പോള ശല്യം: കേന്ദ്രസംഘം നാളെ എത്തും

ആലപ്പുഴ: കുട്ടനാട്ടിലെ പോള ശല്യം ഫലപ്രദമായി തടയുന്നതിനെക്കുറിച്ച് പഠനം നടത്താന്‍ കേന്ദ്ര സംഘം എത്തുന്നു. കൃഷി വകുപ്പ് മന്ത്രാലയം നിയോഗിച്ച ഉന്നത ഉദ്യോഗസ്ഥ സംഘം ചൊവ്വാഴ്ച രാവിലെ കുട്ടനാട്ടിലെ പോള ബാധിത പ്രദേശം സന്ദര്‍ശിക്കും. മധ്യപ്രദേശ് ജബല്‍പൂര്‍ ആസ്ഥാനമായ വീഡ് റിസര്‍ച് സെന്‍റര്‍ ഡയറക്ടര്‍ (ഐ.സി.എ.ആര്‍) ഡോ. എ.ആര്‍. ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഡോ. മീരാ മേനോന്‍, ഡോ.പി. ഗിരിജ, പ്രഫ. ബ്രിഡ്ജിത്ത്, ഡോ. സി.ടി. എബ്രഹാം എന്നിവരും ഉണ്ടാകും. പോളകള്‍ വ്യാപിച്ചു കിടക്കുന്നത് മൂലം കൃഷിയിറക്കാന്‍ കഴിയാത്ത പ്രദേശങ്ങളായിരിക്കും സംഘം പ്രധാനമായും സന്ദര്‍ശിക്കുന്നത്. ചമ്പക്കുളം, വെളിയനാട് ബ്ളോക്ക് പഞ്ചായത്തുകളാണ് സന്ദര്‍ശിക്കേണ്ട സ്ഥലം തീരുമാനിക്കുക. സന്ദര്‍ശനത്തിന് ശേഷം മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തില്‍ ജനപ്രതിനിധികളുമായും പൊതുജനങ്ങളുമായും ഉദ്യോഗസ്ഥരുമായും പാടശേഖര സമിതി അംഗങ്ങളുമായും സംഘം ആശയവിനിമയം നടത്തും. കുട്ടനാട്ടിലെ പ്രധാന ജലമാര്‍ഗങ്ങളെല്ലാം പോള നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട നിലയാണ്. ഈ സാഹചര്യത്തില്‍ കൃഷിക്ക് നദികളിലൂടെയും കനാലുകളിലുടെയും ഉപതോടുകളിലൂടെയും വെള്ളം പാടശേഖരങ്ങളിലേക്ക് കയറ്റി വിടുന്നതിന് ബുദ്ധിമുട്ടുണ്ട്. പോള വര്‍ധിച്ചത് കുടിവെള്ളക്ഷാമത്തിനും കാരണമാകുന്നു. ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി കഴിഞ്ഞ സമ്മേളനത്തില്‍ സബ്മിഷന്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സിങ്ങുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഉന്നതസംഘം കുട്ടനാട് സന്ദര്‍ശിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.