മാടായിപ്പാറയില്‍ വന്‍ തീപിടിത്തം

പഴയങ്ങാടി: മാടായിപ്പാറയില്‍ ബുധനാഴ്ച രാവിലെയുണ്ടായ തീപിടിത്തത്തില്‍ എട്ട് ഏക്കറോളം പുല്‍മേടുകള്‍ കത്തിനശിച്ചു. വൈദ്യുതി സബ് സ്റ്റേഷനും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍ക്കൊള്ളുന്ന മേഖലയില്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. രാവിലെ 11 മണിയോടെയാണ് കെ.എസ്.ഇ.ബി സബ് സ്റ്റേഷന്‍ പരിസരത്തെ പുല്‍മേടുകളില്‍ തീപടര്‍ന്നത്. മാടായി കോളജ്, ദാരികം കോട്ട പരിസരത്തുനിന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ഏക്കര്‍കണക്കിന് പുല്‍മേടുകളിലേക്ക് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. ഈ സമയത്തുണ്ടായ കാറ്റ് തീ അതിവേഗം പടരാന്‍ കാരണമായി. പാറയില്‍ വ്യാപിച്ചുകിടക്കുന്ന ഡൈമേറിയ പുല്‍മേടുകളില്‍ തീപടര്‍ന്നതോടെ പ്രദേശത്ത് പുക നിറഞ്ഞത് ജനങ്ങളില്‍ ഭീതിപടര്‍ത്തി.ദാരികം കോട്ടയുടെ താഴ്ഭാഗങ്ങള്‍ ജനനിബിഢമാണ്. നാട്ടുകാരും വിദ്യാര്‍ഥികളും പയ്യന്നൂരില്‍ നിന്നത്തെിയ അഗ്നിശമന വിഭാഗവും ചേര്‍ന്ന് നാല് മണിക്കൂറോളം ശ്രമം നടത്തിയാണ് തീയണച്ചത്. ജൈവ വൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിലുണ്ടായ തീപിടിത്തത്തില്‍ നിരവധി ഉരഗങ്ങളും അപൂര്‍വയിനം ജീവികളും സസ്യങ്ങളും കരിഞ്ഞു വെണ്ണീറായി. വാനമ്പാടി പക്ഷികള്‍ മുട്ടയിടുന്നതും ഡൈമേറിയ പുല്‍ മേടുകളിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.