-ഇതോടെ സംസ്ഥാനത്തെ 30 ജില്ലകളിലും കോവിഡ് സ്ഥിരീകരിച്ചു -പുതുതായി 161 പേർക്ക് രോഗം, രണ്ടു മരണം കൂടി -ബംഗളൂരുവിൽ മാത്രം 29 പേർക്ക് ബംഗളൂരു: സംസ്ഥാനത്ത് ഇതുവരെ ഒരു പോസിറ്റിവ് കേസ് പോലും റിപ്പോർട്ട് ചെയ്യാതെ ഗ്രീൻ സോണിലായിരുന്ന േകരള അതിർത്തിയോട് ചേർന്നുള്ള ചാമരാജ് നഗർ ജില്ലയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന 22 കാരനാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതുവരെ സംസ്ഥാനത്തെ 30 ജില്ലകളിൽ ചാമരാജ്നഗർ ജില്ല മാത്രമായിരുന്നു കോവിഡ് മുക്തമായിരുന്നത്. ഒരു പോസിറ്റിവ് കേസോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയുടെ ഗ്രീൻസോൺ പദവിയും നഷ്ടമായി. ആദ്യ കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവരെ കൂടുതൽ കർശനമായി നിരീക്ഷിക്കാൻ ജില്ല ഭരണകൂടം തീരുമാനിച്ചു. ജൂൺ ആറുവരെ ചാമരാജ് നഗറിൽ 3,051പേരെയാണ് പരിശോധനക്ക് വിധേയമാക്കിയിട്ടുള്ളത്. ഇവരിൽ ആർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. നിലവിൽ കുടക് (2), തുമകുരു (4), മൈസൂരു (5), കൊപ്പാൽ (8), രാമനഗര (4) എന്നീ ജില്ലകളിലാണ് ഏറ്റവും കുറവ് പോസിറ്റിവ് കേസുകളുള്ളത്. അതിനിടെ സംസ്ഥാനത്ത് ചൊവ്വാഴ്ച 161 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5,921 ആയി ഉയർന്നു. രണ്ടു പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ബംഗളൂരുവിൽ ചികിത്സയിലായിരുന്ന 65കാരനും കലബുറഗിയിൽ ചികിത്സയിലായിരുന്ന 17കാരിയുമാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 66 ആയി ഉയർന്നു. രോഗം സ്ഥിരീകരിച്ച 161 പേരിൽ 91 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും 24 പേർ വിദേശത്തുനിന്നും എത്തിയവരാണ്. 91 പേരിൽ ഏഴുപേരൊഴികെ ബാക്കിയെല്ലാവരും മഹാരാഷ്ട്രയിൽനിന്ന് എത്തിയവരാണ്. ചൊവ്വാഴ്ച യാദ്ഗിറിൽ 61 പേർക്കും ബംഗളൂരു അർബനിൽ 29 പേർക്കും ദക്ഷിണ കന്നടയിൽ 23 പേർക്കും രോഗം സ്ഥിരീകരിച്ചു. കലബുറഗി (10), ബിദർ (9), ദാവൻഗരെ (8), കൊപ്പാൽ (6), ശിവമൊഗ്ഗ (4), വിജയപുര (2), ചിക്കബെല്ലാപുര (2), മൈസൂരു (2), ധാർവാഡ് (2), ബഗൽകോട്ട് (1), തുമകുരു (1),ചാമരാജ് നഗർ (1) എന്നിങ്ങനെയാണ് ചൊവ്വാഴ്ച മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. ബംഗളൂരുവിൽ രോഗം സ്ഥിരീകരിച്ച 29 പേരിൽ 20 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. എസ്.എസ്.എൽ.സി പരീക്ഷ റദ്ദാക്കില്ല- വിദ്യാഭ്യാസ മന്ത്രി ബംഗളൂരു: സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ റദ്ദാക്കുമെന്ന ചോദ്യം തന്നെ പ്രസക്തമല്ലെന്നും സുരക്ഷ മുൻകരുതലോടെ പരീക്ഷ നടക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ പറഞ്ഞു. പരീക്ഷ റദ്ദാക്കുമെന്ന േചാദ്യം തന്നെ ഉദിക്കുന്നില്ല. പരീക്ഷക്കായുള്ള ഒരുക്കം വിദ്യാഭ്യാസ വകുപ്പ് നടത്തിവരികയാണ്. രക്ഷിതാക്കളും അധ്യാപകരും പരീക്ഷക്കായി വിദ്യാർഥികൾക്ക് ആത്മവിശ്വാസം നൽകണമെന്നും അദ്ദേഹം പറഞ്ഞു. കണ്ടെയ്ൻമൻെറ് സോണുകളിലുള്ള വിദ്യാർഥികൾക്ക് സപ്ലിമൻെററി പരീക്ഷ എഴുതാൻ അവസരമുണ്ടാകും. സാധാരണയായി ഒരു ക്ലാസിൽ 24 വിദ്യാർഥികളെയാണ് പരീക്ഷക്ക് ഇരുത്താറുള്ളതെങ്കിൽ ഇത്തവണ 18 പേരെയായിരിക്കും ഒരു ക്ലാസിൽ അനുവദിക്കുക. ഡെസ്ക്കുകൾ തമ്മിൽ 3.5 അടി അകലം ഉണ്ടാകും. വിദ്യാർഥികൾക്ക് മാസ്ക് നിർബന്ധമാണ്. കുടിക്കാനുള്ള വെള്ളം വീടുകളിൽനിന്ന് വിദ്യാർഥികൾ കൊണ്ടുവരണം. വിദ്യാർഥികൾക്കാവശ്യമായ ഗതാഗത സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.