വളപട്ടണം പാലം നവീകരണം പൂര്‍ത്തിയായി

പാപ്പിനിശ്ശേരി: വളപട്ടണം പാലം നവീകരണപ്രവൃത്തി പൂര്‍ത്തിയായി. കാലപ്പഴക്കത്താല്‍ ജീര്‍ണാവസ്ഥയിലായ പാലത്തില്‍ ഒരു വര്‍ഷമായി നടന്നുവന്ന നവീകരണമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. മൂന്നരപ്പതിറ്റാണ്ട് മുമ്പ് സ്ഥാപിച്ച പാലം കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാലാണ് അപകടാവസ്ഥയിലായത്. തുടര്‍ന്ന് നവീകരണത്തിന് ദേശീയപാത അതോറിറ്റി തീരുമാനിക്കുകയായിരുന്നു. നവീകരണത്തിനായി വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു. 4.3 കോടിയോളം രൂപയുടെ നവീകരണം എറണാകുളം ആസ്ഥാനമായ പദ്മജ ഗ്രൂപ്പിനാണ് കരാര്‍ നല്‍കിയത്. ആദ്യഘട്ടത്തില്‍ പ്രവൃത്തി ഇഴഞ്ഞുനീങ്ങിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നീട് പ്രവൃത്തിക്ക് വേഗംകൂടി. പാലത്തിന്‍െറ തൂണുകളിലെ ജീര്‍ണിച്ചഭാഗങ്ങള്‍ ഇളക്കിമാറ്റി പുതിയ കോണ്‍ക്രീറ്റ് കമ്പികള്‍ അകത്തുപിടിപ്പിക്കുകയും വായുസമ്മര്‍ദത്തോടെ ഭിത്തിക്കുള്ളിലേക്ക് കോണ്‍ക്രീറ്റ് മിശ്രിതം നിറക്കുകയും ചെയ്തിട്ടുണ്ട്. പാലത്തിന്‍െറ മുകളിലെ സ്ളാബിന്‍െറ ജീര്‍ണഭാഗങ്ങള്‍ ഇളക്കിമാറ്റി പ്രത്യേക മിശ്രിതം ചേര്‍ത്ത് കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തി. പാലത്തിന്‍െറ മുകളില്‍നിന്ന് വെള്ളം ആഴ്ന്നിറങ്ങാതിരിക്കാന്‍ സംവിധാനവും ഒരുക്കി. പാലത്തിന്‍െറ അടിഭാഗവും മുകളിലെ കൈവരികളും പെയിന്‍റ് ചെയ്യുന്ന പ്രവൃത്തി മാത്രമാണ് ഇനി ബാക്കിയുള്ളത്. സ്വകാര്യ മൊബൈല്‍ കമ്പനിക്കാര്‍ ഇളക്കിമാറ്റിയതിനെ തുടര്‍ന്ന് തകരാറിലായ 90 നടപ്പാതകള്‍ കമ്പനിക്കാരുടെ ചെലവില്‍തന്നെ പുനര്‍നിര്‍മിക്കുന്നുണ്ട്. പാലത്തില്‍ വെളിച്ചമത്തെിക്കാന്‍ വൈദ്യുതിത്തൂണുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി ബന്ധപ്പെട്ട തദ്ദേശസ്ഥാപനം ചെയ്യും. വേളാപുരം മുതല്‍ പുതിയതെരുവരെ ദേശീയപാത മെക്കാഡം ടാറിങ് നടത്തുന്നതോടെ വളപട്ടണം പാലത്തിലെ ഗതാഗതപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും. നവീകരണപ്രവൃത്തി കുറ്റമറ്റരീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതായും ജനങ്ങളുടെ പൂര്‍ണ സഹകരണം ലഭിച്ചതായും ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.കെ. മിനി, അസി. എക്സി. എന്‍ജിനീയര്‍ സുനില്‍ കൊയിലെരിയന്‍ എന്നിവര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. പാലം നവീകരണം പൂര്‍ത്തിയായെങ്കിലും ഭാവിയിലെ ഗതാഗതകുരുക്ക് പരിഗണിച്ച് പുതിയ ബൈപാസ് റോഡിന്‍െറ ഭാഗമായി പുതിയപാലം നിര്‍മിക്കുന്നതിനുള്ള ആലോചനയിലാണ് ദേശീയപാത അതോറിറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.