മാ​ലി​ന്യം ന​ടു​റോ​ഡി​ൽ; മൂ​ക്കു​പൊ​ത്തി നെ​ടു​ങ്ക​ണ്ടം

നെടുങ്കണ്ടം: ബേഡിമെട്ടിൽ മാലിന്യം തള്ളുന്നത് സമീപവാസികൾ എതിർത്തതോടെ ടൗണിൽ കുമിഞ്ഞ് ദുർഗന്ധം വമിക്കുന്നു. ടൗണിലെ മുഴുവൻ മാലിന്യവും അങ്ങിങ്ങായി കുമിഞ്ഞു കൂടിയിരിക്കുകയാണ്. പ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത് അധികൃതർക്കും കഴിഞ്ഞിട്ടില്ല. മൂന്നു ദിവസം മുമ്പ് ബേഡിമെട്ടിലെ ഡമ്പിങ് സ്റ്റേഷനിലേക്ക് മാലിന്യവുമായി പോയ ഗ്രാമപഞ്ചായത്തിെൻറ വാഹനം സമീപവാസികൾ തടഞ്ഞ് മടക്കി അയച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. മാലിന്യ സംസ്കരണ പ്ലാെൻറന്ന വ്യാജേന ബേഡിമെട്ടിൽ ഡമ്പിങ് സ്റ്റേഷനാണ് പ്രവർത്തിക്കുന്നത്. മാലിന്യം തരംതിരിക്കാതെയാണ് ഇവിടെ തട്ടുകയാണ്. നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുമ്പോൾ തീയിടുകയാണ് പതിവ്. കഴിഞ്ഞ ദിവസം ഇവിടെ കക്കൂസ് മാലിന്യം തട്ടിയതും സമീപവാസികളെ പ്രകോപിപ്പിച്ചു. വർഷങ്ങളായി ജനജീവിതം ദുരിതപൂർണമാക്കുന്ന ഡമ്പിങ് സ്റ്റേഷൻ നിർത്തലാക്കി സംസ്കരണ പ്ലാൻറ് പ്രവർത്തിപ്പിക്കണമെന്ന് സമീപവാസികൾ പലതവണ ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് ഭരണസമിതി നടപടിയെടുത്തില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഞായറാഴ്ച രാവിലെ മാലിന്യ വാഹനം തടഞ്ഞത്. പഞ്ചായത്തിെൻറ മാലിന്യത്തിനു പുറമെ സ്വകാര്യ കാറ്ററിങ് സ്ഥാപനങ്ങളും രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നുണ്ട്. ഡമ്പിങ് സ്റ്റേഷനിലേക്ക് മറ്റ് വാഹനങ്ങൾ കടക്കാതിരിക്കാൻ ഗേറ്റ് സ്ഥാപിക്കാൻ പോലും പഞ്ചായത്തിനു കഴിഞ്ഞില്ല. 2008ൽ ഖര-ജൈവ-പ്ലാസ്റ്റിക് മാലിന്യം വേർതിരിച്ച് സംസ്കരിക്കുന്ന പ്ലാൻറ് ആരംഭിച്ചിരുന്നു. ജൈവവള നിർമാണവും ലക്ഷ്യമിട്ടിരുന്നു. കുറേവർഷം പ്ലാൻറ് പ്രവർത്തിച്ചു. പിന്നീട് അധികാരത്തിലെത്തിയ പഞ്ചായത്ത് ഭരണസമിതി തിരിഞ്ഞുനോക്കാതായതോടെ പ്ലാൻറ് പ്രവർത്തനം നിലച്ചു. കഴിഞ്ഞ വർഷം കെട്ടിടത്തിൽ ചില അറ്റകുറ്റപ്പണി നടത്തിയതല്ലാതെ പ്ലാൻറ് പ്രവർത്തന സജ്ജമാക്കിയില്ല. ഭക്ഷണാവശിഷ്ടങ്ങൾ തെരുവുനായ്ക്കളും കാക്കയും മറ്റും കൊത്തിവലിച്ച് സമീപത്തെ വീടുകളിലും കിണറുകളിലും മറ്റും ഇടുന്നതും കൊതുകുശല്യവും സമീപവാസികളുടെ ഉറക്കം കെടുത്തുന്നു. ടൗണിലെ വ്യാപാരികളും സമീപത്തെ താമസക്കാരും ക്വാർട്ടേഴ്സ് ജീവനക്കാരും മറ്റും ചാക്കിൽ കെട്ടി തട്ടിയ മാലിന്യം നായ്ക്കളും മറ്റും കടിച്ചുവലിച്ച് റോഡിലിട്ടിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.