ചപ്പാത്തിയും സിനിമയും; അന്തർ സംസ്ഥാന തൊഴിലാളികൾക്ക്​ കുശാലെന്ന്​ ബി.ബി.എം.പി കമീഷണർ

ബംഗളൂരു: ലോക്ഡൗണിൽ തൊഴിലില്ലാതെയും പട്ടിണികൊണ്ടും അന്തർ സംസ്ഥാന തൊഴിലാളികൾ അതത് സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുന്നതാണ് കർണാടകയിലെയടക്കം കാഴ്ച. ആദ്യഘട്ടത്തിൽ സംസ്ഥാനത്തുനിന്ന് അനുവദിച്ച ട്രെയിനിൽ ഏറെപേർ നാടണഞ്ഞു. തുടർന്ന് അപ്രതീക്ഷിതമായി സർക്കാർ ട്രെയിൻ റദ്ദാക്കിയതോടെ നൂറുകണക്കിനുപേർ കാൽനടയായും ട്രക്ക് കയറിയും നാട്ടിലേക്ക് തിരിച്ചു. ശ്രമിക് ട്രെയിൻ സർവിസ് വീണ്ടും ആരംഭിച്ചതോടെ ഇനിയുമെത്രയോ പേർ നാടണയാൻ കാത്തിരിക്കുകയാണ്. ആവശ്യമായ സൗകര്യങ്ങളൊരുക്കാത്തതിൻെറ പേരിൽ പലയിടത്തും അന്തർ സംസ്ഥാന തൊഴിലാളികൾ അധികൃതർക്കുനേരെ തിരിഞ്ഞ സംഭവങ്ങളുമുണ്ടായിരുന്നു. തൊഴിലാളികളെ സാന്ത്വനപ്പെടുത്താൻ ആവശ്യത്തിന് ചപ്പാത്തി നൽകിയും ബിഗ് സ്ക്രീനുകളിൽ ഹിന്ദി സിനിമ കാണിച്ചും വരുകയാണെന്ന് ബി.ബി.എം.പി കമീഷണർ ബി.എച്ച്. അനിൽ കുമാർ പറഞ്ഞു. ഇവർക്ക് മടങ്ങാനുള്ള സമയമെത്തുന്നതുവരെ താൽകാലിക കേന്ദ്രങ്ങളിൽ പാർപ്പിച്ചുവരുകയാണ്. തുമകുരു റോഡിലെ ബംഗളൂരു അന്താരാഷ്ട്ര പ്രദർശന കേന്ദ്രത്തിൽ ആയിരത്തിലേറെ തൊഴിലാളികളെയാണ് താമസിപ്പിക്കുന്നത്. ഇവിടെയിരുന്ന് തൊഴിലാളികൾ സിനിമ കാണുന്നതിൻെറ വിഡിയോ സഹിതം ഫേസ്ബുക്കിലും ട്വിറ്ററിലും കമീഷണർ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ബംഗളൂരുവിൽ അന്തർ സംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പല ഭാഗങ്ങളിലും ഇതല്ല സ്ഥിതിയെന്ന് സന്നദ്ധ സംഘടന പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. സന്നദ്ധ പ്രവർത്തകർ എത്തിച്ചുനൽകുന്ന ഭക്ഷണം മാത്രമാണ് പലർക്കും ആശ്രയം. വീട്ടുവാടകപോലും നൽകാനില്ലാത്തതും തൊഴിലിൻെറ കാര്യത്തിലെ അനിശ്ചിതത്വവും അന്തർ സംസ്ഥാന തൊഴിലാളികളെ സ്വദേശത്തേക്ക് മടങ്ങാൻ പ്രേരിപ്പിക്കുകയാണ്. കുടകിൽ രണ്ടാമത്തെ കോവിഡ് കേസ് ബംഗളൂരു: കുടക് ജില്ലയിൽ രണ്ടാമത്തെ കോവിഡ്–19 കേസ് സ്ഥിരീകരിച്ചു. മുംബൈയിൽനിന്നെത്തിയ യുവതിക്കാണ് തിങ്കളാഴ്ച രോഗബാധ സ്ഥിരീകരിച്ചത്. ആഴ്ചകൾക്ക് മുമ്പ് ഗൾഫിൽനിന്ന് തിരിച്ചെത്തിയയാൾക്കായിരുന്നു കുടകിലെ ആദ്യ കോവിഡ് കേസ്. രണ്ടാമത്തെ കേസും റിപ്പോർട്ട് ചെയ്തതോടെ, ആരും ഭയപ്പെടേണ്ടതില്ലെന്നും രോഗിയായ യുവതിയെ സമ്പർക്കമൊഴിവാക്കാൻ ക്വാറൻറീനിലേക്ക് മാറ്റിയതായും ജില്ല ഭരണകൂടം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.