നെടുങ്കണ്ടം: പനി ബാധിച്ച് 15ഓളം നഴ്സിങ് വിദ്യാർഥികളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി തൊടുപുഴ ജില്ല ആശുപത്രിയിലേക്ക് റഫർ ചെയ്തു. എം.ജി യൂനിവേഴ്സിറ്റിയുടെ കീഴിൽ നെടുങ്കണ്ടത്ത് പ്രവർത്തിക്കുന്ന നഴ്സിങ് കോളജ് വിദ്യാർഥിനികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംശയം തോന്നിയതിനെ തുടർന്ന് ഏഴ് വിദ്യാർഥിനികളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ബുധനാഴ്ച അഡ്മിറ്റ് ചെയ്യുകയായിരുന്നു. പന്നിപ്പനി പ്രതിരോധിക്കാനുള്ള മരുന്നാണ് വിദ്യാർഥികൾക്ക് നൽകിയത്. എന്നാൽ, പന്നിപ്പനിയെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ബുധനാഴ്ച ഉച്ചക്കാണ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികളെ കോളജ് അധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം ഏഴ് കുട്ടികളെയും തുടർന്ന് അസ്വസ്ഥതകളും ക്ഷീണവും തോന്നിയ മറ്റ് കുട്ടികളെക്കൂടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിശോധനക്കുശേഷം ചിലരെ വിട്ടയക്കുകയും മറ്റുള്ളവരെ വൈകീട്ട് തൊടുപുഴയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. പന്നിപ്പനിയെന്ന് ആശുപത്രി അധികൃതർ സംശയം പ്രകടിപ്പിച്ചു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ഉച്ചക്ക് പ്രവേശിപ്പിച്ച അഞ്ചു വിദ്യാർഥികളുടെ രക്തസാമ്പിളുകൾ പരിശോധനക്കായി തൊടുപുഴയിലെ ലാബിലേക്ക് അയച്ചിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ഈ വിദ്യാർഥികൾ നിരീക്ഷണത്തിലായിരുന്നു. എന്നാൽ, ലാബിൽനിന്ന് ഫലം അറിയാൻ താമസമുള്ളതിനാലും വീണ്ടും മറ്റ് കുട്ടികൾക്കുകൂടി ലക്ഷണങ്ങൾകണ്ട് തുടങ്ങിയതിനാലാണ് താലൂക്ക് ആശുപത്രിയിൽനിന്ന് തൊടുപുഴയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.