മാഹി സ്വദേശികളോട് എന്തിനീ ക്രൂരത

തലശ്ശേരി: എണ്ണമറ്റ പ്രക്ഷോഭങ്ങള്‍ അഹിംസാരീതിയില്‍ ഇതിനകം ഇവര്‍ നടത്തിക്കഴിഞ്ഞു. അധികാരികളുടെ കണ്ണ് എപ്പോള്‍ തുറക്കുമെന്ന ചോദ്യം മാത്രമാണ് ഇനി അവശേഷിക്കുന്നത്. നാല് പതിറ്റാണ്ടായി തീരുമാനമാകാതെ ഇഴഞ്ഞുനീങ്ങുന്ന തലശ്ശേരി-മാഹി ബൈപാസ് പദ്ധതി കാരണം മാഹിയില്‍ ദുരിതമനുഭവിക്കുന്നവരുടെ കൂട്ടായ്മയായ തലശ്ശേരി-മാഹി ബൈപാസ് റോഡ് (എന്‍.എച്ച്) ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമര പരിപാടികള്‍ നടത്തിവരുന്നത്. ബൈപാസ് വരുന്നതിനെ ഒരുകാലത്തും എതിര്‍ക്കാതിരുന്ന മാഹി സ്വദേശികളോട് ദേശീയപാത അതോറിറ്റി ക്രൂരത കാട്ടുന്നതെന്തിനെന്ന് ഇന്നും അവ്യക്തം. ചൊവ്വാഴ്ച സത്യഗ്രഹ സമരത്തില്‍ പങ്കെടുക്കാനത്തെിയവരും ഈ ആശങ്ക പങ്കുവെച്ചു. മാഹിയിലെ 220 കുടുംബങ്ങള്‍ അനുഭവിച്ചുവരുന്ന ദുരിതങ്ങള്‍ പരിഹരിക്കുന്നതിന് പുതുച്ചേരി സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടാത്തതും ബൈപാസ് ഇരകളായ ഭൂവുടമകളെ ചൊടിപ്പിച്ചിട്ടുണ്ട്. പന്തക്കല്‍, പള്ളൂര്‍, ചാലക്കര വില്ളേജുകളിലൂടെ രണ്ടര കിലോമീറ്റര്‍ ദൂരത്തില്‍ 45 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡിനായി അക്വയര്‍ ചെയ്ത 30 ഏക്കറോളം ഭൂമിയുടെ നഷ്ടപരിഹാരം ഇനിയും വൈകിക്കരുതെന്നാണ് ഇവരുടെ ആവശ്യം. തുച്ഛമായ നഷ്ടപരിഹാരം കിട്ടിയാലും മാഹിയില്‍ സ്ഥലം വാങ്ങിക്കാനാവാതെ കുടുംബമൊന്നടങ്കം കേരളത്തിലേക്ക് പറിച്ചുമാറ്റപ്പെടുന്നതിന്‍െറ ആശങ്കയും ഇവര്‍ക്കുണ്ട്. 10 ലക്ഷവും 20 ലക്ഷവും രൂപ വിലയുള്ള ഭൂമിയാണ് തുച്ഛവിലക്ക് വിട്ടുകൊടുക്കാന്‍ തയാറായത്. തങ്ങളുടെ മുന്‍തലമുറയും വരാനിരിക്കുന്ന തലമുറയും തങ്ങളും മരിച്ചുതീര്‍ന്നാലും അധികൃതരുടെ അലംഭാവത്തിന് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ നശിക്കുകയാണെന്ന് ഇരകളുടെ വാക്കുകള്‍. നടപടി വൈകുന്തോറും സമരത്തിന്‍െറ രൂപവും മാറുമെന്ന് ആക്ഷന്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. കാര്യക്ഷമമായ ഇടപെടല്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായില്ളെങ്കില്‍ നിയമസഭക്ക് മുന്നിലും മുഖ്യമന്ത്രിയുടെ വീടിന് മുന്നിലും ഉപരോധമേര്‍പ്പെടുത്തും. അനിശ്ചിതമായി നീളുന്ന ഈ ദുരവസ്ഥക്കെതിരെ ആക്ഷന്‍ കമ്മിറ്റി മദ്രാസ് ഹൈകോടതിയില്‍ നല്‍കിയ റിട്ട് ഹരജിയില്‍ ജില്ലാതല പര്‍ച്ചേസിങ് കമ്മിറ്റി രൂപവത്കരിച്ച് വിലനിര്‍ണയം നടത്തണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ 2013 സെപ്റ്റംബര്‍ 20ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിപണി വിലയെക്കാളും കുറഞ്ഞ തുകക്ക് ഉഭയസമ്മത പ്രകാരം ഭൂവുടമകള്‍ അംഗീകാരം നല്‍കി. ഭൂമിയുടെ പ്രാധാന്യമനുസരിച്ച് മൂന്ന് തട്ടുകളിലായാണ് വില നിശ്ചയിച്ചത്. തുടര്‍ന്ന് പുതുച്ചേരി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള എംപവേര്‍ഡ് കമ്മിറ്റി അംഗീകാരം നല്‍കുകയും ചെയ്തു. മാഹി റവന്യൂ വകുപ്പ് ആവശ്യപ്പെട്ട പ്രകാരം ഭൂമിയുടെ ആധാരവും മറ്റ് രേഖകളും 2014 മാര്‍ച്ചില്‍ സമര്‍പ്പിച്ചു. ഇതിനിടയില്‍ മദ്രാസ് ഹൈകോടതി വിധിക്കെതിരെ ദേശീയപാത അതോറിറ്റി, ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ കൊടുത്തെങ്കിലും അത് തള്ളുകയും ആറാഴ്ചകള്‍ക്കകം നടപടികള്‍ പൂര്‍ത്തിയാക്കി പ്രശ്നം പരിഹരിക്കണമെന്ന് വിധി പറയുകയും ചെയ്തു. എന്നാല്‍, നിയമത്തിന്‍െറ പഴുതുപയോഗിച്ച് ദേശീയപാത അതോറിറ്റി ആര്‍ബിട്രേറ്റര്‍ വേണമെന്ന ആവശ്യവുമായി രംഗത്തത്തെുകയായിരുന്നു. 2014 ഏപ്രില്‍ ഒന്നിന് പുറപ്പെടുവിച്ച വിധി പാടെ അവഗണിച്ച് ദേശീയപാത അതോറിറ്റി 2015 മാര്‍ച്ച് ആറിന് ആര്‍ബിട്രേറ്ററെ നിയമിച്ച് പ്രശ്നം നീട്ടിക്കൊണ്ടുപോവുകയാണെന്ന് ആക്ഷന്‍ കമ്മിറ്റി ലീഗല്‍ അഡൈ്വസര്‍ അഡ്വ. എ.പി. അശോക് പറഞ്ഞു. തെളിവെടുപ്പിന് ശേഷം ആര്‍ബിട്രേറ്റര്‍ നിശ്ചയിക്കുന്ന തുക ജില്ലാതല പര്‍ച്ചേസിങ് കമ്മിറ്റിയുടേതിന് സമാനമാണെങ്കില്‍ അതിനെയും എതിര്‍ക്കുമെന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ വ്യക്തമാക്കിയതായും പദ്ധതി നീട്ടിക്കൊണ്ടുപോയി ജനത്തെ ബുദ്ധിമുട്ടിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ നീക്കത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ഈ നീക്കത്തിനെതിരെ ആക്ഷന്‍ കമ്മിറ്റി കോടതിയലക്ഷ്യ നടപടിയാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.