പെരുമ്പടപ്പില്‍ പൂട്ടിക്കിടന്ന കള്ളുഷാപ്പ് തുറക്കാന്‍ നീക്കം; നാട്ടുകാര്‍ പ്രക്ഷോഭത്തിന്

പള്ളുരുത്തി: എട്ടുവര്‍ഷത്തോളമായി അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പ് തുറക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. പെരുമ്പടപ്പ് ബസ് സ്റ്റാന്‍ഡിനുസമീപം പ്രവര്‍ത്തിച്ചിരുന്ന ഷാപ്പാണ് തുറക്കാന്‍ നീക്കം നടക്കുന്നത്. പുതിയ കെട്ടിടം ഷീറ്റ് മേഞ്ഞ് പുതുക്കി പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്. മട്ടാഞ്ചേരി റേഞ്ചിനുകീഴില്‍ ഏറ്റവും കൂടുതല്‍ കള്ള് വില്‍പന നടന്നിരുന്നത് പെരുമ്പടപ്പ് ഷാപ്പിലായിരുന്നു. സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം കള്ളുഷാപ്പുകള്‍ തുറക്കാനുള്ള നിയന്ത്രണം മാറ്റിയതിന്‍െറ പശ്ചാത്തലത്തിലാണ് പുതിയ നീക്കമെന്ന് നാട്ടുകാര്‍ പറയുന്നു. അധികൃതരുടെ നീക്കത്തിനെതിരെ സമരവുമായി രംഗത്തിറങ്ങാന്‍ പ്രക്ഷോഭസമിതി തീരുമാനിച്ചു. ആദ്യഘട്ടമായി എണ്ണൂറോളം പേരുടെ ഒപ്പുശേഖരിച്ച് എക്സൈസ് മന്ത്രിക്ക് ഭീമഹരജി സമര്‍പ്പിച്ചു. പെരുമ്പടപ്പ് സാന്താക്രൂസ് ദേവാലയം തൊട്ടടുത്തായതിനാല്‍ ഷാപ്പിന് അനുമതി നല്‍കിയ അധികൃതരുടെ നടപടി പുന$പരിശോധിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പള്ളി പാരിഷ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കൊച്ചി രൂപത കെ.സി.ബി.സി മദ്യവിരുദ്ധസമിതി ഡയറക്ടര്‍ ഫാ. ആന്‍റണി അറക്കല്‍ ചെയര്‍മാനായും മദ്യനിരോധന സമിതി താലൂക്ക് പ്രസിഡന്‍റ് പി.ആര്‍. അജാമിളന്‍ വൈസ് ചെയര്‍മാനായും സമരസമിതിക്ക് രൂപം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.