മട്ടന്നൂരില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കി

മട്ടന്നൂര്‍: ജീവനക്കാരനെ പൊലീസ് മര്‍ദിച്ചതായി ആരോപിച്ച് ഇരിട്ടി-മട്ടന്നൂര്‍-തലശ്ശേരി റൂട്ടിലും ഇരിട്ടി-മട്ടന്നൂര്‍-കണ്ണൂര്‍ റൂട്ടിലും ബുധനാഴ്ച രാവിലെ മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കി. ഇതോടെ നിരവധി വിദ്യാര്‍ഥികളും മറ്റു യാത്രികരും വലഞ്ഞു. മട്ടന്നൂര്‍-അഞ്ചരക്കണ്ടി-കണ്ണൂര്‍ റൂട്ടിലും ഗ്രാമീണമേഖലകളിലും പതിവുപോലെ ബസുകള്‍ സര്‍വിസ് നടത്തി. വിദ്യാലയങ്ങളില്‍ പരീക്ഷ ആരംഭിച്ച ദിവസമായതിനാല്‍ മട്ടന്നൂര്‍ മേഖലയിലെ ബസ് പണിമുടക്ക് വിദ്യാര്‍ഥികളെ ഏറെ വലച്ചു. ബസില്ലാതെ വലഞ്ഞ യാത്രികര്‍ക്ക് കെ.എസ്.ആര്‍.ടി.സിയും ടാക്സി വാഹനങ്ങളും സഹായകമായി. തലശ്ശേരി-മട്ടന്നൂര്‍-ഇരിട്ടി റൂട്ടില്‍ സര്‍വിസ് നടത്തുന്ന വികാസ് ബസിലെ ക്ളീനറെ ബസില്‍ യാത്ര ചെയ്യുകയായിരുന്ന പൊലീസുകാരന്‍ മര്‍ദിച്ചുവെന്നാണ് പരാതി. പൊലീസുകാരന്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് ബസ് ക്ളീനര്‍ കതിരൂര്‍ പെരുന്താറ്റില്‍ പുനത്തില്‍കണ്ടി വീട്ടില്‍ സുധീഷിനെ (36) കൂത്തുപറമ്പ് താലൂക്കാശുപത്രിയിലും ക്ളീനര്‍ മര്‍ദിച്ചുവെന്നാരോപിച്ച് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലെ കോടതി ചാര്‍ജുള്ള പൊലീസുകാരന്‍ കണ്ണൂര്‍ സ്വദേശി സി. അനീഷ് കുമാറിനെ (42) മട്ടന്നൂര്‍ ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ബസ് സര്‍വിസ് നടത്തവേ മട്ടന്നൂരിനടുത്ത നിടുവോട്ടുംകുന്നില്‍ മഫ്തിയിലുള്ള പൊലീസുകാരന്‍ ക്ളീനറെ മര്‍ദിച്ചുവെന്നാണ് പരാതി. നിര്‍മലഗിരി കോളജിന് മുന്നില്‍നിന്ന് വിദ്യാര്‍ഥികള്‍ കയറിയതു മുതല്‍ ക്ളീനര്‍ വിദ്യാര്‍ഥികളോട് അസഭ്യമായ ഭാഷയില്‍ പെരുമാറിയത് ചോദ്യം ചെയ്തപ്പോള്‍ തലശ്ശേരിയില്‍നിന്ന് കോടതി വാറണ്ടുമായി വരുകയായിരുന്ന തന്നെ ക്ളീനര്‍ ബസിനകത്ത് തള്ളിയിട്ടതായി പൊലീസുകാരനും ആരോപിച്ചു. വികാസ് ബസ് ജീവനക്കാര്‍ക്കെതിരെ ഇതിനുമുമ്പ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ നിരവധി പരാതികള്‍ ലഭിച്ചിട്ടുള്ളതായും ചൊവ്വാഴ്ച ക്ളീനര്‍ ബസില്‍ വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറിയപ്പോള്‍ നിയമപാലകന്‍ എന്നനിലക്ക് ഇടപെട്ട പൊലീസുകാരനെ ബസിനകത്ത് ക്ളീനര്‍ തള്ളിയിടുകയായിരുന്നുവെന്നും മട്ടന്നൂര്‍ എസ്.ഐ എം.പി. വിനീഷ് കുമാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.