കോവിഡ് ലക്ഷണത്തോടെ മരിക്കുന്നവരെ പരിശോധിക്കില്ല; തീരുമാനം ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്ന് വിദഗ്ധർ

ബംഗളൂരു: ഇനി മുതൽ കോവിഡ് ലക്ഷണത്തോടെ മരിക്കുന്നവരുടെ സാമ്പിൾ പരിശോധന നടത്തേണ്ടെന്ന സർക്കാർ തീരുമാനത്തിൽ സംശയം പ്രകടിപ്പിച്ച് ആരോഗ്യ രംഗത്തെ വിദഗ്ധർ. സംസ്ഥാനത്ത് ശ്വാസകോശ അസുഖമുള്ളവരിലും ഇൻഫ്ലുവൻസ രോഗമുള്ളവരിലും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇത്തരമൊരു തീരുമാനം ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമെന്നാണ് ഇവർ പറയുന്നത്. ഇതുവരെ കോവിഡ് ലക്ഷണത്തോടെ മരിച്ചവരുടെ സ്രവം ശേഖരിച്ച് പരിശോധനക്ക് അയച്ചിരുന്നു. മരണശേഷമാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതാണിപ്പോൾ ഒഴിവാക്കിയത്. എന്നാൽ, ഐ.സി.എം.ആർ മാനദണ്ഡപ്രകാരമായിരിക്കും മൃതദേഹം സംസ്കരിക്കുകയെന്നും കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു. കോവിഡ് സംശയിക്കപ്പെട്ട് മരിക്കുന്നവരുടെ സാമ്പിളും പരിശോധിക്കില്ലെന്ന് ഡൽഹി സർക്കാർ കഴിഞ്ഞദിവസം പറഞ്ഞതിന് പിന്നാലെയാണ് കർണാടകയും സമാനമായ രീതിയിലുള്ള തീരുമാനമെടുത്തത്. കോവിഡ് സംശയത്തെ തുടർന്ന് മരിക്കുന്നവരുടെ സാമ്പിളെടുത്ത് പരിശോധിക്കണമെന്നതാണ് ഐ.സി.എം.ആർ മാർഗനിർദേശം. ഇത് മരിച്ചയാളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനും അവരെ പരിശോധിക്കാനും അത്യാവശ്യമാണ്. എന്നാൽ, പരിശോധന ഒഴിവാക്കിയാൽ സമ്പർക്കത്തിലുള്ളവരെ കണ്ടെത്താനോ കോവിഡ് ബാധിച്ച് മരിച്ചവരുടെ യഥാർഥ കണക്ക് ലഭ്യമാക്കാനോ കഴിയില്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. കോവിഡ് ലക്ഷണത്തോടെ മരിക്കുന്ന പ്രായമായവരുടെ ഉൾപ്പെടെ പരിശോധന നടത്താത്തത് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നുമാണ് ഡോക്ടർമാർ ഉൾപ്പെടെ ആവശ്യപ്പെടുന്നത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം കുറച്ചുകൊണ്ട് പ്രതിഛായ ഉണ്ടാക്കാമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇത് ഫലപ്രദമാകില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.