നെടുങ്കണ്ടം: ൈകക്കൂലിക്കേസിൽ ഉടുമ്പൻചോല സർവേ സൂപ്രണ്ട് അറസ്റ്റിലായതോടെ താലൂക്കിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ദുരനുഭവങ്ങളുടെ കെട്ടഴിയുന്നു. വ്യാഴാഴ്ച 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സൂപ്രണ്ടിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്.ഈ ഓഫിസിനെതിരെ വർഷങ്ങളായി ഉയരുന്ന പരാതികൾക്ക് കണക്കില്ല. വസ്തു റീസർവേ ചെയ്തുകിട്ടാത്തതിൽ മനംനൊന്ത് വീട്ടമ്മ ആത്മഹത്യ ചെയ്തതും പട്ടയസ്കെച്ചിനായി ഓഫിസുകൾ കയറിയിറങ്ങിയ വിധവയുടെ നിരാഹാരവും ശയനസമരവും തുടങ്ങി റീ സർവേയുടെ പേരിൽ പീഡനമനുഭവിക്കുന്നവരുടെ വേദനനിറഞ്ഞ കഥകൾ നിരവധിയാണ്. 2016 ജൂലൈ 10നാണ് ഉടുമ്പൻചോല- മേലേചെമ്മണ്ണാർ ചെട്ടിശേരിൽ സജിയുടെ ഭാര്യ ബെറ്റി (44) ആത്മഹത്യചെയ്തത്. മാസങ്ങളോളം വിേല്ലജ്-താലൂക്ക് ഓഫിസുകളിലും കലക്ടറേറ്റിലും കയറിയിറങ്ങിയിട്ടും റവന്യൂ അധികൃതർ വസ്തു റീ സർവേ ചെയ്തുനൽകാത്തതിൽ മനംനൊന്താണ് ബെറ്റി ജീവനൊടുക്കിയത്. 2012 ജൂലൈ 19ന് ഈ ഓഫിസിനുമുന്നിൽ അണക്കര വില്ലേജിൽ ചേറ്റുകുഴി രാജാക്കണ്ടം തോട്ടിക്കാട്ടിൽ ഗോപാലനാണ് ശയനസമരം നടത്തിയത്. റീസർവേ നമ്പർ ലഭിക്കാൻ മൂന്നുവർഷം ഓഫിസിൽ കയറിയിറങ്ങിയ ശേഷമായിരുന്നു സമരം. പട്ടയ സ്കെച്ചില്ലാത്തതിനാൽ അതിര് നിർണയിച്ചുകിട്ടിയില്ലെന്ന പരാതിയുമായി ഓഫിസ് കയറിയിറങ്ങി മടുത്തശേഷമാണ് നെടുങ്കണ്ടം വലിയവീട്ടിൽ ഷൈലജയുടെ മകൻ അനിൽകുമാർ 2016 ജൂലൈ 15ന് നിരാഹാരം നടത്തിയത്. മുൻ മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ ഈ ഓഫിസിനെതിരെ പരാതിപ്രളയമായിരുന്നു. 10 വർഷത്തിലധികമായി റീ സർവേക്ക് അപേക്ഷ നൽകി കാത്തിരിക്കുന്നവർ ഈ താലൂക്കിലുണ്ട്. ഓഫിസിലെത്തി അപേക്ഷ നൽകുമ്പോൾ ജീവനക്കാർ ആവശ്യപ്പെടുന്ന ‘പടി’ നൽകിയാൽ പൊടുന്നനെ കാര്യങ്ങൾക്ക് തീരുമാനമാകും. ഫയലുകൾ ജീവനക്കാരുടെ ബാഗുകളിലാക്കി കൊണ്ടുപോവുകയാണ് പതിവ്. സൂപ്രണ്ട് പിടിയിലായ സാഹചര്യത്തിലെങ്കിലും മറ്റ് ജീവനക്കാർ തങ്ങളുടെ കാര്യം സാധിച്ച് നൽകുമെന്ന വിശ്വാസത്തിലാണ് പലരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.