ഇടുക്കിയില്‍ മഴ കുറയുന്നു

തൊടുപുഴ: അണക്കെട്ടുകളും ജലാശയങ്ങളും വെള്ളച്ചാട്ടങ്ങളുംകൊണ്ട് ജലസമൃദ്ധിയുടെ നാടായ ഇടുക്കിയില്‍ മഴ ഗണ്യമായി കുറയുന്നു. ഓരോ വര്‍ഷവും ജില്ലയില്‍ ലഭിക്കുന്ന മഴയുടെ അളവില്‍ കാര്യമായ കുറവുണ്ടാകുന്നതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍െറ കണക്കുകള്‍ വ്യക്തമാക്കുന്നത്. കാര്‍ഷിക മേഖലയായ ജില്ലയുടെ സാമൂഹിക, സാമ്പത്തിക ഘടനയില്‍ കാലാവസ്ഥാ വ്യതിയാനം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. മഴ കുറഞ്ഞതോടെ ജില്ലയിലെ പ്രധാന അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് മുന്‍ വര്‍ഷങ്ങളില്‍ ഇതേ സമയത്തെ അപേക്ഷിച്ചു കുറവാണ്. പല അണക്കെട്ടുകളിലും സംഭരണശേഷിയുടെ പകുതിയില്‍ താഴെയാണ് ജലനിരപ്പ്. സംസ്ഥാനത്തിന്‍െറ ഊര്‍ജോല്‍പാദനത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഇടുക്കിയില്‍ മഴ കുറയുന്നത് വൈദ്യുതി മേഖലയിലും ആശങ്കക്കിടയാക്കുന്നു. ഈ വര്‍ഷത്തെ മഴക്കാല സീസണില്‍ ജില്ലയില്‍ പെയ്ത മഴയുടെ അളവില്‍ 17 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സാധാരണ 1169.8 മി.മീ. മഴ ലഭിക്കേണ്ടിടത്ത് ഇത്തവണ ലഭിച്ചത് 976.3 മില്ലിമീറ്ററാണ്. ജൂലൈ 14 മുതല്‍ 20വരെയുള്ള ഒരാഴ്ച സാധാരണ 155.9 മി.മീ. മഴ ലഭിക്കേണ്ടതായിരുന്നെങ്കിലും പെയ്തത് 76.8 മി.മീ. മാത്രം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ലഭിച്ച മഴയെ അപേക്ഷിച്ച് 51 ശതമാനം കുറവാണിത്. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി 29വരെ ജില്ലയില്‍ 10.2 മി.മീ. മഴ പെയ്തു. മുന്‍ വര്‍ഷങ്ങളില്‍ ഇതേ സമയം 35.5 മി.മീ. പെയ്യുന്ന സ്ഥാനത്താണിത്. 71 ശതമാനം കുറവാണ് ഈ കാലയളവിലെ മഴയിലുണ്ടായത്. ഇത് വന്‍തോതിലുള്ള കുറവായി കാലാവസ്ഥാ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. മഴക്കാലത്തിന് തൊട്ടുമുമ്പുള്ള കാലയളവായ ഈ വര്‍ഷം മാര്‍ച്ച് ഒന്നു മുതല്‍ മേയ് 31വരെ ജില്ലയില്‍ പെയ്ത മഴയുടെ അളവിലും 16 ശതമാനം കുറവുണ്ട്. സാധാരണ 426.6 മി.മീ. മഴ ലഭിക്കുന്ന ഈ സമയത്ത് യഥാര്‍ഥത്തില്‍ ലഭിച്ചതാകട്ടെ 358 മി.മീ. കഴിഞ്ഞവര്‍ഷം തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ സീസണായ ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30വരെയുള്ള കാലയളവില്‍ 26 ശതമാനം കുറച്ചു മഴയാണ് ജില്ലയില്‍ പെയ്തത്. സാധാരണ 2276.2 മി.മീ. ലഭിക്കുന്ന ഈ സീസണില്‍ മഴ 1695.6 മില്ലിമീറ്ററായി കുറഞ്ഞു. കഴിഞ്ഞവര്‍ഷം വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ സീസണായ ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31വരെ സാധാരണ 629.2 മി.മീ. മഴ ലഭിക്കുന്നിടത്ത് 564.2 മില്ലിമീറ്ററാണ് ലഭിച്ചത്. ഈ സീസണില്‍ മഴയുടെ അളവില്‍ 12 ശതമാനം കുറവ് രേഖപ്പെടുത്തി. അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളിലും പൊതുവെ മഴ കുറവാണ്. കഴിഞ്ഞദിവസം ഇടുക്കിയില്‍ രേഖപ്പെടുത്തിയത് 3.4 മി.മീ. മഴയാണ്. മൂന്നാര്‍ -3.4, മൈലാടുംപാറ -11.4, പീരുമേട് -1.2, തൊടുപുഴ -0.8 എന്നിങ്ങനെയാണ് ജില്ലയിലെ മറ്റ് പ്രധാന കേന്ദ്രങ്ങളില്‍ പെയ്ത മഴയുടെ അളവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.