എടവനക്കാട്: പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം കഴിഞ്ഞ ബജറ്റിൽ കിഫ്ബിയിൽ 160 കോടി രൂപ വകയിരുത്തിയ മുനമ്പം-അഴീക്കോട് പാലത്തിെൻറ സ്ഥലനിർണയം പൂർത്തിയാക്കി അന്തിമ രൂപരേഖ അംഗീകരിച്ചതായി സൂപ്രണ്ടിങ് എൻജിനീയർ സുജ റാണി അറിയിച്ചു. ഭരണാനുമതി ലഭിച്ചാൽ ടെൻഡർ നടപടി തുടങ്ങും. ഒന്നര വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കാനാകുമെന്നും അവർ പറഞ്ഞു. അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുത്തുനൽകേണ്ടത് റവന്യൂ വകുപ്പാണ്. ഇതിെൻറ തുടർ നടപടികൾക്ക് ലാൻഡ് അക്വിസിഷൻ വിഭാഗം ഡെപ്യൂട്ടി കലക്ടർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. മുനമ്പം-അഴീക്കോട് പാലം കിഫ്ബി പദ്ധതി രേഖകളിൽ മുനമ്പം-അഴീക്കോട് റോഡ് എന്ന് തെറ്റിവന്നത് തിരുത്തി സർക്കാറിലേക്ക് അയക്കുമെന്നും എൻജിനീയർ പറഞ്ഞു. മുനമ്പം-അഴീക്കോട് പാലം സമരസമിതി നേതാക്കളുമായും ജനപ്രതിനിധികളുയും ചർച്ച നടത്തി. അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ പ്രേംജിലാൽ, അസി. എൻജിനീയർമാരായ ദീപ, ദീപതി, ഓവർസിയർ ഷീന ജോസഫ് എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. മുനമ്പത്ത് 58 സെൻറും അഴീക്കോട് മത്സ്യവകുപ്പിെൻറ ഉടമസ്ഥതയിെല 56 സെൻറും സ്വകാര്യ വ്യക്തികളുടെ 59.43 സെൻറും സ്ഥലമാണ് അപ്രോച്ച് റോഡിന് ഏറ്റെടുക്കുക. ഇതുസംബന്ധിച്ച് ഭൂവുടമകൾക്ക് അധികൃതർ നേരത്തേ നോട്ടീസ് നൽകിയിരുന്നു. നടപടി വേഗത്തിലാക്കാൻ എം.എൽ.എമാരായ ഇ.ടി. ടൈസൺ, എസ്. ശർമ എന്നിവരുടെ നേതൃത്വത്തിൽ മുനമ്പത്ത് യോഗം വിളിക്കാൻ പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് പി.കെ. രാധാകൃഷ്ണെൻറ അധ്യക്ഷതയിൽ യോഗം ചേരാൻ തീരുമാനിച്ചതായി സമരസമിതി നേതാക്കളായ അഡ്വ. ഷാനവാസ് കാട്ടകത്ത്, പി.ജെ. ഫ്രാൻസിസ്, കെ.കെ. സഹജൻ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.