വൻ വർധന; പുതുതായി രോഗം സ്ഥിരീകരിച്ചത് 248 പേർക്ക്

227 പേരും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ ഒരാൾകൂടി മരിച്ചു ബംഗളൂരു: കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 248 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒറ്റദിവസത്തിൽ ഇത്രയധികം പേർക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമാണ്. 248 പേരിൽ 227 പേരും മഹാരാഷ്ട്ര, ഡൽഹി, ആന്ധ്രപ്രദേശ്, തമിഴ്നാട് തുടങ്ങിയ ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരാണ്. അയർലൻഡിൽനിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽനിന്ന് വിവിധ ജില്ലകളിലെത്തി നിരീക്ഷണത്തിലായ 215 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്ത് ഒറ്റദിവസം ഇത്രയധികം പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഡൽഹിയിൽനിന്നെത്തിയ അഞ്ചുപേർക്കും ആന്ധപ്രദേശ്, തമിഴ്നാട്, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നെത്തിയ ഒാരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ച 15 പേർ നേരത്തെ രോഗം ബാധിച്ചവരുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്നവരാണ്. അതിനിടെ, സംസ്ഥാനത്ത് ഒരാൾകൂടി കോവിഡ് ബാധിച്ചുമരിച്ചു. ചിക്കബെല്ലാപുര ജില്ലയിൽ 50കാരിയാണ് മരിച്ചത്. മേയ് 24നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും വൃക്കരോഗവും ബാധിച്ചിരുന്നു. മേയ് 28ന് ബംഗളൂരുവിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബംഗളൂരുവിൽനിന്നാണ് കോവിഡ് പോസിറ്റിവാണെന്ന് സ്ഥിരീകരിക്കുന്നത്. 248 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2781 ആയി ഉയർന്നു. വെള്ളിയാഴ്ച മാത്രം 60 പേരാണ് രോഗമുക്തി നേടിയത്. ഒരു മരണത്തോടെ ആകെ മരിച്ചവരുടെ എണ്ണം 49 ആയി ഉയർന്നു. നിലവിൽ 1837 പേരാണ് ചികിത്സയിലുള്ളത്. ബംഗളൂരു അർബൻ (12), ബംഗളൂരു റൂറൽ (1), മാണ്ഡ്യ (2), കലബുറഗി (61), യാദ്ഗിർ (60), ഉഡുപ്പി (15), ദാവൻഗരെ (4), ഹാസൻ (4), ചിക്കബെല്ലാപുര (5), റായ്ച്ചൂർ (62), മൈസൂരു (2), വിജയപുര (4), ബെള്ളാരി (9), ധാർവാഡ് (1), ചിത്രദുർഗ (1), ശിവമൊഗ്ഗ (1), തുമകുരു (2), ചിക്കമഗളൂരു (2) എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.