നിര്‍മാണ സാമഗ്രികളുടെ വില കുതിച്ചുയരുന്നു

പറവൂര്‍: നിര്‍മാണ സാമഗ്രികളുടെ വില നിയന്ത്രണാതീതമായി കുതിച്ചുയര്‍ന്നതോടെ പാവപ്പെട്ടവരുടെ ഭവന നിര്‍മാണ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള മരാമത്ത് പണികള്‍ സ്തംഭനത്തിലേക്ക്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിലാണ് സിമന്‍റ് കട്ട, കരിങ്കല്ല്, മെറ്റല്‍പൊടി, വിവിധ തരത്തിലുള്ള മെറ്റലുകള്‍, ചെങ്കല്ല് എന്നിവയുടെ വിലയില്‍ വന്‍ വര്‍ധന ഉണ്ടായത്. 10 മുതല്‍ 20 ശതമാനം വരെ വില വര്‍ധിച്ചതോടെ സാധാരണക്കാര്‍ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. സമരത്തിലായിരുന്ന ക്വാറികളും ക്രഷറുകളും ഒരാഴ്ചമുമ്പാണ് സമരം പിന്‍വലിച്ചത്. തുടര്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ എല്ലാ നിര്‍മാണ സാമഗ്രികള്‍ക്കും മുന്നറിയിപ്പില്ലാതെ വില വര്‍ധിപ്പിക്കുകയായിരുന്നു. 22 രൂപ ഉണ്ടായിരുന്ന മെറ്റലിന് ഒറ്റയടിക്ക് 26 മുതല്‍ 30 രൂപ വരെ വിലയുര്‍ത്തി. കരിങ്കല്ലിന് 250 മുതല്‍ 400 രൂപ വരെ വര്‍ധന വരുത്തിയിട്ടുണ്ട്. മെറ്റല്‍ പൊടികള്‍ക്ക് മൂന്നുമുതല്‍ 10 രൂപ വരെയുള്ള വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. സിമന്‍റ് കട്ടക്ക് 22 മുതല്‍ 24 വരെ വില ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ 27 രൂപ വരെ വാങ്ങിക്കുന്ന സ്ഥാപനങ്ങളുണ്ട്. പലയിടങ്ങളിലും ഉടമകള്‍ക്ക് തോന്നിയ വിലകളാണ് നിശ്ചയിച്ചിട്ടുള്ളത്. ചെങ്കല്ലിനും രണ്ടുമുതല്‍ അഞ്ചുരൂപ വരെ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇഷ്ടികക്ക് നേരത്തേതന്നെ വില വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും സമരവുമായി ബന്ധപ്പെട്ട് വില കൂട്ടിയിട്ടില്ല. നിര്‍മാണ സാമഗ്രികളുടെ ക്രമാതീതമായ വില വര്‍ധന ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത് തദ്ദേശ സ്ഥാപനങ്ങള്‍ വായ്പയായും സഹായമായും അനുവദിച്ച് വീടു പണിയുന്നവരെയാണ്. മൂന്നുലക്ഷം രൂപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 650 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് നിര്‍മാണത്തിന് നല്‍കുന്നത്. എന്നാല്‍, ഈ തുകകൊണ്ട് പണി പൂര്‍ത്തിയാകാന്‍ പ്രയാസമായിരിക്കെയാണ് ഇരുട്ടിടിയായി വില കുതിച്ചുയുര്‍ന്നിട്ടുള്ളത്. പൊതുമാരാമത്ത് നിര്‍മാണങ്ങളും ഇപ്രകാരം വിലക്കയറ്റംമൂലം സ്തംഭനത്തിലേക്ക് നീങ്ങുമെന്നാണ് കാരാറുകാര്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.