കാക്കനാട്: കാറും കോളും ഉരുണ്ടുകൂടുമ്പോള്‍ ഭീതിയോടെ കഴിയുന്ന കീരേലിമല കോളനിവാസികള്‍ക്ക് ഇത്തവണയും സമാധാനത്തോടെ ഉറങ്ങാനാവില്ല. മഴ ശക്തിപ്രാപിച്ചപ്പോൾ കഴിഞ്ഞദിവസം കീരേലിമല 21 കോളനിയിലെ മണ്‍തിട്ടയില്‍നിന്ന് ചെറിയതോതില്‍ മണ്ണിടിഞ്ഞുവീണതോടെ ഭീതിയിലാണ് താമസക്കാർ. എല്ലാവര്‍ഷവും മുറവിളി ഉയരുന്നുണ്ടെങ്കിലും പ്രശ്നത്തിന് പരിഹാരമാകുന്നില്ലെന്ന് സ്ത്രീകള്‍ പറയുന്നു. 30 അടിയോളം താഴ്ചയില്‍ മണ്ണെടുത്ത കുഴിയിലാണ് കോളനിയിലെ 28 നിര്‍ധന കുടുംബങ്ങള്‍ ഭീതിയോടെ കഴിയുന്നത്. വീടുകള്‍ക്ക് തൊട്ടടുത്താണ് ഏതുനിമിഷവും നിലം പൊത്താവുന്ന വിധത്തില്‍ ഭിത്തി ഉയര്ന്നുനില്ക്കുന്നത്. കരിങ്കല്‍ ഭിത്തി ഉള്‍പ്പെടെ ഇടിഞ്ഞുവീണാല്‍ വന്‍ ദുരന്തത്തിനാണ് സാധ്യത. മുകളില്‍ വളര്ന്നുനില്ക്കുന്ന പാഴ്മരങ്ങളില്‍ കാറ്റ് പിടിച്ചാലും മണ്ണിടിച്ചില്‍ ഉണ്ടാകാൻ സാധ്യതയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മണ്ണിടിച്ചില്‍ ഉണ്ടായതിനെത്തുടര്‍ന്ന് കോളനിവാസികളെ കാക്കനാട് മുനിസിപ്പല്‍ എൽ.പി സ്കൂളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു. അത്താണിയില്‍ സംരക്ഷണഭിത്തി കെട്ടാന്‍ കഴിഞ്ഞ വര്‍ഷക്കാലത്ത് ജില്ല ഭരണകൂടം തീരുമാനിച്ചിരുന്നു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് ഒന്നരക്കോടി രൂപ അനുവദിച്ചു. മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചും നാട്ടിലും തലസ്ഥാനത്തും നടത്തിയ നിരവധി സമരങ്ങളെത്തുടര്ന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാൽ, പണി തുടങ്ങാൻ ഇതുവരെ നടപടി ആരംഭിച്ചിട്ടില്ലെന്ന് നഗരസഭ കൗണ്‍സിലര്‍ എം.ടി. ഓമന പറഞ്ഞു. വര്‍ഷങ്ങള്‍ക്കുമുമ്പ് അത്താണി ശ്മശാനത്തിെൻറ റോഡ് വികസനവുമായി ബന്ധപ്പെട്ട് ഒഴിപ്പിച്ച കുടുംബങ്ങളെയാണ് ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.