ദുരിത കൂടാരം, ഈ ആദിവാസി കോളനികള്‍

അടിമാലി: നാടെങ്ങും വികസനക്കുതിപ്പില്‍ മുന്നേറുമ്പോള്‍ ഗോത്രസമൂഹം ഇതൊന്നുമറിയാതെ ഇരുട്ടിലാണ്. വൈദ്യുതി, വീട്, റോഡ്, വിദ്യാഭ്യാസം, കുടിവെള്ളം തുടങ്ങി അടിസ്ഥാന സൗകര്യമൊന്നുമില്ലാതെ ശിലായുഗത്തില്‍ തന്നെയാണ് ദേവികുളം താലൂക്കിലെ ആദിവാസികളിപ്പോഴും. നാട്ടില്‍ വൈദ്യുതീകരിക്കാത്ത വീടുകള്‍ ചുരുക്കമാണ്. എന്നാല്‍, ദുര്‍ബലരായ ആദിവാസി വിഭാഗങ്ങള്‍ക്ക് വൈദ്യുതി ഇന്നും കാണാമറയത്തുതന്നെ. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെയും ആദിവാസി വിഭാഗങ്ങളുടെയും വീടുകള്‍ വൈദ്യുതീകരിക്കുന്നതിന് സര്‍ക്കാര്‍ പദ്ധതികള്‍ നിലവിലുണ്ട്. എന്നാല്‍, അതൊന്നും ആദിവാസികള്‍ക്ക് ഗുണം ചെയ്യുന്നില്ല. ചില സ്ഥലങ്ങളില്‍ ആദിവാസികള്‍ക്കെന്ന പേരില്‍ വൈദ്യുതി ലൈനുകള്‍ വലിച്ചിട്ടുണ്ടെങ്കിലും അതിന്‍െറ ഗുണം അനുഭവിക്കുന്നത് സമീപത്തെ മറ്റ് വിഭാഗങ്ങള്‍ക്കാണ്. ജില്ലയിലെ ഭൂരിഭാഗം ആദിവാസി കോളനികളുടെയും സ്ഥിതി ഇതുതന്നെയാണ്. കോളനിയിലെ വീടുകളോടുചേര്‍ന്ന് വൈദ്യുതി ലൈനുകള്‍ കടന്നുപോകുന്നുണ്ടെങ്കിലും ഇതേവരെ ഇവരുടെ വീടുകളില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടിയായില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് വയറിങ് നടത്തിയ വീടുകളുമുണ്ട് ഇക്കൂട്ടത്തില്‍. വൈദ്യുതി ലഭിക്കുന്നതിന് അപേക്ഷ നല്‍കിയെങ്കിലും ഇതേവരെ നടപടിയായില്ളെന്ന് കോളനിവാസികള്‍ പരാതിപ്പെടുന്നു. വനംവകുപ്പിന്‍െറ തടസ്സമാണ് ഇതിന് പ്രധാന കാരണം. പലയിടങ്ങളിലും കാലപ്പഴക്കത്താല്‍ വയറിങ് നശിച്ചുതുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ട ട്രൈബല്‍ പ്രമോട്ടറോ വകുപ്പ് അധികൃതരോ തിരിഞ്ഞുനോക്കാറില്ളെന്നും കോളനിവാസികള്‍ പറയുന്നു. അടിമാലി, മാങ്കുളം, മറയൂര്‍, കാന്തലൂര്‍, വട്ടവട തുടങ്ങിയ പഞ്ചായത്തുകളില്‍ ആദിവാസികള്‍ ഏറെ താമസിക്കുന്ന മേഖലകളിലും ഇതു തന്നെയാണ് സ്ഥിതി. വനത്തിനുള്ളിലെ ആദിവാസികള്‍ക്ക് ഇന്നും മണ്ണെണ്ണ വിളക്ക് മാത്രമാണ് ആശ്രയം. വനത്തിനുള്ളിലൂടെ വൈദ്യുതിലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളാണ് വൈദ്യുതി ലഭിക്കാത്തതിന് കാരണം. വിദ്യാര്‍ഥികളുള്ള വീട്ടില്‍ വൈദ്യുതി കണക്ഷന്‍ നല്‍കണമെന്ന നിര്‍ദേശമിരിക്കെയാണ് ഇത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്ന പാര്‍ട്ടികള്‍ക്ക് മാത്രമേ വോട്ട് രേഖപ്പെടുത്തുകയുള്ളൂവെന്ന തീരുമാനവും വിവിധ കോളനികളില്‍നിന്ന് ഉയര്‍ന്നുവരുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.