എന്‍ കോളജാണ്. തുടര്‍ച്ചയായ രണ്ടാം തവണയാണ് എസ്.എന്‍ കോളജ് സീനിയര്‍ ഡിവിഷന്‍ ചാമ്പ്യന്മാരാകുന്നത്. പയ്യന്നൂര്‍ കോളജിന്‍െറ കൈയില്‍നിന്നും കഴിഞ്ഞ സീസണില്‍ പിടിച്ചെടുത്ത കിരീടം ഈ സീസണിലും നിലനിര്‍ത്താന്‍ എസ്.എന്‍ കോളജിനായി. എസ്.എന്‍ കോളജിനും പയ്യന്നൂര്‍ കോളജിനും തുല്യ പോയന്‍റ് ലഭിച്ചതോടെ നറുക്കെടുപ്പിലൂടെയാണ്് വിജയികളെ നിശ്ചയിച്ചത്. എസ്.എന്‍ കോളജിന്‍െറ ഈ കിരീട നേട്ടത്തിന് ഭാഗ്യത്തിന്‍െറ അകമ്പടിയുണ്ടെങ്കിലും ലീഗില്‍ എസ്.എന്‍ കോളജിന്‍െറയും പയ്യന്നൂര്‍ കോളജിന്‍െറയും വിജയത്തില്‍ പ്രകടനത്തിന്‍െറ മികവു മാത്രമായിരുന്നു തെളിഞ്ഞുനിന്നത്. ഒരു കാലത്ത് ഏറ്റവും മികച്ച കാല്‍പന്തു കളിയുടെ തട്ടകമായിരുന്നു കണ്ണൂര്‍. ഇവിടെ പന്തുതട്ടി രാജ്യാന്തര തലത്തില്‍ വളര്‍ന്നവര്‍ ഏറെ. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന്, കളിക്കാരെ കൊണ്ടുപോകാനത്തെിയ ക്ളബുകളും നിരവധി. അക്കാലത്ത് ഇന്ത്യയില്‍ നടക്കുന്ന മുന്‍നിര ടൂര്‍ണമെന്‍റുകളിലൊക്കെ കണ്ണൂരില്‍ നിന്നുള്ള കളിക്കാര്‍ ഉറപ്പായുമുണ്ടാകും. ലക്കി സ്റ്റാര്‍, സ്പിരിറ്റഡ് യൂത്ത്സ്, ജിംഖാന, ബ്രദേഴ്സ് എന്നീ ടീമുകളുടെ പേരുകള്‍ അന്ന് എല്ലാവര്‍ക്കും കാണാപ്പാഠമായിരുന്നു. ജില്ലയിലെ ലീഗ് മത്സരങ്ങളില്‍ ഈ ടീമുകള്‍ മത്സരിക്കുമ്പോള്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും കാണികളത്തെിയിരുന്നു. പതിയെപ്പതിയെ കാല്‍പന്തു കളിയില്‍ കണ്ണൂരിന്‍െറ പ്രാധാന്യം കുറഞ്ഞതോടെ ക്ളബ്ളുകളുടെ പെരുമ പേരില്‍ മാത്രമായി. ഇപ്പോഴത്തെ ജില്ലാ സീനിയര്‍ ഡിവിഷനിലും ലക്കി സ്റ്റാറും ബ്രദേഴ്സ് ക്ളബും ജിംഖാനയുമൊക്കെ പങ്കെടുക്കുന്നുണ്ട്. എന്നാല്‍, കോളജ് ടീമുകളുടെ മികവിന് ഒത്തുയരാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. ലീഗ് മത്സരങ്ങള്‍ക്ക് കോളജ് ടീമുകള്‍ പുതിയ ചൈതന്യം നല്‍കുന്നുണ്ട്. ഇരുവരും നേരിട്ട് ഏറ്റുമുട്ടിയപ്പോഴും ഗാലറികള്‍ ഇത് സത്യമാണെന്ന് തെളിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.