ജില്ലയില്‍ ബ്ളേഡ് മാഫിയ പിടിമുറുക്കുന്നു തൊടുപുഴ: ജില്ലയില്‍ വീണ്ടും ബ്ളേഡ് മാഫിയ പിടിമുറുക്കുന്നു.

ഹൈറേഞ്ച്-ലോറേഞ്ച് വ്യത്യാസമില്ലാതെ മാഫിയ സംഘം വിലസിയിട്ടും പൊലീസ് തിരിഞ്ഞുനോക്കാതായതോടെ കൂടുതല്‍ ശക്തി പ്രാപിച്ചിരിക്കുകയാണ് ഇക്കൂട്ടര്‍. സാധാരണക്കാരാണ് കൂടുതലായും മാഫിയയുടെ വലയില്‍പ്പെട്ടിരിക്കുന്നത്. വ്യാപാരികളും ഇവരുടെ ചതിയില്‍പ്പെട്ടിട്ടുണ്ട്. വട്ടിപ്പലിശക്ക് പണം കടംവാങ്ങി കിടപ്പാടം നഷ്ടമായവരും ഏറെയാണ്. നിയമത്തെ വെല്ലുവിളിച്ച് കൊള്ളപ്പലിശയും ഗുണ്ടായിസവുമായി ബ്ളേഡ് സംഘങ്ങള്‍ വിലസുമ്പോഴും റെയ്ഡ് നടത്താനോ പരാതി കിട്ടിയാല്‍ അന്വേഷിക്കാനോ പൊലീസ് വേണ്ട താല്‍പര്യം കാട്ടുന്നില്ളെന്നും ആക്ഷേപം ഉയരുന്നുണ്ട്. ഓപറേഷന്‍ കുബേരയുടെ തുടക്കത്തില്‍ പൊലീസ് റെയ്ഡ് ശക്തമാക്കിയതോടെ ജില്ലയിലെ കൊള്ളപ്പലിശക്കാരില്‍ പലരും കുടുങ്ങി. എന്നാല്‍, പിന്നീട് റെയ്ഡും അന്വേഷണവുമെല്ലാം പേരിന് മാത്രമൊതുങ്ങി. നിലവില്‍ ഓപറേഷന്‍ കുബേര മൂന്നാംഘട്ടം തുടരുന്നതായി പൊലീസ് പറയുമ്പോഴും ഇത് കാര്യക്ഷമമല്ളെന്ന് ആക്ഷേപമുണ്ട്. കൊള്ളപ്പലിശക്കാരെ പൊലീസ് കണ്ടില്ളെന്നു നടിക്കുന്നത് മുതലെടുത്ത് ബ്ളേഡ് മാഫിയയും തമിഴ് വട്ടിപ്പലിശ സംഘങ്ങളും ജില്ലയില്‍ സജീവമായിക്കഴിഞ്ഞു. 1000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെയുള്ള ഇടപാടുകളാണ് കൊള്ളപ്പലിശക്ക് ബ്ളേഡ് മാഫിയ നടത്തുന്നത്. ബ്ളാങ്ക് ചെക്കുകളും പ്രോമിസറി നോട്ടുകളും ആധാരങ്ങളും വരെ ഈടായി വാങ്ങുന്ന ബ്ളേഡുകാര്‍ പണം തിരികെവാങ്ങാന്‍ ഗുണ്ടാസംഘങ്ങളെയും ഉപയോഗിക്കുന്നുണ്ട്. ഭീമമായ പലിശ അടയ്ക്കാന്‍ കഴിയാതെ പലിശയും കൂട്ടുപലിശയുമായി വാങ്ങിയ തുകയുടെ നാലിരട്ടിയോളമാകുമ്പോള്‍ കിടപ്പാടം പോലും ചുളുവിലക്ക് മാഫിയ സംഘത്തിന്‍െറ കൈകളിലാകും. ചതിയില്‍പ്പെടുന്ന ഭൂരിഭാഗം ആളുകളും മാനഹാനി ഭയന്ന് പുറത്തുപറയാന്‍ മടിക്കുന്നത് മാഫിയകള്‍ക്ക് വളമായിത്തീരുകയാണ്. ബ്ളേഡ് മാഫിയയുടെ ഭീഷണി മൂലം ആത്മഹത്യ ചെയ്തവരും ജില്ലയിലുണ്ട്. തമിഴ്നാട്ടില്‍നിന്നുള്ള വട്ടിപ്പലിശ സംഘങ്ങളും പല മേഖലകളിലും സജീവമാണ്. കൂടുതലും സാധാരണ കുടുംബങ്ങളെയും ചെറുകിട വ്യാപാരികളെയാണ് ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നത്. ഇതിന് കൂടുതല്‍ പ്രചാരം നേടിയതോടെ ജില്ലയിലാകമാനം സംഘം പ്രവര്‍ത്തനം വിപുലപ്പെടുത്തുകയായിരുന്നു. ഇതിന്‍െറ മറപിടിച്ചാണ് നാട്ടില്‍ തന്നെയുള്ളവര്‍ ബ്ളേഡ് മാഫിയകളായി വളര്‍ന്നത്. കുബേര റെയ്ഡില്‍ ആദ്യം പിടിയിലായ പലരും ഇപ്പോള്‍ വീണ്ടും ബ്ളേഡിടപാടുമായി രംഗത്തുണ്ട്. ചില രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും വരെ ഇത്തരം ബ്ളേഡ് സംഘങ്ങള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. കൊള്ളപ്പലിശക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസ് തയാറാകണമെന്ന ആവശ്യം ശക്തമാണ്. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് ബ്ളേഡ് മാഫിയ സംഘങ്ങള്‍ പരസ്യ പണപ്പിരിവ് നടത്തുമ്പോഴും അധികൃതര്‍ കണ്ടില്ളെന്ന് നടിക്കുകയാണ് ചെയ്യുന്നത്. പിടിയിലാകുന്നവര്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് പുറത്തിങ്ങി വീണ്ടും പണം കൊള്ളപലിശക്ക് കൊടുക്കുകയാണ് ചെയ്യുന്നത്. നിരവധി പരാതികളാണ് ഇത് സംബന്ധിച്ച് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനില്‍ ലഭിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.