അന്‍ഷാദിന്‍െറ റാങ്ക് ഇടുക്കിയുടെ തിളക്കം

തൊടുപുഴ: വരച്ചും പാടിയും കളിമണ്ണില്‍ ശില്‍പങ്ങള്‍ മെനഞ്ഞും പ്രതിഭ തെളിയിച്ച അന്‍ഷാദ് സുബൈര്‍ ഇപ്പോള്‍ ജില്ലയുടെ അഭിമാനമാണ്. എന്‍ജിനീയറിങ് പ്രവേശ പരീക്ഷയില്‍ ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ സംസ്ഥാനത്ത് നാലാം റാങ്കാണ് തൊടുപുഴ കലയന്താനി കല്ലുംപുറത്ത് വീട്ടില്‍ കെ.എം. സുബൈര്‍-ഷാജിദ ദമ്പതികളുടെ മകന്‍ അന്‍ഷാദിനെ തേടിയത്തെിയത്. ഒ.ബി.സി വിഭാഗത്തില്‍ രണ്ടാം റാങ്കുകാരനായ അന്‍ഷാദ് ജില്ലയില്‍നിന്നുള്ള ഏകറാങ്ക് ജേതാവ് കൂടിയാണ്. കുഞ്ഞുനാള്‍ മുതല്‍ അന്‍ഷാദില്‍ ഒരു കലാകാരനുണ്ട്. കളിമണ്ണില്‍ രൂപങ്ങള്‍ മെനയും പാടും കഥാപ്രസംഗം പറയും നന്നായി ചിത്രം വരക്കും. അങ്ങനെ അവന്‍ മനസ്സിലുറപ്പിച്ചു, ആര്‍ക്കിടെക്ടാകണം. പഠനത്തിലും ഒട്ടും പിന്നിലായിരുന്നില്ല. ആറാം ക്ളാസുവരെ തൊടുപുഴ സെബാസ്റ്റ്യന്‍സ് സ്കൂളിലും ഏഴു മുതല്‍ പത്തുവരെ തൊടുപുഴ ഡീപോള്‍ സ്കൂളിലും പ്ളസ് ടു പഠനം മുതലക്കോടം സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമായിരുന്നു. സ്കൂള്‍ പഠനത്തിന് കൂട്ടുകാരെല്ലാം സി.ബി.എസ്.ഇ സിലബസ് തേടിപ്പോയപ്പോള്‍ അന്‍ഷാദ് പഠിച്ചത് മുഴുവന്‍ സ്റ്റേറ്റ് സിലബസാണ്. റാങ്കിന്‍െറ തിളക്കത്തില്‍ നില്‍ക്കുമ്പോഴും അങ്ങനെ പഠിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് പറയുന്നു, ഈ മിടുക്കന്‍. 1200ല്‍ 1200 മാര്‍ക്കും നേടിയാണ് പ്ളസ് ടു വിജയിച്ചത്. തുടര്‍ന്ന് കളമശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒരു മാസത്തോളം എന്‍ട്രന്‍സ് പരിശീലനം. പരിശീലന കേന്ദ്രത്തിലെ അധ്യാപകനാണ് റാങ്ക് വിശേഷം വിളിച്ചുപറഞ്ഞത്. 335 ആണ് സ്കോര്‍. വാര്‍ത്തയത്തെുമ്പോള്‍ പിതാവ് സുബൈര്‍ തിരുവനന്തപുരത്തായിരുന്നു. ‘ഒരുപാട് സന്തോഷമുണ്ട്. ആദ്യ 10 റാങ്കുകളിലൊന്ന് പ്രതീക്ഷിച്ചിരുന്നു. തിരുവനന്തപുരത്തെ കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ചേരാനാണ് താല്‍പര്യം’-അന്‍ഷാദ് ‘മാധ്യമ’ത്തോട് പറഞ്ഞു. പഠനത്തിനിടെ മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട് അന്‍ഷാദ്. കഥാപ്രസംഗം, മാപ്പിളപ്പാട്ട്, ചിത്രരചന, ക്ളേ മോഡലിങ്...കൈവെക്കാത്ത മേഖലകള്‍ ചുരുക്കം. പ്ളസ് ടുവിന് പഠിക്കുമ്പോള്‍ ക്ളേ മോഡലിങ്ങിന് സംസ്ഥാനതലത്തില്‍ ഏഴാം സ്ഥാനം നേടി. റാങ്ക് വാര്‍ത്തയറിഞ്ഞത് മുതല്‍ കൂട്ടുകാരുടെയും നാട്ടുകാരുടെയും അഭിനന്ദന പ്രവാഹങ്ങള്‍ക്കും വീട്ടുകാരുടെ ആഹ്ളാദങ്ങള്‍ക്കും നടുവിലാണ് അന്‍ഷാദ്. ഏക സഹോദരി സുനൈന മൂലമറ്റം സെന്‍റ് ജോസഫ്സ് അക്കാദമിയില്‍ എം.എസ്സി വിദ്യാര്‍ഥിനിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.