ലോക്ഡൗണ്‍ നീട്ടിയാല്‍ പാഠഭാഗങ്ങള്‍ വെട്ടിക്കുറക്കും

ബംഗളൂരു: ലോക്ഡൗണ്‍ നീട്ടിയാല്‍ വരുന്ന അധ്യയനവര്‍ഷം പാഠ്യപദ്ധതിയിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കുമെന്ന് വിദ്യാഭ്യാസവകുപ്പ്. പ്രധാന്യം കുറവുള്ളതും ഒഴിവാക്കാന്‍ പറ്റുന്നതുമായ പാഠഭാഗങ്ങള്‍ ഏതൊക്കെയെന്ന് കണ്ടെത്താന്‍ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിദ്യാഭ്യാസമന്ത്രി സുരേഷ് കുമാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആറു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ കോവിഡിനെ കുറിച്ച് പ്രത്യേക സെഷന്‍ ഉള്‍പ്പെടുത്താനും വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാറിൻെറ നിയന്ത്രണത്തിലുള്ള എല്ലാ സ്‌കൂളുകളിലും ആറു മുതല്‍ 10 വരെ ക്ലാസുകളില്‍ കോവിഡ് പോലുള്ള അസുഖങ്ങളെ കുറിച്ച് ക്ലാസുകളുണ്ടാകുമെന്നും അധ്യയനവര്‍ഷാവസാനം ഇതേക്കുറിച്ച് പരീക്ഷയുണ്ടാകുമെന്നും മന്ത്രി സുരേഷ് കുമാര്‍ പറഞ്ഞു. ഇതിനായി അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ലോക്ഡൗണ്‍ മേയ് 17ന് പിന്‍വലിച്ചാല്‍ ജൂണില്‍ അധ്യയനവര്‍ഷം ആരംഭിക്കുമെന്നും വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹിയിൽനിന്നും ബംഗളൂരുവിലേക്ക് ട്രെയിൻ ബംഗളൂരു: വടക്കൻ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കന്നടിഗരെ തിരികെ സംസ്ഥാനത്ത് എത്തിക്കാൻ പ്രത്യേക ട്രെയിൻ അനുവദിച്ചതായി കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദ ഗൗഡ അറിയിച്ചു. ഡൽഹിയിൽനിന്നും ബംഗളൂരുവിലേക്കാണ് പ്രത്യേക ട്രെയിൻ സർവിസ് നടത്തുക. കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് േഗായലുമായി ഇതുസംബന്ധിച്ച് സദാനന്ദ ഗൗഡ ചർച്ച നടത്തിയിരുന്നു. ഹരിയാന, പഞ്ചാബ്, മറ്റു വടക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ കുടുങ്ങിയവരെയായിരിക്കും ഈ ട്രെയിനിൽ കൊണ്ടുവരിക. മറ്റു സംസ്ഥാനങ്ങളിൽനിന്നും ഇവരെ ഡൽഹിയിലെത്തിക്കാൻ അതത് സംസ്ഥാനത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു. വിദേശത്തുനിന്ന് കന്നഡിഗരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ വിമാനങ്ങള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രി ജയശങ്കറുമായി ആശയ വിനിമയം നടത്തിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബാറുകൾക്ക് താൽകാലിക അനുമതി നൽകിയേക്കും ബംഗളൂരു: മദ്യവിൽപന ശാലകൾ തുറന്നതിന് പിന്നാലെ സംസ്ഥാനത്തെ ബാറുകളും ബാർ റസ്റ്റാറൻറുകളും തുറക്കാൻ ഒരുങ്ങുന്നു. കാലാവധി തീരുന്നതിന് മുമ്പ് പഴയ സ്റ്റോക്ക് മദ്യവും വൈനും ബിയറും വിറ്റുതീർക്കുന്നതിനായാണ് താൽകാലികമായി ബാറുകൾക്ക് പ്രവർത്തനാനുമതി നൽകുന്നത്. ഇതുസംബന്ധിച്ച് ബാർ ഉടമകളുടെ ആവശ്യം പരിഗണനയിലാണെന്നും ഇരുന്നു കഴിക്കാനുള്ള സംവിധാനം ഇല്ലാതെ മദ്യം വിൽക്കാനായിരിക്കും അനുവദിക്കുകയെന്നും എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിലുള്ള മദ്യം വിൽക്കാൻ മാത്രമെ ബാറുകൾക്കും ബാർ റസ്റ്റാറൻറുകൾക്കും അനുമതി ഉണ്ടാകുകയുള്ളൂ. പുതിയ സ്റ്റോക്ക് നൽകില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാല്‍, താൽകാലിക അനുമതിയല്ല വേണ്ടതെന്നും സ്ഥിരമായി തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും കര്‍ണാടക ഫെഡറേഷന്‍ ഓഫ് വൈന്‍ മര്‍ച്ചൻറ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. എങ്കില്‍ മാത്രമെ വരുമാന നഷ്ടം കുറക്കാന്‍ സാധിക്കുകയുള്ളൂ. ഈ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സംസ്ഥാന സര്‍ക്കാറിനും നിവേദനം നല്‍കിയതായും ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ലോക്ഡൗണിൽ ഇളവ് നൽകിയതിനുശേഷം കഴിഞ്ഞ നാലു ദിവസത്തിനിടെ മദ്യവിൽപന ശാലകളിലൂടെ സംസ്ഥാനത്ത് 700 കോടിയുടെ റെക്കോഡ് മദ്യവിൽപനയാണ് നടന്നത്. വിദേശത്തുള്ള കർണാടക സ്വദേശികൾ എത്തുന്നത് വൈകും -ലണ്ടനിൽനിന്നുള്ള ആദ്യസംഘമെത്തുക മേയ് 11ന് ബംഗളൂരു: വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ കർണാടക സ്വദേശികൾ തിരിച്ചെത്താൻ ഇനിയും കാത്തിരിക്കണം. ആദ്യ ഘട്ടത്തിൽ 10,823 പേരാണ് കർണാടകയിൽ എത്തുമെന്ന് അറിയിച്ചിരുന്നത്. വെള്ളിയാഴ്ച മുതൽ ഇവർ എത്തുമെന്നാണ് കേന്ദ്രം അറിയിച്ചതെങ്കിലും ഇപ്പോൾ കർണാടകക്ക് പുതിയ ഷെഡ്യൂളാണ് നൽകിയിരിക്കുന്നത്. പുതിയ ഷെഡ്യൂൾ പ്രകാരം മേയ് 11ന് ലണ്ടനിൽനിന്നായിരിക്കും ആദ്യ വിമാനം ബംഗളൂരുവിലെത്തുക. വിദേശത്തുനിന്നും എത്തുന്നവരെ പരിശോധിച്ച് നിരീക്ഷണത്തിലാക്കാനുള്ള എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും ബംഗളൂരു, മംഗളൂരു വിമാനത്താവളങ്ങൾ വഴിയും കാർവാർ, മംഗളൂരു തുറമുഖങ്ങൾ വഴിയുമായിരിക്കും വിദേശത്തുനിന്നുള്ള കർണാടക സ്വദേശികൾ എത്തുക. ലണ്ടനിൽനിന്നും 340 പേരുമായി എയർഇന്ത്യ വിമാനമായിരിക്കും മേയ് 11ന് ഡൽഹി വഴി ബംഗളൂരുവിലെത്തുക. മേയ് 11ന് പുലർച്ച മൂന്നിനായിരിക്കും യാത്രക്കാർ എത്തുക. തുടർന്ന് ഇവരെ 14 ദിവസം നിരീക്ഷണത്തിലാക്കും. ഇതിനുശേഷം 800ഒാളം പേരായിരിക്കും വിവിധ വിദേശ രാജ്യങ്ങളിൽനിന്നായി കർണാടകയിലെത്തുക. സാൻ ഫ്രാൻസിസ്കോ, സിംഗപ്പൂർ എന്നിവിടങ്ങളിൽനിന്നുള്ള വിമാനങ്ങളും ബംഗളൂരുവിലെത്തും. മേയ് 10ന് പുലർച്ച 2.45നായിരിക്കും ഡൽഹിയിൽനിന്നും എയർ ഇന്ത്യ വിമാനം ലണ്ടനിലേക്ക് പോവുക. തിരിച്ച് അന്നേ ദിവസം രാത്രി 10.50ന് യാത്രക്കാരുമായി വിമാനം ഡൽഹിയിലെത്തും. ഡൽഹിയിൽ യാത്രക്കാരെ ഇറക്കിയശേഷം പുലർച്ച ബംഗളൂരുവിലേക്ക് പുറപ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.