വീടുകള്‍ക്കുനേരെ ആക്രമണം; ഏഴുപേര്‍ പിടിയില്‍

ആലപ്പുഴ: കൈതവന കണിയാംകുളം കീര്‍ത്തി നഗറില്‍ വീടുകള്‍ ആക്രമിച്ച് യുവാക്കളെ വെട്ടിപ്പരിക്കേല്‍പിക്കുകയും വാഹനം അടിച്ചുതകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഏഴു പേര്‍ പൊലീസ് പിടിയില്‍. സംഭവത്തിലുള്‍പ്പെട്ട മറ്റു രണ്ടു പേര്‍ക്കുവേണ്ടി അന്വേഷണം നടക്കുന്നു. രാഹുല്‍ബാബു, അനന്തു അരവിന്ദ്, കണ്ണന്‍ എന്നിവരാണ് പിടിയിലായത്. മറ്റു നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പ്രതികള്‍ക്ക് നഗരത്തിലെ ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ആക്രമണത്തില്‍ കൈതവന തലയിരിപ്പില്‍ ചന്ദ്രശേഖരന്‍െറ മകന്‍ ഹരികൃഷ്ണന്‍, കോലത്തേ് ചന്ദ്രശേഖരന്‍െറ മകന്‍ അനന്തു, സതീശന്‍െറ മകന്‍ അപ്പു എന്നു വിളിക്കുന്ന സുരാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഹരികൃഷ്ണന്‍െറ തലക്കും കൈക്കും പരിക്കുണ്ട്. അനന്തുവിനും തലക്കാണ് പരിക്ക്. വടിവാള്‍, കമ്പിവടി എന്നിവയൊക്കെ ഉപയോഗിച്ചാണ് ബൈക്കില്‍ എത്തിയ സംഘം പട്ടാപ്പകല്‍ ആക്രമണം നടത്തി നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വാടിയില്‍ വീട്ടില്‍ വിഷ്ണുവിനെ അന്വേഷിച്ചാണ് സംഘം എത്തിയത്. വിഷ്ണുവിനെ കിട്ടാതെവന്നതോടെ മറ്റുള്ളവരെ ആക്രമിക്കുകയായിരുന്നു. തലയിരിപ്പില്‍ വേണുക്കുട്ടന്‍, ചന്ദ്രശേഖരന്‍, കോലോത്ത് ഉദയന്‍ എന്നിവരുടെ വീടുകളാണ് ആക്രമിച്ചത്. ചന്ദ്രശേഖരന്‍െറ മകനാണ് വിഷ്ണു. വിഷ്ണുവിന്‍െറ എയ്സ് വണ്ടിയുടെ ചില്ലുകളും അക്രമികള്‍ അടിച്ചുതകര്‍ത്തു. അനന്തുവിന്‍െറ പിതൃസഹോദരി ശശികലയെയും കോലോത്ത് ഉദയനെയും കഴുത്തില്‍ കത്തിവെച്ച് സംഘം ഭീഷണിപ്പെടുത്തി. നാലുബൈക്കുകളിലായാണ് അക്രമികള്‍ എത്തിയത്. പരിക്കേറ്റവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളെ പള്ളാത്തുരുത്തി ഭാഗത്തുനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നാലു മാസം മുമ്പ് ലഹരി ഉപയോഗത്തെച്ചൊല്ലി പ്രദേശത്ത് യുവാക്കള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു. പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. പിടിയിലായവരെ അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.