തൊടുപുഴ: സ്വകാര്യ ബസ് ൈഡ്രവറെ കമ്പിവടിക്ക് അടിച്ച് മാരകമായി പരിക്കേൽപിച്ചു. പാലാ-ചീനിക്കുഴി റൂട്ടിൽ സർവിസ് നടത്തുന്ന തൂഫാൻ ബസിലെ ൈഡ്രവർ ശ്രീകുമാറിനെയാണ് (40) ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെ ചീനിക്കുഴിയിൽ വെച്ച് ആക്രമിച്ചത്. കാലിന് ഗുരുതര പരിക്കേറ്റ ശ്രീകുമാറിനെ തൊടുപുഴയിലെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് മോട്ടോർ തൊഴിലാളി യൂനിയൻ-സി.ഐ.ടി.യു നേതൃത്വത്തിൽ വ്യാഴാഴ്ച തൊടുപുഴ മേഖലയിൽ സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചു. ഏഴോളം ബി.എം.എസുകാർ ശ്രീകുമാറിനെ വളഞ്ഞിട്ട് തല്ലുകയായിരുന്നുവെന്ന് സി.െഎ.ടി.യു ആരോപിച്ചു. സ്ഥലത്തുണ്ടായിരുന്നവർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. തൊടുപുഴ മുനിസിപ്പൽ സ്റ്റാൻഡ് കേന്ദ്രീകരിച്ച് ഒരു വർഷത്തോളമായി ബി.എം.എസ്-സി.ഐ.ടി.യു ജീവനക്കാർ തമ്മിൽ ബസുകൾ സ്റ്റാൻഡ് പിടിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ആക്രമികളെ അറസ്റ്റ് ചെയ്യണമെന്നും മുനിസിപ്പൽ സ്റ്റാൻഡിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കണമെന്നും മോട്ടോർ തൊഴിലാളി യൂനിയൻ തൊടുപുഴ മേഖല കമ്മിറ്റി പ്രസിഡൻറ് ടി.ആർ. സോമനും സെക്രട്ടറി എ.എം. ഷഹബും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.