ആത്മവിശ്വാസവും ധൈര്യവും പകര്‍ന്ന് സുരക്ഷ, സ്വയംപ്രതിരോധ പരിശീലനം

ആലപ്പുഴ: കൃഷ്ണേന്ദുവിന് ഇപ്പോള്‍ ആത്മവിശ്വാസം കിട്ടി. പൊതുനിരത്തില്‍ നടക്കുമ്പോള്‍ ബാഗ് തൂക്കേണ്ട വിധവും ബസില്‍ പിറകില്‍നിന്ന് ഒരാള്‍ ഉപദ്രവിച്ചാല്‍ എങ്ങനെ നേരിടണമെന്നും നല്ല ആത്മവിശ്വാസം. നീളം കൂടിയ ബാഗ് തൂക്കുമ്പോഴും നീളം കുറഞ്ഞ വാനിറ്റി ബാഗ് തൂക്കുമ്പോഴും മോഷ്ടാക്കളില്‍ നിന്ന് രക്ഷനേടാന്‍ പാലിക്കേണ്ട ചില സുരക്ഷ ടിപ്പുകള്‍. കേരള പൊലീസിന്‍െറ ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ടൗണ്‍ ഹാളില്‍ ആരംഭിച്ച സ്ത്രീസുരക്ഷ, സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ജില്ലതല ഉദ്ഘാടനത്തിലും തത്സമയ പ്രതിരോധ പ്രദര്‍ശനത്തിലും പങ്കെടുത്ത നൂറുകണക്കിന് സ്ത്രീകളാണ് കൃഷ്ണേന്ദുവിനെപ്പോലെ ആത്മവിശ്വാസവും ധൈര്യവും പ്രതികരണശേഷിയും നേടി ആഹ്ളാദത്തോടെ മടങ്ങിയത്. തിരുവനന്തപുരം പൊലീസ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ്. രാജശേഖരനും കേരള പൊലീസിലെ നിര്‍ഭയപദ്ധതി അംഗങ്ങളായ വനിത പൊലീസ് സംഘവും ചേര്‍ന്നാണ് ചില സ്വയംരക്ഷ മാര്‍ഗങ്ങള്‍ നൂറുകണക്കിന് പേര്‍ക്ക് പകര്‍ന്നുനല്‍കിയത്. വനിത സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ദലീമ ജോജോ നിര്‍വഹിച്ചു. ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. ജില്ല സാമൂഹികനീതി ഓഫിസര്‍ അനിറ്റ എസ്. ലിന്‍, സെന്‍റ് ജോസഫ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ജാനറ്റ് അഗസ്റ്റിന്‍, ഡിവൈ.എസ്.പി വി. വിജയകുമാരന്‍ നായര്‍, വനിത പ്രൊട്ടക്ഷന്‍ ഓഫിസര്‍ എസ്. ജീജ, വനിത സെല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ.വി. മീനാകുമാരി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയില്‍ 25,000 വനിതകളെയാണ് പരിശീലിപ്പിക്കാന്‍ ലക്ഷ്യമിട്ടത്. 20 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശീലന പരിപാടിയില്‍ ഏഴുമുതല്‍ 60വയസ്സുവരെ സ്ത്രീകള്‍ക്ക് പങ്കെടുക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.