ഗോദ തയാര്‍; ഫ്ളക്സ് ഒരുക്കാന്‍ നെട്ടോട്ടം

തൊടുപുഴ: ചിരിച്ചുനില്‍ക്കുന്ന ചിത്രവും ചിഹ്നവുമായി ഫ്ളക്സ്ബോര്‍ഡ് തയാറാക്കി നല്‍കണമെന്ന ആവശ്യവുമായി എത്തുന്ന സ്ഥാനാര്‍ഥി പലപ്പോഴും മങ്ങിയ മുഖത്തോടെയാണ് പ്രിന്‍റിങ് പ്രസുകളില്‍നിന്ന് മടങ്ങുന്നത്. രണ്ടുദിവസം കഴിഞ്ഞേ തരാന്‍ കഴിയൂട്ടോ എന്ന മറുപടിയാണ് ഈ മങ്ങലിന് പിന്നില്‍. കാരണമെന്താണെന്ന് ചോദിച്ചാല്‍ പ്രസുകളില്‍ ഫ്ളക്സ് മയമാണ്. പത്രിക പിന്‍വലിക്കല്‍ അവസാനിച്ച് ചിഹ്നവും ലഭിച്ചതോടെ രാവും പകലുമൊക്കെ സ്ഥാനാര്‍ഥിയുടെ ചിരിക്കുന്ന മുഖകമലം ഒരുക്കിയെടുക്കുന്ന തിരക്കിലാണ് ഇവര്‍. പത്രിക പിന്‍വലിക്കല്‍ അവസാനിച്ചതോടെ നാടുനീളെ കൂറ്റന്‍ ഫ്ളക്സുകള്‍ ഉയര്‍ന്നുതുടങ്ങി. ഇടുക്കിയിലെ എല്ലാ നഗരങ്ങളിലും ഇപ്പോള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത് പ്രസുകളാണ്. സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തുന്ന മുഖ്യപ്രചാരണ ഉപാധിയെന്ന നിലയില്‍ കെട്ടിലും മട്ടിലും ഫ്ളക്സ് പോരാട്ടത്തില്‍ മുന്നിലത്തെണമെന്ന ലക്ഷ്യത്തിലാണ് ഓരോ സ്ഥലത്തും ഫ്ളക്സുകള്‍ ഉയരുന്നത്. ചുവരെഴുത്തും തുണികൊണ്ടുള്ള ബാനറുകളും അപ്രത്യക്ഷമായി കഴിഞ്ഞിട്ടുണ്ട്. തിരക്ക് വര്‍ധിച്ചതിനെതുടര്‍ന്ന് അടുത്ത സംസ്ഥാനങ്ങളിലേക്കും ഫ്ളക്സിനുവേണ്ടി സ്ഥാനാര്‍ഥിയുടെ അനുചരന്മാര്‍ യാത്ര തിരിച്ചിട്ടുണ്ട്. ഫ്ളക്സിനുവേണ്ടി പണം ചെലവഴിക്കാന്‍ സ്ഥാനാര്‍ഥികള്‍ക്ക് ഒരു മടിയുമില്ല. ആദ്യമാദ്യം ഫ്ളക്സ് അടിക്കുന്നവര്‍ക്കേ കൃത്യമായ സ്ഥലത്ത് ഇത് സ്ഥാപിക്കാന്‍ കഴിയൂവെന്ന ചിന്തയിലാണ് ഇപ്പോഴത്തെ നെട്ടോട്ടം. എന്തായാലും ഇലക്ഷന്‍ ചാകര മുതലെടുക്കാന്‍ ബംഗാളി തൊഴിലാളികളെ വരെ പ്രസുകളില്‍ നിയോഗിച്ചാണ് മുതലാളിമാര്‍ കൊയ്ത്ത് നടത്തുന്നത്. സീസണ്‍ കഴിഞ്ഞാല്‍ തൊഴിലാളികള്‍ക്ക് ടൂര്‍ പ്രോഗ്രാംവരെ ഇവര്‍ തയാറാക്കി ഓഫറുകളും നല്‍കിയിട്ടുണ്ട്. തങ്ങള്‍ക്ക് കിട്ടിയ ചാകര ക്കോള് എന്തുത്യാഗം സഹിച്ചും ചെയ്ത് കൊടുക്കാന്‍ പ്രസുകാര്‍ തയാറായതോടെ വരുംദിവസങ്ങളില്‍ പുഞ്ചിരിക്കുന്ന മുഖവും ചിഹ്നങ്ങളുമായി സ്ഥാനാര്‍ഥികള്‍ പാതയോരങ്ങളില്‍ നിറയുമെന്ന കാര്യം തീര്‍ച്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.