ആയിരങ്ങളുടെ കുടിവെള്ളം മുട്ടിച്ച് പന്നിയാര്‍പുഴയിലേക്ക് ഇറച്ചിക്കോഴി അവശിഷ്ടം തള്ളി

രാജാക്കാട്: നിരവധി പഞ്ചായത്തുകളിലെ ആയിരക്കണക്കിന് വരുന്ന ആളുകള്‍ക്ക് കുടിവെള്ളത്തിന് ആശ്രയമായ പന്നിയാര്‍ പുഴയില്‍ വന്‍തോതില്‍ ഇറച്ചിക്കോഴിയുടെ അവശിഷ്ടം തള്ളി. മഴക്കാലം ആരംഭിച്ച് ഹൈറേഞ്ച് മേഖലയില്‍ ജലജന്യ രോഗങ്ങളും പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിക്കുന്ന സമയത്താണ് ഇത്തരത്തില്‍ അറവുമാലിന്യങ്ങള്‍ അടക്കം വന്‍തോതില്‍ പുഴയിലേക്ക് നിക്ഷേപിക്കുന്നത്. ആയിരക്കണക്കിന് വരുന്ന ആളുകളുടെ ആശ്രയമായ പന്നിയാര്‍ പുഴയെ മാലിന്യമുക്തമാക്കി സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍, അധികൃതരുടെ കടുത്ത അവഗണനയില്‍ കൈയേറ്റങ്ങള്‍കൊണ്ടും മാലിന്യനിക്ഷേപംകൊണ്ടും പന്നിയാര്‍പുഴ അനുദിനം ഇല്ലാതാവുന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞദിവസം രാത്രിയിലും പൂപ്പാറ ടൗണിന് മുകള്‍ ഭാഗത്തുനിന്ന് ഇരുട്ടിന്‍െറ മറവില്‍ ഇറച്ചിക്കോഴിയുടെ അറവ് അവശിഷ്ടങ്ങള്‍ പുഴയിലേക്ക് തള്ളി. ഇവ ഒഴുകിയത്തെി പൂപ്പാറ പാലത്തിന് സമീപത്തുള്ള ഹോട്ടലിനോട് ചേര്‍ന്ന് കെട്ടിക്കിടന്നതോടെ പ്രതിഷേധവും ശക്തമായി. രാജാക്കാട്, രാജകുമാരി, സേനാപതി, ശാന്തമ്പാറ തുടങ്ങിയ പഞ്ചായത്തുകളിലേക്ക് കുടിവെള്ളമത്തെിക്കുന്നതും പന്നിയാര്‍പുഴയിലെ വെള്ളം ശുദ്ധീകരിച്ചാണ്. മാത്രവുമല്ല പുഴയുടെ ഇരുകരകളിലും താമസിക്കുന്ന ആയിരക്കണക്കിന് വരുന്ന കൊച്ചുകുട്ടികളടക്കമുള്ളവര്‍ കുളിക്കുന്നതും ഇതേ പുഴയില്‍തന്നെയാണ്. അതുകൊണ്ടുതന്നെ വന്‍തോതിലുള്ള ഇത്തരം മാലിന്യനിക്ഷേപം വലിയ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുമെന്നതിന് സംശയമില്ല. മാലിന്യ സംസ്കരണത്തിന് വേണ്ട സൗകര്യമില്ലാത്തതാണ് ഇവിടെ ഇത്തരത്തില്‍ മാലിന്യനിക്ഷേപം നടക്കാന്‍ കാരണം. പൂപ്പാറ ടൗണില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങലില്‍നിന്നുമുള്ള പ്ളാസ്റ്റിക്കും ഹോട്ടലുകളില്‍നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും നിക്ഷേപിക്കുന്നത് ടൗണിന്‍െറ പലഭാഗത്തായാണ്. നിലവില്‍ മഴക്കാലം ആരംഭിച്ചതോടെ ഇവയെല്ലാം ശക്തമായ മഴയില്‍ ഒഴുകിയത്തെുന്ന വെള്ളപ്പാച്ചിലില്‍ ഇവ ചെന്നത്തെുന്നത് പുഴയിലേക്കും. മാത്രവുമല്ല, ടൗണിന് സമീപത്തായി പുഴയോടുചേര്‍ന്ന് നിരവധിയായ അറവുശാലകളാണ് പഞ്ചായത്തിന്‍െറയോ മറ്റും അനുമതിയും ലൈസന്‍സുമില്ലാതെ പ്രവര്‍ത്തിക്കുന്നത്. ഇവിടെനിന്നുള്ള അറവുമാലിന്യങ്ങളും മലിനജലവും ഒഴുക്കിവിടുന്നതും പുഴയിലേക്കാണ്. പരിസ്ഥിതി പ്രവര്‍ത്തകരും മറ്റ് നാട്ടുകാരും നിരവധി തവണ ആരോഗ്യവകുപ്പിനും മറ്റ് അധികൃതര്‍ക്കും പരാതിനല്‍കിയെങ്കിലും പുഴയെ സംരക്ഷിക്കുന്നതിന് ഒരുവിധ നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. അധികൃതരുടെ അനാസ്ഥയാണ് പുറത്തുനിന്നുള്ള ആളുകള്‍ക്കും മാലിന്യങ്ങള്‍ വാഹനങ്ങളില്‍ കയറ്റി ഇവിടെയത്തെിച്ച് പുഴയിലേക്ക് തള്ളുന്നതിന് പ്രചോദനമാകുന്നത്. അനധികൃതമായ ഇത്തരം മാലിന്യനിക്ഷേപത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ളെങ്കില്‍ വരുംദിവസങ്ങളില്‍ പകര്‍ച്ചവ്യാധികളും മറ്റ് ആരോഗ്യ പ്രശ്നങ്ങളും പ്രദേശത്തെ അഞ്ച് പഞ്ചായത്തുകളില്‍ പടര്‍ന്നുപിടിക്കുമെന്നതിന് സംശയമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.