ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിനെതിരെ കോൺഗ്രസ് കോടതിയിലേക്ക്

അധികാരം പിടിച്ചെടുക്കാനുള്ള ബി.ജെ.പിയുടെ നീക്കമെന്ന് സിദ്ധരാമയ്യ ബംഗളൂരു: കർണാടകയിലെ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് മാറ്റിവെച്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനത്തിനെതിരെ കോടതി കയറാനൊരുങ്ങി കോൺഗ്രസ്. തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്നും പഞ്ചായത്തിരാജ് നിയമത്തിനെതിരായ തീരുമാനത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ വ്യക്തമാക്കി. കോവിഡ്-19ൻെറ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് നടത്താനും ഒരുക്കം പൂർത്തിയാക്കാനും പരിമിതികളുണ്ടെന്നും ഒഴിവാക്കാനാകാത്ത സാഹചര്യത്തെ തുടർന്ന് ഗ്രാമപഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് തൽക്കാലത്തേക്ക് മാറ്റിവെക്കുകയാണെന്നുമായിരുന്നു കർണാടക തെരഞ്ഞെടുപ്പ് കമീഷൻ വാർത്തക്കുറിപ്പിൽ അറിയിച്ചത്. സംസ്ഥാനത്തെ 6025 ഗ്രാമപഞ്ചായത്തുകളിൽ 5800 ഗ്രാമപഞ്ചായത്തുകളിലെ ഭരണസമിതിയുടെ കാലാവധി ജൂണിനും ആഗസ്റ്റിനുമിടയിൽ പൂർത്തിയാകും. ഇപ്പോഴത്തെ സാഹചര്യം പരിശോധിച്ചാണ് താൽക്കാലികമായി തെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ തീരുമാനിച്ചതെന്ന് കമീഷൻ അറിയിച്ചു. ഇനിയുള്ള ദിവസങ്ങളിലെ സാഹചര്യം പരിശോധിച്ചശേഷം തീയതി തീരുമാനിക്കും. െതരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് ജില്ല ഡെപ്യൂട്ടി കമീഷണർമാരിൽനിന്ന് റിപ്പോർട്ട് തേടിയിരുന്നു. ഉദ്യോഗസ്ഥരെല്ലാം കോവിഡ്-19 ഡ്യൂട്ടിയിലാണെന്നും അതിനാൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തുന്നത് ബുദ്ധിമുട്ടാണെന്നുമായിരുന്നു റിപ്പോർട്ട്. അതേസമയം, കർണാടക പഞ്ചായത്തിരാജ് നിയമത്തിൻെറ സെക്ഷൻ എട്ടു പ്രകാരം തെരഞ്ഞെടുപ്പ് നടത്താതെ ഭരണസമിതിയെ നിയോഗിക്കാനാകില്ലെന്നും ഇക്കാര്യം കോടതിയിൽ ചോദ്യംചെയ്യുമെന്നും സിദ്ധരാമയ്യ പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പിയുടെ താളത്തിനൊത്ത് തുള്ളുകയാണ്. ഗ്രാമപഞ്ചായത്ത് തലത്തിൽ ഇതിനെതിരെ കോൺഗ്രസ് പ്രതിഷേധിക്കും. തെരഞ്ഞെടുപ്പ് മാറ്റിവെച്ച് താൽക്കാലിക ഭരണസമിതി രൂപവത്കരിച്ച് ഗ്രാമപഞ്ചായത്തുകളിലെ അധികാരം പിടിച്ചടക്കാനാണ് ബി.ജെ.