പാർപ്പിട സമുച്ചയങ്ങളിലെ സുരക്ഷക്കായി കർശന മാർഗനിർദേശം

ബംഗളൂരു: പാർപ്പിട സമുച്ചയങ്ങളിൽ പാലിക്കേണ്ട സുരക്ഷ നടപടികൾ സംബന്ധിച്ച കർശനമായ മാർഗനിർദേശം സംസ്ഥാന സർക്കാർ പുറത്തിറക്കി. അപാർട്ട്മൻെറുകളിൽ ആളുകളെ കൂട്ടിയുള്ള ആഘോഷ പരിപാടികൾ പാടില്ലെന്നതാണ് പ്രധാന നിർദേശങ്ങളിലൊന്ന്. ജന്മദിനാഘോഷങ്ങൾ ഉൾപ്പെടെയുള്ള പരിപാടികളും പൊതുചടങ്ങുകളും അനുവദിക്കില്ല. പാർപ്പിട സമുച്ചയങ്ങളിലെത്തുന്നവരെ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിച്ചശേഷമായിരിക്കും പ്രവേശിപ്പിക്കുക. ശരീര താപനിലയിൽ വ്യത്യാസമുള്ളവരെ ഉടൻ തന്നെ ആശുപത്രിയിൽ പരിശോധനക്ക് എത്തിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. അതത് റെസിഡൻറ്സ് അസോസിയേഷനുകൾക്കും അപാർട്ട്മൻെറുകളിെല സംഘടനകൾക്കുമായിരിക്കും ഇതിൻെറ ചുമതല. റെസിഡൻഷ്യൽ മേഖലയിലെ ഫിറ്റ്നസ് സൻെററുകളും സ്വിമ്മിങ് പൂളുകളും തുറന്നു നൽകരുത്. പിന്നീട് ഇതിന് പ്രത്യേക മാനദണ്ഡങ്ങൾ നിശ്ചയിക്കും. 10 വയസ്സില്‍ താഴെയുള്ള കുട്ടികളും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും വീട്ടിന് പുറത്തിറങ്ങരുത്. കുട്ടികള്‍ പാര്‍പ്പിട സമുച്ചയങ്ങളിലെ പൊതുസ്ഥലത്ത് കളിക്കുന്നതും കര്‍ശനമായി വിലക്കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍നിന്നോ വിദേശത്തുനിന്നോ എത്തുന്നവര്‍ ക്വാറൻറീന്‍ സമയം കഴിയുന്നതുവരെ നിര്‍ബന്ധമായും മുറിയില്‍ കഴിയണം. ഇവര്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ റെസിഡൻറ്സ് അസോസിയേഷനുകള്‍ ശ്രദ്ധിക്കണം. പരസ്പരം രണ്ടുമീറ്റര്‍ അകലം സൂക്ഷിക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ട്. പാര്‍പ്പിട സമുച്ചയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ സാനിറ്റൈസറുകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം. ഗേറ്റില്‍ സാനിറ്റൈസറുകള്‍ സൂക്ഷിക്കാന്‍ തയാറാകണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. പുറത്തുനിന്നെത്തുന്ന ജോലിക്കാരോട് മുഖാവരണം ധരിക്കാനും ആവശ്യപ്പെടണം. നിശ്ചിത ഇടവേളകളില്‍ പാര്‍പ്പിട സമുച്ചയവും പരിസരവും ശുചീകരിക്കുകയും വേണം. റെസിഡൻറ്സ് അസോസിയേഷനുകള്‍ക്കാണ് ഇതിൻെറ ചുമതല. സർക്കാർ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കാൻ റെസിഡൻറ്സ് അസോസിയേഷനുകളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് വ്യാപനത്തിനിടയിലും ആരോഗ്യവകുപ്പിൽ ആളില്ല ബംഗളൂരു: കോവിഡ് വ്യാപനത്തിനിടയിലും സംസ്ഥാനത്ത് ആരോഗ്യ വകുപ്പിലെ 30 ശതമാനം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. കോവിഡ് കേസുകള്‍ കൂടുതലുള്ള വടക്കന്‍ കര്‍ണാടകത്തിലാണ് കൂടുതൽ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത്. പലയിടത്തും ജീവനക്കാരുടെ അഭാവം ദിവസേനയുള്ള പ്രവർത്തനങ്ങളെ ബാധിക്കുന്നുമുണ്ട്. നിലവിൽ 824 സ്‌പെഷലിസ്റ്റ്, 2,681 സ്റ്റാഫ് നഴ്‌സ്, 607 ജനറല്‍ ഡ്യൂട്ടി ഡോക്ടര്‍, 590 ലാബ് ടെക്‌നീഷ്യന്‍ എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. ഈ ഒഴിവുകളെല്ലാം നികത്തിയാല്‍ സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുമെന്നാണ് ജീവനക്കാർ പറയുന്നത്. ഒഴിവുകള്‍ നികത്തണമെന്ന് കര്‍ണാടക ഗവണ്‍മൻെറ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ.) നിരവധി തവണ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. സ്‌പെഷലിസ്റ്റുമാരെയും എം.ബി.ബി.എസ്. ഡോക്ടര്‍മാരെയും അടിയന്തരമായി റിക്രൂട്ട് ചെയ്യണമെന്ന് കെ.ജി.എം.ഒ.എ പ്രസിഡൻറ് എസ്.ജി. ശ്രീനിവാസ പറഞ്ഞു. വടക്കൻ കർണാടകയിൽ ഒാരോ ദിവസവും കൂടുതൽ പേർക്ക് കോവിഡ് രോഗം സ്ഥിരീകരിക്കുന്നതിനാൽ തന്നെ കൂടുതൽ ആരോഗ്യപ്രവർത്തകരുടെ സേവനം ആവശ്യമായിവരുകയാണെന്നും നിയമന നടപടികൾ വേഗത്തിലാക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.