അരക്കുകീഴെ തളര്‍ന്ന കാഴ്ചപരിമിതിയുള്ള ദലിത് സ്ത്രീക്ക് പെന്‍ഷന്‍ നിഷേധിച്ചു

ചാരുംമൂട്: അരക്കുകീഴെ പൂര്‍ണമായും തളര്‍ന്ന കാഴ്ചപരിമിതിയുള്ള ദലിത് മാതാവിന് പെന്‍ഷന്‍ നിഷേധിച്ചു. പാലമേല്‍ പഞ്ചായത്ത് എരുമക്കുഴി വാര്‍ഡ് മുളമൂട്ടില്‍ ഓമനയുടെ (58) വികലാംഗ പെന്‍ഷനാണ് അധികൃതര്‍ നിര്‍ത്തലാക്കിയത്. ആധാര്‍ കാര്‍ഡ് ഇല്ലാത്തതാണ് എഴുന്നേല്‍ക്കാന്‍പോലും കഴിയാത്ത ഓമനക്ക് പെന്‍ഷന്‍ നിഷേധിക്കാന്‍ കാരണമെന്ന് പറയുന്നു. 17ാം വയസ്സില്‍ അസുഖബാധിതയായ ഓമനയുടെ അരക്കുകീഴോട്ട് പൂര്‍ണമായും തളര്‍ന്നു. എഴുന്നേറ്റുനില്‍ക്കാന്‍ കഴിയാത്ത ഇവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കുപോലും മറ്റുള്ളവരുടെ സഹായം ആവശ്യമായി വരും. കൈകള്‍ നിവര്‍ത്താനോ ചലിപ്പിക്കാനോ കഴിയില്ല. കഴിഞ്ഞ ഓണംവരെ പെന്‍ഷന്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കാതെവന്നപ്പോള്‍ പാലമേല്‍ പഞ്ചായത്തില്‍ ബന്ധുക്കള്‍ വിവരം തിരക്കിയപ്പോള്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്തതാണ് കാരണമെന്ന് അറിഞ്ഞു. കിടപ്പുരോഗികളുടെ ആധാര്‍ കാര്‍ഡ് വീട്ടില്‍ എത്തി എടുക്കണമെന്നാണ് വ്യവസ്ഥ. വിറക്കുന്ന ശരീരമായതിനാല്‍ ഓമനയുടെ ഫോട്ടോ എടുക്കാനും നിവര്‍ത്താനാവാത്ത കൈകളുടെ വിരലടയാളം എടുക്കാനും ബുദ്ധിമുട്ടാണ്. കിലോമീറ്ററുകള്‍ താണ്ടി മൂന്നുതവണ ഓമനയെ അക്ഷയ സെന്‍ററില്‍ എത്തിച്ചെങ്കിലും വിറയാര്‍ന്ന കൈകള്‍ വിരലടയാളത്തിന് പാകമായില്ല. ഓട്ടോറിക്ഷയിലാണ് പലപ്പോഴും ആധാര്‍ സെന്‍ററിലേക്ക് പോകുന്നത്. കൂലിപ്പണിക്കാരനായ ഏകമകന്‍ ശ്രീകുമാറാ ണ് ഇവരുടെ ആശ്രയം. പഞ്ചായത്ത് അനുവദിച്ച കെട്ടുറപ്പില്ലാത്ത വീട്ടില്‍ പലപ്പോഴും ഓമന ഒറ്റക്കാണ്. ജനലുകള്‍, വാതിലുകള്‍ എന്നിവ നിര്‍മിച്ചിട്ടില്ലാത്തതിനാല്‍ കാറ്റും മഴയും ഏല്‍ക്കേണ്ടിവരുന്നു. സമീപത്തെ ബന്ധുക്കളാണ് പലപ്പോഴും ഭക്ഷണം നല്‍കുന്നത്. സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന ഒരുരേഖയും ഇല്ലാത്ത ഈ കുടുംബത്തെ സഹായിക്കാന്‍ ആരും തയാറാകുന്നതുമില്ല. പെന്‍ഷന്‍ പുന$സ്ഥാപിച്ചുകിട്ടാന്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഈ നിര്‍ധന കുടുംബം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.