പി നീക്കമെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും അതിന് മുമ്പ് കാലാവധി പൂർത്തിയാക്കുന്ന ഗ്രാമപഞ്ചായത്തുകളിൽ ഭരണനിർവഹണത്തിന് പ്രത്യേക ഭരണസമിതി ഉണ്ടാക്കുമെന്നുമായിരുന്നു നേരത്തേ സർക്കാർ അറിയിച്ചിരുന്നത്. തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷണർ ബി. ബസവരാജുവിന് കത്ത് നൽകി. തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയാണെങ്കിൽ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ ഇപ്പോഴത്തെ ഭരണസമിതിയെ തുടരാൻ അനുവദിക്കണമെന്നാണ് കോൺഗ്രസിൻെറ ആവശ്യം. വെട്ടുകിളി ആക്രമണം: കർണാടക അതിജാഗ്രതയിൽ സംസ്ഥാനത്ത് നാശം വിതക്കാനുള്ള സാധ്യത കുറവെന്ന് വിദഗ്ധർ ബംഗളൂരു: വടക്കേ ഇന്ത്യയിൽ വെട്ടുകിളിക്കൂട്ടങ്ങൾ കൃഷിയിടങ്ങളിൽ കനത്ത നാശം വിതക്കുന്നതിനിടെ കർണാടകയിലും ജാഗ്രത നിർദേശം. മഹാരാഷ്ട്ര-തെലങ്കാന അതിർത്തിയിലെത്തിയ വെട്ടുകിളിക്കൂട്ടം സംസ്ഥാനത്തിൻെറ ഉത്തര ജില്ലകളിലെ കൃഷിയിടങ്ങളിലേക്കും നീങ്ങാൻ സാധ്യത മുന്നിൽകണ്ട് കൃഷി മന്ത്രി ബി.സി. പാട്ടീൽ ഉദ്യോഗസ്ഥതല യോഗം വിളിച്ചുചേർത്തു. കർണാടക ദുരന്ത നിവാരണ അതോറിറ്റിയും കാലാവസ്ഥ നിരീക്ഷണകേന്ദ്രവും കാര്യങ്ങൾ വിലയിരുത്തിവരുകയാണ്. നിലവിലെ സാഹചര്യത്തിൽ വെട്ടുകിളികൾ കർണാടകയിലേക്ക് കയറാനുള്ള കാറ്റ് ഉണ്ടാകില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. നിലവിൽ വടക്കൻ കർണാടക ഭാഗത്തേക്കല്ല കാറ്റ് വീശുന്നത്. അതോടൊപ്പം വിളവെടുപ്പിന് പാകമായ കൃഷികളും സംസ്ഥാനത്ത് കുറവാണ്. ഭൂരിഭാഗം സ്ഥലങ്ങളിലും വിളവെടുപ്പ് പൂർത്തിയായിട്ടുണ്ട്. എങ്കിലും പച്ചക്കറി, പഴങ്ങൾ ഉൾപ്പെടെ കൃഷിയെ ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകർ. അടുത്തമാസത്തോടെ വിളവിറക്കാനിരിക്കെ വെട്ടുകിളി എത്തുമോ എന്ന സംശയവും കർഷകർ പ്രകടിപ്പിക്കുന്നുണ്ട്. കർണാടകയിലെ മണ്ണും കാലാവസ്ഥയും വെട്ടുകിളികൾക്ക് തുടരാനുള്ള സാഹചര്യമുണ്ടാക്കുന്നില്ല. എന്നാൽ, കാറ്റിൻെറ ദിശ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ മാറിയാൽ വടക്കൻ ജില്ലകളിലേക്ക് എത്താൻ സാധ്യതയുണ്ട്. മധ്യകർണാടകയിലും വടക്കൻ കർണാടകയിലും ചിലയിടങ്ങളിൽ അരി, റാഗി കൃഷി ഇപ്പോഴുമുണ്ട്. കോലാറിൽ കൃഷിയിടത്തിൽ വെട്ടുകിളി ആക്രമണം ഉണ്ടായെന്ന് അഭ്യൂഹം പരന്നെങ്കിലും അത് ഒരിനം പുൽച്ചാടിയാണെന്നും ഗുരുതരമല്ലെന്നും അധികൃതർ സ്ഥിരീകരിച്ചു. വടക്കൻ ജില്ലകളായ ബിദർ, വിജയപുര, കലബുറഗി, ബെളഗാവി തുടങ്ങിയവിടങ്ങളിലാണ് പ്രതിരോധ നടപടികൾ സ്വീകരിക്കാൻ കൃഷിവകുപ്പ് ഒരുക്കം തുടങ്ങിയത്. അടിയന്തര സാഹചര്യത്തിൽ ഫയർഫോഴ്സിൻെറ സഹായത്തോടെ കീടനാശിനി ഉൾപ്പെടെ തളിക്കാനാണ് തീരുമാനം. വെട്ടുകിളിക്കൂട്ടങ്ങൾ കർണാടകയിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്രവും മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് മുൻകരുതൽ നടപടി സ്വീകരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT