കാട്ടാന ശല്യം: നേരിടാന്‍ വനാതിര്‍ത്തികളില്‍ സ്ഥാപിച്ച വൈദ്യുതി വേലികള്‍ നശിച്ചു

അടിമാലി: കാട്ടാന ശല്യം ഒഴിവാക്കാന്‍ വനാതിര്‍ത്തികളില്‍ സ്ഥാപിച്ച വൈദ്യുതി വേലികള്‍ നശിച്ചു. ഇതോടെ, കാട്ടാനകള്‍ ജനവാസ മേഖലയില്‍ നാശം വിതക്കുന്നു. അടിമാലി, നേര്യമംഗലം, ദേവികുളം, മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍ റേഞ്ചുകളില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച വൈദ്യുതി വേലികളാണ് നശിച്ചത്. അറ്റകുറ്റപ്പണി നടത്താത്തതാണ് കാരണം. വനത്തില്‍ താമസിക്കുന്ന ആദിവാസി കോളനികളുടെ സംരക്ഷണത്തിനായാണ് വൈദ്യുതി വേലികള്‍ സ്ഥാപിച്ചിരുന്നത്. ആദിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് സോളര്‍ സംവിധാനത്തോടെയാണ് ഇത്തരം വൈദ്യുതി ലൈനുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. സോളാര്‍ തകരാറിലാകുകയും വൈദ്യുതി ഇല്ലാതാകുകയും ചെയ്യുന്നതിനാല്‍ കാട്ടാനകളാണ് ഇത് നശിപ്പിക്കുന്നത്. പലഘട്ടങ്ങളിലായി മൂന്നു കോടിയിലേറെയാണ് ചെലവഴിച്ചത്. ഇതിനു പുറമെ വനത്തെയും കാര്‍ഷിക മേഖലയെയും വേര്‍തിരിക്കുന്ന കിടങ്ങുകള്‍ സ്ഥാപിച്ചെങ്കിലും ഇവയും നികന്നു. ഇതോടെ, കാട്ടാനകള്‍ ജനവാസ മേഖലയിലേക്ക് എത്തുന്നുവെന്ന് ആദിവാസികളും വനത്തോട് ചേര്‍ന്നു കിടക്കുന്ന കര്‍ഷകരും പറയുന്നു. കാട്ടാനകള്‍ കൃഷി നശിപ്പിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കുന്നതിന് ഉദ്യോഗസ്ഥര്‍ തടസ്സം നില്‍ക്കുന്നതായും അര്‍ഹമായ പ്രതിഫലം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ളെന്നും പരാതിയുണ്ട്. അടിമാലി, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ചിന്നക്കനാല്‍, ശാന്തന്‍പാറ, രാജകുമാരി, ബൈസണ്‍വാലി, ദേവികുളം പഞ്ചായത്ത് പരിധിയിലാണ് കാട്ടാനകളുടെ ശല്യം രൂക്ഷം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.