ശബരിമല തീര്‍ഥാടനം: ഗതാഗത സുരക്ഷയൊരുക്കി സേഫ് സോണ്‍

തൊടുപുഴ: ശബരിമല തീര്‍ഥാടന കാലമാരംഭിച്ചതോടെ ജില്ലയില്‍ തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് അധികൃതര്‍ വ്യക്തമാക്കി. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കി മോട്ടോര്‍ വാഹന വകുപ്പിന്‍െറ നേതൃത്വത്തില്‍ നടപ്പാക്കുന്ന സേഫ് സോണ്‍ പദ്ധതി തുടങ്ങി. മുണ്ടക്കയം മുതല്‍ കുമളി വരെയുള്ള 56 കിലോമീറ്ററും കുട്ടിക്കാനം മുതല്‍ കമ്പംമെട്ട് വരെയുള്ള 66 കിലോമീറ്ററും വണ്ടിപ്പെരിയാര്‍ മുതല്‍ സത്രം വരെയുള്ള 14 കിലോമീറ്ററുമാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട ജില്ലയുടെ ഭാഗം. കേരള റോഡ് സേഫ്ടി അതോറിട്ടിയുടെ സഹകരണത്തോടെയാണ് ജില്ലയില്‍ കഴിഞ്ഞവര്‍ഷം മുതല്‍ പദ്ധതി ആരംഭിച്ചത്. ശബരിമല സീസണില്‍ റോഡപകടങ്ങള്‍ കുറക്കുക, തീര്‍ഥാടകരുടെ വാഹനങ്ങള്‍ തകരാറിലായാല്‍ സഹായമത്തെിക്കുക, ഗതാഗതക്കുരുക്ക് ഉണ്ടാകാതെ സൂക്ഷിക്കുക, അപകടമുണ്ടായാല്‍ അടിയന്തര രക്ഷാപ്രവര്‍ത്തനവും പ്രഥമ ശുശ്രൂഷയും ലഭ്യമാക്കുക, റോഡിനെക്കുറിച്ചും ട്രാഫിക്കിനെ സംബന്ധിച്ചും ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. സേഫ് സോണ്‍ പദ്ധതിയുടെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സബ് കണ്‍ട്രോള്‍ റൂമും തിങ്കളാഴ്ച മുതല്‍ കുട്ടിക്കാനത്ത് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. പദ്ധതിയില്‍ ഉള്‍പ്പെട്ട റോഡുകളെ അഞ്ച് സെക്ടറുകളായി തിരിച്ച് ഏഴ് സ്ക്വാഡുകള്‍ 24 മണിക്കൂറും പട്രോളിങ് നടത്തും. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സേഫ് സോണ്‍ പദ്ധതിയുടെ ഭാഗമായി കുമളിയിലും വണ്ടിപ്പെരിയാറിലും പ്രത്യേക ട്രാഫിക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഭക്തര്‍ക്ക് റോഡുമാര്‍ഗം കൃത്യമായി മനസ്സിലാക്കുന്നതിന് സൂചനാ ബോര്‍ഡുകള്‍ റോഡിന്‍െറ ഇരുവശങ്ങളിലും ജങ്ഷനുകളിലും സ്ഥാപിച്ചുകഴിഞ്ഞു. ഏതെങ്കിലും അടിയന്തര സാഹചര്യത്തില്‍ സഹായം ആവശ്യമായിവന്നാല്‍ അതിനായി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസിന്‍െറയും റവന്യൂ വകുപ്പിന്‍െറയും സംയുക്ത സഹകരണത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് വാഹന ഗതാഗത നിയന്ത്രണത്തോടൊപ്പം അയ്യപ്പഭക്തര്‍ക്കായുള്ള സുരക്ഷാ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഗതാഗത സൗകര്യം കലക്ടര്‍ വി. രതീശനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പരിശോധന നടത്തും. മോട്ടോര്‍ വാഹന വകുപ്പ് കുമളിയിലെ ചെക് പോസ്റ്റില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ച് ശക്തിപ്പെടുത്തി. രണ്ടുദിവസത്തിനകം കമ്പംമെട്ടിലെ ചെക്പോസ്റ്റില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. പരിശോധനയുടെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് നൈറ്റ് പട്രോളിങ് തുടങ്ങി. ഭക്തര്‍ക്കായി ആംബുലന്‍സ് സര്‍വിസും വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയതായി ആര്‍.ടി.ഒ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.