ഹൈറേഞ്ചില്‍ അപകടം പതിവാകുന്നു മൂന്നു ദിവസത്തിനിടെ 31 പേര്‍ക്ക് പരിക്ക്; രണ്ടു മരണം

തൊടുപുഴ: മോട്ടോര്‍ വാഹന വകുപ്പും പൊലീസും അപകടങ്ങള്‍ കുറക്കാന്‍ കര്‍ശന നടപടികളുമായി രംഗത്തിറങ്ങിയിട്ടും ജില്ലയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു. ഒരാഴ്ചയായി ഹൈറേഞ്ചിന്‍െറ വിവിധ ഭാഗങ്ങളില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുകയാണ്. ദിവസം ഒന്നിലേറെ അപകടങ്ങള്‍ പതിവാണ്. ഹര്‍ത്താല്‍ ദിനമായ തിങ്കളാഴ്ച കാറുകള്‍ കൂട്ടിയിടിച്ച് അഞ്ചു വയസ്സുകാരിയും പിതാവും മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. അന്നേദിവസം തന്നെ ചെറുതോണിക്ക് സമീപം കരിമ്പനില്‍ നിയന്ത്രണം വിട്ട് കാര്‍ മണ്‍തിട്ടയിലിടിച്ച് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്കും വണ്ടിപ്പെരിയാറ്റില്‍ രോഗിയുമായ പോയ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഏഴുപേര്‍ക്കും മൂന്നാറില്‍ കൊക്കയിലേക്ക് മറിഞ്ഞ കാറില്‍നിന്ന് തെറിച്ചുവീണ് ഡ്രൈവര്‍ക്കും പരിക്കേറ്റിരുന്നു. കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലും നിരവധി അപകടങ്ങളാണ് നടന്നത്. മൂന്നാറില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് നാലുപേര്‍ക്കാണ് പരിക്കേറ്റത്. മൂലമറ്റത്ത് നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് വൈദികനും പരിക്കേറ്റിരുന്നു. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഇടുക്കിയിലെ റോഡുകളെക്കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് ധാരണയില്ലാത്തതുമാണ് മിക്ക അപകടങ്ങള്‍ക്കും കാരണം. നെടുങ്കണ്ടത്ത് രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം സംഭവിച്ചത് സമാന്തരമായി സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ്. കൊടുംവളവുകളും കുത്തിറക്കവുമാണ് അപകടങ്ങള്‍ക്ക് കാരണം. നിരവധി വിനോദസഞ്ചാരികളാണ് പാതകളെക്കുറിച്ചുള്ള അജ്ഞത മൂലം അപകടത്തില്‍പെടുന്നത്. കട്ടപ്പന-കുമളി, മൂലമറ്റം-ഇടുക്കി, അടിമാലി-മൂന്നാര്‍ പാതകളില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. അമിത വേഗമാണ് മിക്ക അപകടങ്ങള്‍ക്കും കാരണം. കഴിഞ്ഞ ദിവസം ഇടമലക്കുടിയിലേക്ക് കുട്ടികളുമായി പോയ വാഹനം അപകടത്തില്‍പെട്ട് ഏഴ് കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അപകടം വര്‍ധിക്കുമ്പോഴും കടുത്ത നടപടി സ്വീകരിക്കുന്നില്ളെന്ന് ആക്ഷേപമുണ്ട്. ജില്ലയിലെ വാഹനങ്ങളുടെ അമിത വേഗം തടയാനും നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. അപകട മരണ നിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ നടപടികള്‍ ശക്തമാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പും പൊലീസും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.