ഇടമലക്കുടിയിലേക്കുള്ള തെരഞ്ഞെടുപ്പ് സംഘം ശനിയാഴ്ച യാത്ര തിരിക്കും

മൂന്നാര്‍: സംസ്ഥാനത്തെ ആദ്യത്തെ ഗോത്രവര്‍ഗപഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള തെരഞ്ഞെടുപ്പ് സംഘം ശനിയാഴ്ച വോട്ടുയന്ത്രങ്ങളുമായി പുറപ്പെടും. മൂന്നാറില്‍നിന്ന് വളരെ ദൂരയുള്ള പഞ്ചായത്തായതിനാലും യാത്ര ഏറെ ദുര്‍ഘടമായതിനാലുമാണ് ശനിയാഴ്ച തന്നെ സംഘം പുറപ്പെടുന്നത്. ഒരു വാര്‍ഡില്‍ ഒരു പ്രിസൈഡിങ് ഓഫിസറടക്കം ഒമ്പതു പേരടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്. രണ്ടുപേരടങ്ങുന്ന സുരക്ഷാ ജീവനക്കാരും സംഘത്തിലുണ്ടാകും. മീന്‍കൊത്തിക്കുടി, നെല്‍മണല്‍കുടി, മുളകുതറക്കുടി, കീഴ്പത്തന്‍കുടി, ഷെഡ്കുടി, നൂറടിക്കുടി, പരപ്പയാര്‍കുടി, തേന്‍പാറക്കുടി, ഇഡ്ഡലിപ്പാറക്കുടി, ഇഡ്ഡലിപ്പാറ തെക്കുകുടി, ആണ്ടവന്‍കുടി, സൊസൈറ്റിക്കുടി, അമ്പലപ്പടിക്കുടി എന്നീ 13 വാര്‍ഡുകളിലാണ് വോട്ടിങ് നടക്കുന്നത്. മൂന്നാറില്‍നിന്ന് എത്തുന്ന സംഘം അതത് വാര്‍ഡുകളില്‍ സജ്ജമാക്കിയിരിക്കുന്ന ഗിരിജന്‍ സൊസൈറ്റികളിലും സ്കൂളുകളിലും താമസിച്ച് വോട്ടിങ് പൂര്‍ത്തിയാക്കി മൂന്നിന് ഉച്ചയോടെ തിരിച്ചത്തെും. കഴിഞ്ഞതവണ പെട്ടിമുടിവരെ വാഹനങ്ങളിലത്തെി കാല്‍നടയായി വേണം ഇടമലക്കുടിയിലത്തൊന്‍. എന്നാല്‍, ഇത്തവണ റോഡ് മാര്‍ഗം ഇഡ്ഡലിപ്പാറവരെ വാഹനങ്ങളില്‍ അധികൃതര്‍ക്ക് എത്താന്‍ സൗകര്യമുണ്ട്. കുടികളിലേക്കുപോകുന്ന ജീവനക്കാര്‍ക്ക് സ്ളീപിങ് ബാഗുകളും ഫസ്റ്റ് എയ്ഡ് ബോക്സും നല്‍കിയിട്ടുണ്ട്. സി.പി.എം, യു.ഡി.എഫ്, ബി.ജെ.പി എന്നീ പാര്‍ട്ടികളുടെ 34 സ്ഥാനാര്‍ഥികളാണ് ഇടമലക്കുടിയില്‍ മത്സരരംഗത്തുള്ളത്. 2010 കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് ഇടമലക്കുടി പഞ്ചായത്തായി പിറവിയെടുത്തത്. പൊതുസമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ട് കഴിയുന്ന മുതുവാന്‍ സമുദായത്തില്‍പെട്ട ആദിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനാണ് മൂന്നാര്‍ പഞ്ചായത്തിന്‍െറ ഒരു വാര്‍ഡ് മാത്രമായിരുന്ന ഇടമലക്കുടിക്ക് പഞ്ചായത്ത് പദവി നല്‍കിയത്. 106 ച.കി.മീറ്ററാണ് കുടിയുടെ വിസ്തൃതി. ജനസംഖ്യ ആറായിരമാണെങ്കിലും 1807 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒമ്പതു സീറ്റ് നേടി യു.ഡി.എഫ് അധികാരം പിടിച്ചെടുത്തിരുന്നു. എന്നാല്‍, ഇത്തവണ മൂന്നു പാര്‍ട്ടിയും കുടികളില്‍ സജീവമായി രംഗത്തുണ്ട്. വാഹനസൗകര്യം ഇല്ലാത്തതിനാല്‍ കാല്‍നടയായും മറ്റുമാണ് പ്രചാരണം. ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍ മൂന്നു ദിവസം കുടികളില്‍ പ്രചാരണത്തിനത്തെിയിരുന്നു. സ്ഥാനാര്‍ഥികളെ നേരിട്ട് കുടികളിലത്തെിച്ച് ദൃശ്യങ്ങളും ഫോട്ടോകളും കാട്ടിയാണ് പ്രചാരണം നടക്കുന്നത്. ഭക്ഷണ സാധനങ്ങളുമായി കുടികളിലത്തെി ദിവസങ്ങളോളം താമസിച്ചാണ് നേതാക്കള്‍ പ്രവര്‍ത്തനം നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.