നാഷനല്‍ പവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് താല്‍ക്കാലിക കേന്ദ്രത്തില്‍ തുടങ്ങുന്നു

പൂച്ചാക്കല്‍: നാഷനല്‍ പവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് പള്ളിപ്പുറത്ത് താല്‍ക്കാലിക കേന്ദ്രത്തില്‍ മേയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കെ.സി. വേണുഗോപാല്‍ എം.പി അറിയിച്ചു. പട്ടാര്യസമാജം ഹൈസ്കൂളിനോട് ചേര്‍ന്ന കെട്ടിടത്തിലായിരിക്കും പള്ളിപ്പുറത്തെ പ്രധാന കാമ്പസ് പ്രവര്‍ത്തനസജ്ജമാകുന്നതുവരെ എന്‍.പി.ടി.ഐ പ്രവര്‍ത്തിക്കുക. നേരത്തേ നിര്‍മാണം ആരംഭിച്ച പള്ളിപ്പുറം കാമ്പസില്‍ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണം ഈ വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകുമെന്നും നിര്‍മാണ പുരോഗതി വിലയിരുത്താന്‍ പദ്ധതി പ്രദേശത്ത് സന്ദര്‍ശനം നടത്തിയശേഷം എം.പി അറിയിച്ചു. അടുത്ത വര്‍ഷം ജനുവരി മുതല്‍ ഇവിടെ ക്ളാസുകള്‍ ആരംഭിക്കാന്‍ കഴിയുന്ന തരത്തില്‍ നിര്‍മാണം ഊര്‍ജിതമാക്കന്‍ യോഗത്തില്‍ തീരുമാനമായി. ക്ളാസ് മുറികള്‍ ഉള്‍പ്പെട്ട അക്കാദമിക് ബില്‍ഡിങ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സുകള്‍, ഹോസ്റ്റലുകള്‍, ഓഡിറ്റോറിയം തുടങ്ങി 1.5 ലക്ഷം സ്ക്വയര്‍ ഫീറ്റ് ആകെ വിസ്തൃതിയുള്ള ആറ് കെട്ടിടങ്ങളാണ് ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാകുന്നത്. ഇപ്പോള്‍ പ്രവര്‍ത്തനമാരംഭിക്കുന്ന താല്‍ക്കാലിക കേന്ദ്രത്തില്‍ ഊര്‍ജ മേഖലയിലെ തൊഴിലധിഷ്ഠിത സര്‍ട്ടിഫിക്കറ്റ് ഡിപ്ളോമ കോഴ്സുകളാവും ആരംഭിക്കുക. റിന്യൂവബിള്‍ എനര്‍ജി, സ്മാര്‍ട്ട് ടെക്നോളജി തുടങ്ങിയ വിഷയങ്ങളില്‍ രണ്ടാഴ്ച മുതല്‍ നാലാഴ്ച വരെയുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും ഒരുവര്‍ഷത്തെ ബിരുദാനന്തര ഡിപ്ളോമ കോഴ്സുകളും ഉണ്ടാകും. പള്ളിപ്പുറത്തെ പ്രധാന കാമ്പസ് പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ എം.ബി.എ, ബി.ടെക്, ഹൈഡ്രോ തെര്‍മല്‍ വിഭാഗങ്ങളിലെ എന്‍ജിനീയറിങ് ബിരുദാനന്തര ബിരുദ ഡിപ്ളോമ കോഴ്സുകളും ആരംഭിക്കും. എം.പിക്കൊപ്പം എന്‍.പി.ടി.ഐ ഡയറക്ടര്‍ ജനറല്‍ പ്രഫ. രാജേന്ദ്രകുമാര്‍ പാണ്ഡ, ഡെപ്യൂട്ടി ഡയറക്ടര്‍ സുബ്രദ കാര്‍, പവര്‍ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ വി.കെ. ഖരെ, ഡി.ജി.എം ഗ്രേസ് മാത്യു, പഞ്ചായത്ത് പ്രസിഡന്‍റ് ഷില്‍ജ സലിം എന്നിവരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.