ഞാ‍യറാഴ്ചത്തെ സമ്പൂർണ ലോക്ഡൗൺ പിൻവലിച്ചു

-എല്ലാ പ്രവർത്തനവും പതിവുപോലെ നടക്കുമെന്ന് യെദിയൂരപ്പ ബംഗളൂരു: സംസ്ഥാനത്ത് ഒാരോ ദിവസവും കൂടുതൽ പേർക്ക് കോവിഡ്-19 സ്ഥിരീകരിക്കുമ്പോൾ ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ഡൗൺ പിൻവലിച്ച് സർക്കാർ. നിലവിൽ രോഗം സ്ഥിരീകരിക്കുന്നവരിൽ ഭൂരിഭാഗവും ഇതര സംസ്ഥാനങ്ങളിൽനിന്നെത്തി നിരീക്ഷണത്തിലുള്ളവരിലാണെങ്കിലും ഞായറാഴ്ചയിലെ സമ്പൂർണ ലോക്ഡൗണും അതേതുടർന്നുള്ള കർഫ്യൂവും പിൻവലിച്ചതിൽ വ്യത്യസ്താഭിപ്രായമാണ് ഉയരുന്നത്. പൊതുജനങ്ങളുടെ ആവശ്യപ്രകാരം മേയ് 31 ഞായറാഴ്ചയിലെ സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കുകയാണെന്നും സാധാരണ ദിവസം പോലെ രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ നിയന്ത്രണങ്ങളുണ്ടാകില്ലെന്നും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പ്രസ്താവനയിൽ അറിയിച്ചു. മേയ് 18നാണ് കേരളത്തിൽ നടപ്പാക്കിയ മാതൃകയിൽ ഞായറാഴ്ച സമ്പൂർണ ലോക്ഡൗണായിരിക്കുമെന്ന് കർണാടക ഉത്തരവിറക്കിയത്. ഇതേതുടർന്ന് കഴിഞ്ഞ ഞായറാഴ്ച വാഹന ഗതാഗതം ഉൾപ്പെടെ നിരോധിച്ച് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. അവശ്യ സർവിസുകൾക്ക് മാത്രമായിരുന്നു അനുമതി നൽകിയിരുന്നത്. സംസ്ഥാനത്ത് പകൽ നിയന്ത്രണമില്ലെങ്കിലും രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെ കർഫ്യൂ നിലവിലുണ്ട്. അതിനാൽ ഞായറാഴ്ചത്തെ കർഫ്യൂ ഫലത്തിൽ ശനിയാഴ്ച രാത്രി ഏഴുമുതൽ തിങ്കളാഴ്ച രാവിലെ ഏഴുവരെയായി മാറിയിരുന്നു. ഇതേ രീതിയിൽ മേയ് 31നും സമ്പൂർണ ലോക്ഡൗൺ നടത്താനിരിക്കെയാണ് തീരുമാനം മാറ്റിയത്. സർക്കാറി‍ൻെറ പുതിയ തീരുമാന പ്രകാരം പതിവുപോലെ ഞായറാഴ്ച പകലും യാത്രക്കും കടകൾ തുറക്കാനും നിയന്ത്രണമുണ്ടാകില്ല. ഇതുസംബന്ധിച്ച പുതിയ ഉത്തരവ് ചീഫ് സെക്രട്ടറി ടി.എം. വിജയ് ഭാസ്കർ പുറത്തിറക്കി. രാത്രിയിലെ കർഫ്യൂ പഴയപോലെ തുടരും. ഞായറാഴ്ച മറ്റു ദിവസങ്ങളിലെ പോലെ ബി.എം.ടി.സി, കെ.എസ്.ആർ.ടി.സി ബസ് സർവിസുകളുമുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.