തൂ​ക്കു​പാ​ലം ആ​റ്റി​ൽ മാ​ലി​ന്യം കു​മി​യു​ന്നു

നെടുങ്കണ്ടം: മൂന്ന് പഞ്ചായത്തിലൂടെ ഒഴുകുന്ന തൂക്കുപാലം ആറ്റിൽ മാലിന്യം കുമിയുന്നു. നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ പഞ്ചായത്തുകളെ ചുറ്റിയാണ് ആറൊഴുകുന്നത്. ആറിനെ സംരക്ഷിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപടി സ്വീകരിക്കാൻ പഞ്ചായത്തുകൾ തയാറാകുന്നില്ല. കൂട്ടാർ, തേർഡ്ക്യാമ്പ്, ബാലഗ്രാം, തൂക്കുപാലം, മുണ്ടിയെരുമ, കല്ലാർ പ്രദേശങ്ങളിലൂടെ ഒഴുകുന്ന ആറ് ആയിരക്കണക്കിനാളുകളുടെ ആശ്രയമാണ്. എന്നാൽ, തൂക്കുപാലത്താണ് പുഴ ഏറ്റവുമധികം മലിനമാകുന്നത്. വർഷങ്ങൾക്ക് മുമ്പ് 37 ലക്ഷം െചലവഴിച്ച് തൂക്കുപാലത്തിനു സമീപം ചെക്ക്ഡാം നിർമിച്ചിരുന്നു. എന്നിട്ടും നാട്ടുകാർക്ക് കാര്യമായ പ്രയോജനം ലഭിച്ചിട്ടില്ല. വെള്ളം കെട്ടിനിർത്തിയിട്ടുണ്ടെങ്കിലും സമീപത്തെ ഓടകളിൽനിന്നുള്ള മലിനജലം തള്ളുന്നത് കാരണം ജലം ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ്. മലിനജലം കെട്ടിക്കിടന്ന് മത്സ്യസമ്പത്തും പൂർണമായി നശിച്ചു. അനിയന്ത്രിതമായ മാലിന്യം തള്ളലും കൈയേറ്റവും ആറിനെ നാശത്തിലേക്ക് തള്ളിവിടുകയാണ്. പ്രദേശത്തെ മുഴുവൻ കിണറുകളിലെയും കുളങ്ങളിലെയും ജലലഭ്യത തൂക്കുപാലം ആറിനെ അടിസ്ഥാനമാക്കിയാണ്. കൂടാതെ, സമീപ പഞ്ചായത്തുകളിലെയും ജലസേചന പദ്ധതികളും ആറുമായി ബന്ധപ്പെട്ടു കിടക്കുന്നു. പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ ആറ്റിലെ വെള്ളം ശുദ്ധീകരിച്ചാൽ പരിഹാരമാകും. രാത്രിയിൽ പരിസരങ്ങളിൽനിന്ന് വൻതോതിൽ വാഹനങ്ങളിൽ മാലിന്യമെത്തിച്ച് തൂക്കുപാലം ആറ്റിൽ തട്ടുന്ന സംഘങ്ങളുമുണ്ട്. അറവുമാലിന്യങ്ങൾക്കു പുറമെ മാർക്കറ്റിലെ മത്സ്യാവശിഷ്ടങ്ങളും പുഴയിലാണ് തള്ളുന്നത്. ആറിെൻറ തീരത്ത് മാലിന്യം കുമിഞ്ഞുകൂടി പലപ്പോഴും ദുർഗന്ധം പരത്തുന്നതിനൊപ്പം പരിസരത്ത് താമസിക്കുന്നവർക്ക് രോഗങ്ങൾ പടരുന്ന അവസ്ഥയാണ്. ആറിെൻറ സമീപത്തുള്ള ചില വീടുകളിലെയും സ്ഥാപനങ്ങളിലെയും കക്കൂസ് പൈപ്പുകൾ ആറ്റിലേക്ക് തുറന്നുെവച്ചിരിക്കുന്നതായും പരാതിയുണ്ട്. കൈയേറിയുള്ള നിർമാണ പ്രവർത്തനങ്ങളും പുഴയെ നശിപ്പിച്ചു. ആറ്റിലേക്ക് മാലിന്യം തള്ളുന്നവരെ പൊലീസ് സഹായത്തോടെ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.