ബാങ്കുകളില്‍ പണമില്ല ; ജീവനക്കാരും ഇടപാടുകാരും തമ്മില്‍ തര്‍ക്കം പതിവാകുന്നു

എടക്കാട്: ബാങ്കുകളില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ബാങ്ക് ജീവനക്കാരും ഇടപാടുകാരും തമ്മിലെ തര്‍ക്കം നിത്യസംഭവമാകുന്നു. എടക്കാട്, മുഴപ്പിലങ്ങാട്, തോട്ടട മേഖലയിലെ കനറാ, എസ്.ബി.ടി, ഗ്രാമീണ്‍ ബാങ്ക് എന്നീ ശാഖകളിലാണ് പണമില്ലാത്തതിന്‍െറ പേരില്‍ തര്‍ക്കവും വാക്കേറ്റവും നടക്കുന്നത്. എസ്.ബി.ടി തോട്ടട ശാഖയിലെ എ.ടി.എം ദിവസങ്ങളായി പ്രവര്‍ത്തനരഹിതമാണ്. ഇവിടെ മുന്നില്‍ ‘500/100/50 നോട്ടുകളില്ലാത്തതിനാല്‍ തല്‍ക്കാലം പണമിടപാട് നടത്തുന്നില്ല’ എന്ന് ബോര്‍ഡ് പതിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം എടക്കാട് ഗ്രാമീണ്‍ ബാങ്കിലും മുഴപ്പിലങ്ങാട്ടെ കനറാ ബാങ്കിലും ഇടപാടുകാരും ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ബുധനാഴ്ച രാവിലെ പണം കുറവായതിനെ തുടര്‍ന്ന് തോട്ടട എസ്.ബി.ടി ശാഖയിലെ ചില ജീവനക്കാര്‍ കൗണ്ടറിലിരിക്കാതെ മാറിനിന്നു. എന്നാല്‍, ഇപ്പോള്‍ ബാങ്കുകളില്‍ എത്തുന്നത് 2000ന്‍െറ നോട്ടുകള്‍ മാത്രമാണെന്നും 4000 മാത്രമേ പിന്‍വലിക്കാനാകുന്നുള്ളൂവെന്നും പരാതിയുണ്ട്. പണത്തിന് ആവശ്യക്കാര്‍ കൂടുതലാണെന്നും എന്നാല്‍, കുറഞ്ഞ പണം മാത്രമേ ബാങ്കുകളില്‍ എത്തുന്നുള്ളൂ എന്നും ബാങ്ക് മാനേജര്‍മാര്‍ പറയുന്നു. അതിനാല്‍തന്നെ ഇടപാടുകാര്‍ക്ക് പരമാവധി ഒപ്പിച്ചുകൊടുക്കുകയേ നിവൃത്തി ഉള്ളൂ എന്നാണ് അവരുടെ വാദം. ബാങ്കില്‍നിന്ന് കിട്ടുന്നത് 2000ത്തിന്‍െറ നോട്ടുകള്‍ ആയതിനാല്‍ ചില്ലറക്കുള്ള നെട്ടോട്ടത്തിലാണ് വ്യാപാരികളും നാട്ടുകാരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.