കടവുകളില്‍ വന്‍ മണല്‍ കൊള്ള

അടിമാലി: മണല്‍ മാഫിയ ജില്ലയിലെ കടവുകളില്‍നിന്ന് വ്യാപകമായി മണല്‍ വാരി കടത്തുന്നു. ഗൃഹനിര്‍മാണത്തിനും മറ്റും സര്‍ക്കാര്‍ നല്‍കുന്ന മണല്‍ പാസ് ലഭിക്കാന്‍ സാധാരണക്കാര്‍ നീണ്ട കാത്തിരിപ്പ് തുടരുമ്പോഴാണ് മാഫിയ ആവശ്യക്കാര്‍ക്ക് യഥേഷ്ടം മണല്‍ എത്തിച്ച് നല്‍കുന്നത്. കെട്ടിട നിര്‍മാണത്തിനായി ഇപ്പോള്‍ എത്തുന്ന മണല്‍ അധികവും അനധികൃതമാണ്. മണല്‍ പാസിന് അപേക്ഷിച്ചാല്‍ കെട്ടിട നിര്‍മാണം കഴിഞ്ഞാലും പാസ് ലഭിക്കില്ളെന്നതാണ് സ്ഥിതി. നിര്‍മാണം ആരംഭിച്ചിട്ടും പാസ് ലഭിക്കാതെ വരുന്നതോടെ ആവശ്യക്കാര്‍ മണല്‍ കടത്തുകാരെ സമീപിക്കും. അധികവില നല്‍കി ആവശ്യമായ മണല്‍ ഇറക്കാന്‍ നിര്‍ബന്ധിതരാകുന്നവര്‍ പിന്നീട് സ്വന്തം പേരില്‍ അനുവദിച്ചു കിട്ടുന്ന മണല്‍ പാസ് മാഫിയക്ക് മറിച്ചുവില്‍ക്കുകയാണ് ചെയ്യുന്നത്. ഫലത്തില്‍ ഇടപാടുകളെല്ലാം മണല്‍ മാഫിയ മുഖേനയാകും. പഞ്ചായത്തിലാണ് മണല്‍ പാസിന് അപേക്ഷിക്കേണ്ടത്. അവിടെനിന്ന് കലക്ടറേറ്റിലേക്ക് അപേക്ഷ അയക്കും. മുന്‍ഗണനാ ക്രമത്തില്‍ വരുന്ന അപേക്ഷകളില്‍ പാസ് അനുവദിക്കേണ്ടത് കലക്ടറേറ്റില്‍ നിന്നാണ്. സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്ന പാസൂകള്‍ കലക്ടറേറ്റില്‍നിന്ന് തദ്ദേശ സ്ഥാപനങ്ങള്‍ വഴി അപേക്ഷകര്‍ക്ക് വിതരണം ചെയ്യും. എന്നാല്‍, അപേക്ഷകരുടെ എണ്ണം കണക്കാക്കിയല്ല സര്‍ക്കാര്‍ പാസ് അനുവദിക്കുന്നത്. ജില്ലയില്‍ ആവശ്യമായ പാസിന്‍െറ മൂന്നിലൊന്ന് മാത്രമാണ് ഒരു തവണ അനുവദിക്കുക. ഇത് പൂര്‍ണമായും അനധികൃത മണല്‍കടത്തുകാരെ സഹായിക്കുന്നതിനാണ്. അപേക്ഷ നല്‍കുന്നവര്‍ക്ക് എപ്പോള്‍ പാസ് ലഭിക്കുമെന്ന് പറയാന്‍ പഞ്ചായത്ത് അധികൃതര്‍ക്കുപോലും കഴിയുന്നില്ല. ഇക്കാര്യത്തില്‍ കൃത്യമായി പ്രതികരിക്കാന്‍ കലക്ടറേറ്റിലെ ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്നവരും തയാറല്ല. പാസില്ലാതെ രണ്ടിരട്ടിയോളം പണം നല്‍കിയാണ് ആവശ്യക്കാര്‍ മണല്‍ കടത്തുകാരില്‍നിന്ന് മണല്‍ വാങ്ങുന്നത്. ഇരട്ടിവില നല്‍കി മണല്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ അടുത്തുള്ള തോടുകളില്‍നിന്നും പുഴകളില്‍നിന്നും മണല്‍ വാരുന്നുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.