സുരക്ഷാ ചിറകിൽ പറന്നുയർന്ന്, പറന്നിറങ്ങി...

-ബംഗളൂരുവിൽനിന്ന് ആദ്യ ദിവസം 74 വിമാനങ്ങൾ ബംഗളൂരു: കോവിഡ്-19‍ൻെറ നാലാം ഘട്ട ലോക്ഡൗണിൽ ആഭ്യന്തര വിമാന സർവിസ് പുനരാരംഭിച്ചതോടെ സംസ്ഥാനത്തും കനത്ത സുരക്ഷയിൽ വിമാനങ്ങൾ പറന്നിറങ്ങി. ബംഗളൂരുവിൽനിന്ന് ആദ്യദിനം ആകെ 74 വിമാനങ്ങളാണ് സർവിസ് നടത്തിയത്. ഇതിൽ ബംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് തിങ്കളാഴ്ച വൈകീട്ട് അഞ്ചുവരെ 43 വിമാനങ്ങള്‍ പുറപ്പെടുകയും 31 വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുകയും ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ച 5.15ന് റാഞ്ചിയിലേക്കുള്ള എയര്‍ ഏഷ്യ വിമാനമായിരുന്നു ബംഗളൂരുവില്‍നിന്ന് ആദ്യം പുറപ്പെട്ടത്. രാവിലെ 7.35ന് ചെന്നൈയിൽനിന്നുള്ള ഇൻഡിഗോ വിമാനമാണ് ആദ്യം ലാൻഡ് ചെയ്തത്. വിമാനത്താവളത്തിൽ ആദ്യമെത്തിയ യാത്രക്കാരെ കൈയടിയോടെയാണ് വരവേറ്റത്. തീവ്രബാധിത മേഖലയായ ചെന്നൈയിൽനിന്നുള്ള യാത്രക്കാരായതിനാൽതന്നെ കനത്ത സുരക്ഷാ പരിശോധനയാണ് നടത്തിയത്. മറ്റു സംസ്ഥാനങ്ങളിലേക്ക് പോകാനായി എത്തിയവരെ സ്ക്രീനിങ് നടത്തിയശേഷമാണ് വിമാനത്താവളത്തിൻെറ ടെർമിനലിലേക്ക് പ്രവേശിപ്പിച്ചത്. വിമാനത്താവളത്തിൻെറ പാർക്കിങ് സ്ഥലം മുതൽ ബോർഡിങ് വരെ യാത്രക്കാർ തമ്മിൽ സമൂഹിക അകലം ഉറപ്പാക്കാനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കിയിരുന്നു. 47 യാത്രക്കാരുമായാണ് രാവിലെ 7.15ന് കൊച്ചിയിലേക്കുള്ള വിമാനം പുറപ്പെട്ടത്. ഇതിനിടെ, മുന്നറിയിപ്പില്ലാതെ ചില വിമാനങ്ങൾ റദ്ദാക്കിയതും പ്രതിഷേധത്തിനിടയാക്കി. തിങ്കളാഴ്ച ബംഗളൂരുവിൽനിന്ന് മാത്രം 74 വിമാനങ്ങളാണ് റദ്ദാക്കിയത്. ബോർഡിങ് പാസ് സ്കാൻ ചെയ്തപ്പോഴാണ് വിമാനം റദ്ദാക്കിയതിനെക്കുറിച്ചുള്ള അറിയിപ്പ് പലർക്കും ലഭിച്ചത്. ബംഗളൂരു-ഹൈദരാബാദ് എയർ ഇന്ത്യ, മംഗളൂരു സ്പൈസ് ജെറ്റ് തുടങ്ങിയവയാണ് റദ്ദാക്കിയത്. മറ്റു വിമാനത്താവളങ്ങളിലും സർവിസ് റദ്ദാക്കിയിരുന്നു. മുബൈ-മംഗളൂരു സ്പൈസ് ജെറ്റ്, മംഗളൂരു-മുബൈ ഇൻഡിഗോ, മംഗളൂരു-ചെന്നൈ ഇൻഡിഗോ, മൈസൂരു- ബെളഗാവി തുടങ്ങിയ വിമാന സർവിസുകൾ റദ്ദാക്കി. മംഗളൂരു-മുബൈ ഇൻഡിഗോ 27 വരെയാണ് റദ്ദാക്കിയത്. മംഗളൂരു വിമാനത്താവളത്തിൽനിന്ന് പുറപ്പെടാനിരുന്ന നാല് വിമാന സർവിസുകളാണ് അവസാന നിമിഷം റദ്ദാക്കിയത്. ബെളഗാവി വിമാനത്താവളത്തിൽ രണ്ടു വിമാനങ്ങൾ പുറപ്പെടുകയും രണ്ടെണ്ണം എത്തുകയും ചെയ്തു. ബംഗളൂരു-ബെളഗാവി, ഹൈദരാബാദ്-ബെളഗാവി എന്നിവയാണ് ലാൻഡ് ചെയ്തത്. ബെളഗാവി-അഹ്മദാബാദ്, ബെളഗാവി-ഹൈദരാബാദ് എന്നീ വിമാനങ്ങൾ പുറപ്പെട്ടു. രാവിലെ സർവിസ് നടത്തിയ ബംഗളൂരു-ബെളഗാവി വിമാനത്തിൽ എട്ടു യാത്രക്കാർ മാത്രമാണുണ്ടായത്. ബെളഗാവി-അഹ്മദാബാദ് വിമാനം ഒമ്പത് യാത്രക്കാരുമായാണ് പുറപ്പെട്ടത്. ബംഗളൂരുവിലും സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളിലും വന്നിറങ്ങിയവരെ ഏഴുദിവസം നിർബന്ധിത ക്വാറൻറീനിലാക്കും. തുടർന്ന്, കോവിഡ് പരിശോധന നടത്തിയശേഷം നെഗറ്റിവായാൽ ഏഴുദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ അനുമതി നൽകും. വ്രതശുദ്ധിയുടെ പുണ്യവുമായി ചെറിയ പെരുന്നാൾ ആഘോഷം ബംഗളൂരു: കോവിഡ് മഹാമാരിയുടെ കാലത്ത് സമൂഹ നമസ്കാരവും ജുമുഅ ഖുതുബയുമെല്ലാം ഒഴിവാക്കി വ്രതശുദ്ധിയുടെ പുണ്യവുമായി വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു. ശവ്വാൽ മാസപ്പിറവി ദൃശ്യമാവാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി തിങ്കളാഴ്ചയാണ് ബംഗളൂരുവിലും കർണാടകയിലെ മറ്റിടങ്ങളിലും ചെറിയ പെരുന്നാൾ ആഘോഷിച്ചത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കാര്യമായ ആഘോഷങ്ങളില്ലാതെ വീടുകളിൽതന്നെയിരുന്നാണ് വിശ്വാസികൾ ത്യാഗനിർഭരമായ നോമ്പുകാലം പൂർത്തിയാക്കി ചെറിയ പെരുന്നാളിനെ വരവേറ്റത്. പതിവുപോലുള്ള ബന്ധുവീട് സന്ദർശനവും സമൂഹ നമസ്കാരവും ഇത്തവണയുണ്ടായിരുന്നില്ല. പള്ളികളിൽ പ്രത്യേക നമസ്കാരങ്ങളുണ്ടായിരുന്നില്ല. രാത്രി നമസ്കാരവും ഒഴിവാക്കിയിരുന്നു. വിശ്വാസികൾ വീട്ടകങ്ങളിൽതന്നെയാണ് പ്രാർഥന നടത്തിയത്. പെരുന്നാൾ തലേന്ന് സജീവമാകുന്ന ശിവാജി നഗറിലെ മാർക്കറ്റ് ഉൾപ്പെടെ സീൽഡൗൺ ചെയ്തതിനാൽ നഗരത്തിൽ കാര്യമായ തിരക്കുണ്ടായിരുന്നില്ല. പതിവുപോലെ പുതുവസ്ത്രങ്ങൾ വാങ്ങിയവരും കുറവായിരുന്നു. ലോക്ഡൗണിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ളവർ ബംഗളൂരുവിൽ തന്നെ പെരുന്നാൾ ആഘോഷിക്കുകയായിരുന്നു. കരുതലിൻെറ പെരുന്നാളായി മഹാമാരിയെ അതിജീവിക്കുമെന്ന പ്രത്യാശയുമായാണ് ചെറിയ പെരുന്നാളും കടന്നുപോകുന്നത്. കോവിഡ് കാലത്ത് വീട്ടിലിരുന്ന് എല്ലാവരും ചെറിയ പെരുന്നാൾ ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ആശംസകൾ നേർന്നു. ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന രാജ്യത്തെ എല്ലാ മുസ്ലിം വിഭാഗക്കാർക്കും ത‍ൻെറ ഹൃദയം നിറഞ്ഞ് ആശംസയെന്നും സമാധാനവും ഐക്യവും സഹവർത്തിത്വത്തിൻെറയും പ്രതീകമായി ആഘോഷം മാറട്ടെയെന്നും അദ്ദേഹം ട്വീറ്ററിലൂടെ ആശംസിച്ചു. നഗരത്തിൽ കനത്ത മഴ തുടരും ബംഗളൂരു: സമ്പൂർണ ലോക്ഡൗൺ ദിനമായ ഞായറാഴ്ച ബംഗളൂരു നഗരത്തിൽ കനത്ത നാശം വിതച്ച് ശക്തമായ മഴ. മഴ അടുത്ത രണ്ടു മൂന്ന് ദിവസം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റോടെയുള്ള അതിശക്തമായ മഴയിൽ നഗരത്തിൻെറ വിവിധയിടങ്ങളിൽ മരം കടപുഴകി. വാഹനങ്ങൾക്കും കേടു സംഭവിച്ചു. പലയിടത്തും വൈദ്യുതി മുടങ്ങി. ബംഗളൂരു നഗരത്തിൽ ചിലയിടങ്ങളിൽ 48 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ആകെ 11.3 മില്ലി മീറ്റർ മഴ ലഭിച്ചു. സർജാപുർ, വി.വി. പുരം, ബി.ടി.എം ലേഒൗട്ട്, കോറമംഗല, ജക്കൂർ, പുലികേശി നഗർ, ഹെസറഘട്ട, ദാസപുര, ബെന്നാർഘട്ട തുടങ്ങിയ എല്ലാ ഭാഗത്തും നല്ല മഴ ലഭിച്ചു. 10 മരങ്ങളാണ് കടപുഴകി വീണത്. 35 മരങ്ങളുടെ ചില്ലകൾ ഒടിഞ്ഞുവീണു. പലയിടത്തും വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ മാറ്റിപാർപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.